പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ ന്യൂഡൽഹിയിൽ ദേശീയ മാതൃകാ യുവജന ഗ്രാമസഭ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കേരളത്തിലെ കണ്ണൂർ ജവഹർ നവോദയ വിദ്യാലയത്തിന് പുരസ്കാരം.

प्रविष्टि तिथि: 28 JAN 2026 7:05PM by PIB Thiruvananthpuram

കേന്ദ്ര പഞ്ചായത്തിരാജ്  സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മാതൃകാ യുവജന ഗ്രാമസഭ (MYGS) വിജയികൾക്ക് ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, എം‌വൈ‌ജി‌എസ്  സംരംഭത്തിൽ പങ്കാളികളായ പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടെ ഏകദേശം 900 പേർ ചടങ്ങിൽ പങ്കെടുത്തു. രാജ്യവ്യാപകമായി 619 ജവഹർ നവോദയ വിദ്യാലയങ്ങളിൽ നിന്നും 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ നിന്നുമായി 28,000-ത്തിലധികം വിദ്യാർത്ഥികൾ മാതൃകാ ഗ്രാമസഭകളിലും ഗ്രാമപഞ്ചായത്ത് നടപടിക്രമങ്ങളിലും വിജയകരമായി പങ്കെടുത്തത് വ്യക്തമാക്കുന്ന ഒരു സമഗ്ര സമാഹാരവും (എം‌വൈ‌ജി‌എസിനെക്കുറിച്ചുള്ള സമാഹാരം: ഇംഗ്ലീഷ്/ഹിന്ദി) ചടങ്ങിൽ പ്രകാശനം ചെയ്തു.

ജവഹർ നവോദയ വിദ്യാലയ (JNV) വിഭാഗത്തിൽ ഹിമാചൽ പ്രദേശിലെ ജെ.എൻ.വി ഉന ഒന്നാം സ്ഥാനവും, കേരളത്തിലെ ജെ.എൻ.വി കണ്ണൂർ രണ്ടാം സ്ഥാനവും, മണിപ്പൂരിലെ ജെ.എൻ.വി ഉഖ്രുൽ-I മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ (EMRS) വിഭാഗത്തിൽ ഛത്തീസ്ഗഢിലെ ഇ.എം.ആർ.എസ് കൊസാംബുഡ ഒന്നാം സ്ഥാനവും, ഒഡീഷയിലെ ഇ.എം.ആർ.എസ് ഹിർലി രണ്ടാം സ്ഥാനവും, മധ്യപ്രദേശിലെ ഇ.എം.ആർ.എസ് ജബൽപൂർ മൂന്നാം സ്ഥാനവും നേടി. രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തിന് ഒരു കോടി രൂപയും, രണ്ടാം സ്ഥാനത്തിന് 75 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 50 ലക്ഷം രൂപയും വീതം പുരസ്കാര തുകയായി വിജയികളായ സ്കൂളുകൾക്ക് നല്കി. പങ്കാളിത്ത പഠനത്തിൽ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും പൗരവിദ്യാഭ്യാസത്തിൽ നൂതനമായ സമീപനങ്ങൾ സ്വീകരിക്കാൻ കൂടുതൽ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള പ്രോത്സാഹനം ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികൾക്ക് താഴെത്തട്ടിലെ ജനാധിപത്യത്തെ നേരിട്ട് അനുഭവിച്ച് മനസ്സിലാക്കാനുള്ള അവസരം നല്കുന്നതിലൂടെ പൗരവിദ്യാഭ്യാസത്തിൽ വലിയൊരു മാറ്റത്തിന് മാതൃകാ യുവ ഗ്രാമസഭ വഴിയൊരുക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ പറഞ്ഞു. ഈ സംരംഭം യുവ പൗരന്മാരെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളുമായി സജീവമായി  ഇടപഴകാൻ പ്രാപ്തരാക്കുമെന്നും, ഗ്രാമസ്വരാജ് എന്ന സങ്കല്പത്തെ ശക്തിപ്പെടുത്തുമെന്നും, സർക്കാർ പദ്ധതികളെക്കുറിച്ച് നേരത്തെ തന്നെ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം നേതൃത്വ ഗുണങ്ങൾ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പങ്കാളിത്ത വേദികൾ ജനാധിപത്യ മൂല്യങ്ങളെ താഴെത്തട്ടിൽ ആഴത്തിലാക്കാൻ സഹായിക്കുമെന്ന് പ്രൊഫ. ബാഗേൽ ചൂണ്ടിക്കാട്ടി. വികസിത ഭാരതത്തിൻ്റെ  ഭാവി  നേതാക്കളെന്ന നിലയിൽ വിദ്യാർത്ഥികളുടെ കഴിവിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ത്രീശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം നല്കിയ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നല്കുന്ന നാരി ശക്തി വന്ദൻ അധിനിയമം വലിയ രാഷ്ട്രീയ സ്വാധീനം ചെലുത്തുമെന്ന് എടുത്തുപറഞ്ഞു. ജൻ ധൻ അക്കൗണ്ടുകൾ, പ്രധാനമന്ത്രി ജീവൻ ബീമ സുരക്ഷാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ ക്ഷേമപദ്ധതികളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണമെന്നും, അവ പ്രയോജനപ്പെടുത്തണമെന്നും പ്രൊഫ. ബാഗേൽ ആഹ്വാനം ചെയ്തു. എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് അറിവോടെയുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും  അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തുടനീളം ഒരു ലക്ഷം യുവനേതാക്കളെ വളർത്തിയെടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമായി മാതൃകാ യുവ ഗ്രാമസഭ സംരംഭം യോജിക്കുന്നതാണെന്ന് പഞ്ചായത്തിരാജ് മന്ത്രാലയം (MoPR) സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് പറഞ്ഞു. മാതൃകാ യുവ ഗ്രാമസഭ സംരംഭം വൻ വിജയമാക്കുന്നതിൽ ആവേശത്തോടെ പങ്കുചേർന്ന എല്ലാ വിദ്യാർത്ഥികളേയും അധ്യാപരേയും അഭിനന്ദിച്ചുകൊണ്ട്, വിദ്യാർത്ഥികൾക്കിടയിൽ പ്രാദേശിക നേതൃത്വം വളർത്തിയെടുക്കുന്നതിലൂടെ താഴെത്തട്ടിലെ വെല്ലുവിളികൾ പരിഹരിക്കാനാണ് എം‌വൈ‌ജി‌എസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അനുഭവങ്ങളിലൂടെയുള്ള പഠനത്തിലൂടെ നേതൃത്വവും സമൂഹ പങ്കാളിത്തവും എം‌വൈ‌ജി‌എസ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-മായി ഇതിനുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്കൂളുകളിലെ 'ബാഗ്‌ലെസ് ഡേയ്സ്'  എന്ന സങ്കൽപ്പത്തിന് പൂരകമാകുന്നതോടൊപ്പം ക്ലാസ് മുറിയിലെ അറിവും യഥാർത്ഥ ഭരണനിർവ്വഹണവും തമ്മിലുള്ള വിടവ് നികത്താൻ ഈ സംരംഭത്തിന് സാധിക്കുമെന്നും   എടുത്തുപറഞ്ഞു.

