ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യയുടെ വസ്ത്ര, തുണിത്തര നിർമ്മാണ മേഖലയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ വ്യാപാര ഉടമ്പടി
प्रविष्टि तिथि:
27 JAN 2026 6:25PM by PIB Thiruvananthpuram
സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾ വിജയകരമായി പര്യവസാനിച്ചതായി ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) പ്രഖ്യാപിച്ചു. ഇന്ത്യയുടെ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തങ്ങളിൽ സുപ്രധാന നാഴികക്കല്ലായി കരാർ വിലയിരുത്തപ്പെടുന്നു.ആധുനികവും നിയമാധിഷ്ഠിതവുമായ ഒരു വ്യാപാര പങ്കാളിത്തമെന്ന നിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ FTA, ലോകത്തിലെ നാലാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വിപണി സംയോജനം സാധ്യമാക്കുന്നതിനൊപ്പം, സമകാലിക ആഗോള വെല്ലുവിളികൾക്ക് ഫലപ്രദമായ മറുപടിയും നൽകുന്നു.
യുഎസ്എയ്ക്ക് പിന്നിൽ, ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് യൂറോപ്യൻ യൂണിയൻ. 2024-ൽ യൂറോപ്യൻ യൂണിയൻ്റെ ആഗോള തുണിത്തര–വസ്ത്ര ഇറക്കുമതി മൂല്യം 263.5 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. ഇത് ഇന്ത്യൻ തുണിത്തര കയറ്റുമതി സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ യൂണിയൻ വിപണിയ്ക്കുള്ള പ്രാധാന്യവും ദീർഘകാല സാധ്യതയും വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ തുണിത്തര കയറ്റുമതി സ്ഥിരവും ഭാവാത്മകവുമായ വളർച്ച കൈവരിച്ചു. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ തുണിത്തര കയറ്റുമതി മൂല്യവർദ്ധിതവും അധ്വാനം ആവശ്യമുള്ളതുമായ വിഭാഗങ്ങളിലായി വൈവിധ്യവത്ക്കരിച്ചിരിക്കുന്നു. കയറ്റുമതിയിലെ വലിയ പങ്ക് റെഡി-മെയ്ഡ് വസ്ത്രങ്ങൾ (RMG) ആണ് (ഏകദേശം 60%. കോട്ടൺ തുണിത്തരങ്ങൾ (17%), മനുഷ്യനിർമ്മിത നാരുകളും (MMF) തുണിത്തരങ്ങളും (12%) എന്നിവ തൊട്ടു പിന്നിൽവരുന്നു. കൂടാതെ, കരകൗശല ഉത്പന്നങ്ങൾ (4%), പരവതാനികൾ (4%), ചണ ഉത്പന്നങ്ങൾ (1.5%), കമ്പിളി (0.6%), കൈത്തറി (0.6%), പട്ട് (0.2%) എന്നിവയും ഇന്ത്യയുടെ കയറ്റുമതിയിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, കരകൗശല ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയുടെ തൊഴിൽ-പ്രാധാന്യമുള്ള മേഖലകളെയും എംഎസ്എംഇ-ആധാരിത സ്വഭാവത്തെയും ഇത് ശക്തമായി പിന്തുണയ്ക്കുന്നു.
നിലവിലുള്ള 12% വരെയുള്ള തീരുവകൾ നീക്കം ചെയ്ത് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും തീരുവരഹിത പ്രവേശനം ഉറപ്പാക്കുകയും, യൂറോപ്യൻ യൂണിയൻ്റെ 22.9 ലക്ഷം കോടി രൂപ (USD 263.5 ബില്യൺ) മൂല്യമുള്ള വിപുലമായ ഇറക്കുമതി വിപണി ഇന്ത്യക്ക് മുന്നിൽ തുറക്കുകയും ചെയ്യും. ആഗോള തുണിത്തര–വസ്ത്ര കയറ്റുമതിയിലെ ഇന്ത്യയുടെ 3.19 ലക്ഷം കോടി രൂപ (USD 36.7 ബില്യൺ) വിഹിതവും അതിൽ യൂറോപ്യൻ യൂണിയനിലേക്കുള്ള 62.7 ആയിരം കോടി രൂപ (USD 7.2 ബില്യൺ) വിഹിതവും വിപുലീകരിക്കുന്നതോടെ നൂൽ, കോട്ടൺ നൂൽ, മനുഷ്യനിർമ്മിത ഫൈബർ വസ്ത്രങ്ങൾ, റെഡി-മെയ്ഡ് വസ്ത്രങ്ങൾ, പുരുഷ–സ്ത്രീ വസ്ത്രങ്ങൾ, ഗാർഹിക തുണിത്തരങ്ങൾ തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ വൻതോതിലുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിലൂടെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വികസിപ്പിക്കാനും, വൻതോതിൽ തൊഴിൽ സൃഷ്ടിക്കാനും, വിശ്വസനീയവും സുസ്ഥിരവും ഉന്നത മൂല്യമുള്ള പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തിൽ ശക്തിപ്പെടുത്താനും സാധിക്കും.
ബംഗ്ലാദേശ്, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ വ്യാപാരംഗത്തെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘകാലമായി നിലനിന്നിരുന്ന തീരുവ പ്രതിസന്ധിയെ സ്വതന്ത്ര വ്യാപാര കരാർ ഫലപ്രദമായി പരിഹരിക്കുന്നു. ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും മത്സരാധിഷ്ഠിതവുമായ ഉപഭോക്തൃ വിപണികളിലൊന്നിൽ മത്സരക്ഷമത മെച്ചപ്പെടുത്തുകയും വിപണി പ്രവേശനം ഗണ്യമായി വിപുലീകരിക്കുകയും ചെയ്യുന്നതിനാൽ, തൊഴിൽ-പ്രാധാന്യമുള്ള ഉത്പന്നങ്ങൾക്ക് ഈ കരാർ ഉത്തേജനം പകരുന്നു.