സ്കൂളുകൾ   

 വിജയികൾ     

 സ്ഥാനം

സമ്മാനത്തുക

ജവഹർ നവോദയ വിദ്യാലയം 

 ജെ.എൻ.വി ഉന, ഹിമാചൽ പ്രദേശ്  

 ഒന്നാം സ്ഥാനം

ഒരു  കോടി രൂപ

 ജെ.എൻ.വി കണ്ണൂർ, കേരളം

രണ്ടാം സ്ഥാനം 

75 ലക്ഷം രൂപ

 ജെ.എൻ.വി ഉഖ്രുൽ-I, മണിപ്പൂർ  

മൂന്നാം സ്ഥാനം

50 ലക്ഷം രൂപ

ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ

ഇ.എം.ആർ.എസ് കൊസാംബുഡ, ഛത്തീസ്ഗഢ്  

ഒന്നാം സ്ഥാനം   

ഒരു കോടി രൂപ

 ഇ.എം.ആർ.എസ് ഹിർലി, ഒഡീഷ

രണ്ടാം സ്ഥാനം 

75 ലക്ഷം രൂപ

 ഇ.എം.ആർ.എസ് ജബൽപൂർ, മധ്യപ്രദേശ്

മൂന്നാം സ്ഥാനം

50 ലക്ഷം രൂപ

പഞ്ചായത്തിരാജ് മന്ത്രാലയം അഡീഷണൽ സെക്രട്ടറിമാരായ ശ്രീ സുശീൽ കുമാർ ലോഹാനി, ശ്രീ അലോക് പ്രേം നഗാർ, നവോദയ വിദ്യാലയ സമിതി കമ്മീഷണർ ശ്രീ രാജേഷ് ലഖാനി, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾസ് കമ്മീഷണർ ശ്രീ അജീത് കുമാർ ശ്രീവാസ്തവ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ന്യൂനപക്ഷ കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ ചന്ദ്രശേഖർ കുമാർ, യുവജന കാര്യ വകുപ്പ് സെക്രട്ടറി  ശ്രീമതി പല്ലവി ജെയിൻ ഗോവിൽ എന്നിവർ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഹിമാചൽ പ്രദേശിലെ ജെ.എൻ.വി ഉന, ഛത്തീസ്ഗഢിലെ ഇ.എം.ആർ.എസ് കൊസാംബുഡ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഗ്രാമസഭാ നടപടികൾ അങ്ങേയറ്റം യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച തത്സമയ മോക്ക് ഗ്രാമസഭകളോടെയാണ് ഏകദിന പരിപാടി ആരംഭിച്ചത്.

***


(रिलीज़ आईडी: 2219839) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Odia