ഇന്ത്യയിൽ വസ്ത്ര, തുണിത്തര നിർമ്മാണ മേഖല പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 4.5 കോടി ജനങ്ങൾക്ക് തൊഴിൽ നൽകുന്നു. യൂറോപ്യൻ യൂണിയൻ വിപണിയിലേക്കുള്ള പ്രവേശനം വിപുലമാകുന്നതോടെ തൊഴിൽ-പ്രാധാന്യമുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക ക്ലസ്റ്ററുകളിൽ ഉത്പാദനം, ശേഷി വിനിയോഗം, തൊഴിൽ സൃഷ്ടി എന്നിവ ഗണ്യമായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപം, സാങ്കേതിക കൈമാറ്റം, സുസ്ഥിരതയുമായി ബന്ധപ്പെട്ട പരിഷ്‌ക്കാരങ്ങൾ എന്നിവയ്ക്കും സ്വതന്ത്ര വ്യാപാര കര ഉത്തേജനം പകരും—വിശിഷ്യാ MMF, സാങ്കേതിക തുണിത്തരങ്ങൾ, യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ എന്നിവയിൽ—ഇത് ആഗോള മൂല്യ ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ വിശാലമായ സമന്വയത്തിന് വഴിയൊരുക്കും.
ഗൃഹോപകരണങ്ങൾ, തടികൊണ്ടുള്ള കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് വിപുലമായ വിപണി പ്രവേശനം
10.5 ശതമാനം വരെ തീരുവ കുറയ്ക്കുന്നത് ഇന്ത്യയിലെ മരം, മുള, കൈകൊണ്ട് നിർമ്മിച്ച ഫർണിച്ചറുകളുടെ മത്സരശേഷി ഗണ്യമായി വർദ്ധിപ്പിച്ച് മെച്ചപ്പെട്ട വിപണി പ്രവേശനം ഉറപ്പാക്കുന്നു. ഉയർന്ന മൂല്യമുള്ളതും രൂപകൽപനാധിഷ്ഠിതവുമായ വിഭാഗങ്ങളിലെ വളർച്ചയ്ക്ക് സ്വതന്ത്ര വ്യാപാര കരാർ പിന്തുണ നൽകുകയും, ആഗോള ഫർണിച്ചർ വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും.
ജില്ലാതല, ക്ലസ്റ്റർ സ്വാധീനം-- വിശാലമായ പങ്കാളിത്തവും പ്രാദേശിക പ്രാതിനിധ്യവും പ്രതിഫലിപ്പിക്കുന്നു.
വിശാലവും ഭൂമിശാസ്ത്രപരമായി വൈവിധ്യമാർന്നതുമായ ഉത്പാദന അടിത്തറയിൽ നിന്നാണ് യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ തുണിത്തര കയറ്റുമതി ഉത്ഭവിക്കുന്നത്; രാജ്യത്തുടനീളമുള്ള 342 ജില്ലകൾ തുണിത്തരങ്ങളും വസ്ത്ര ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു, ഇത് വിപുലമായ പങ്കാളിത്തവും ശക്തമായ പ്രാദേശിക പ്രാതിനിധ്യവും പ്രതിഫലിപ്പിക്കുന്നു. വിപണി പ്രവേശനം വർദ്ധിപ്പിക്കുകയും മത്സരശേഷി മെച്ചപ്പെടുത്തുകയും ക്ലസ്റ്ററുകളിലുടനീളം തൊഴിൽ സൃഷ്ടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ, ഇന്ത്യ–യൂറോപ്യൻ യൂണിയൻ FTA ടെക്സ്റ്റൈൽ മേഖലയിലെ സമ്പൂർണ്ണ ആവാസവ്യവസ്ഥയെയും ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ തുണിത്തര കയറ്റുമതി ശക്തമായ ക്ലസ്റ്റർ അധിഷ്ഠിത ആവാസവ്യവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. തിരുപ്പൂർ, ബെംഗളൂരു, ഗുരുഗ്രാം–ഫരീദാബാദ് എന്നീ കേന്ദ്രങ്ങൾ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കേന്ദ്രങ്ങളായി നിലകൊള്ളുന്നു, വൻ തോതിലുള്ള തൊഴിലവസരങ്ങൾ—പ്രത്യേകിച്ച് വനിതകൾക്കായി —ഇവ വഴി സൃഷ്ടിക്കുന്നു. കരൂർ, പാനിപ്പത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പരുത്തി തുണിത്തരങ്ങളും ഹോം ടെക്സ്റ്റൈൽ ഉത്പന്നങ്ങളും കേന്ദ്രീകരിച്ചിരിക്കുമ്പോൾ, സൂറത്ത്, ദാദ്ര-നാഗർ ഹവേലി, മുംബൈ എന്നിവ MMF ൻ്റെയും സിന്തറ്റിക് തുണിത്തരങ്ങളുടെയും കേന്ദ്രങ്ങളാണ്. ഇത് മിശ്രിത, മനുഷ്യനിർമ്മിത നൂലുകൾ കൊണ്ടുള്ള ഉത്പന്നങ്ങളിലെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു.. മൊറാദാബാദ്, ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ; കാഞ്ചീപുരം, കരൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള കൈത്തറി; ഭാദോഹി, മിർസാപൂർ, വാരണാസി എന്നിവിടങ്ങളിൽ നിന്നുള്ള പരവതാനികൾ; ഹൗറ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ നിന്നുള്ള ചണ ഉത്പന്നങ്ങൾ; ബെംഗളൂരു, മൈസൂരു, ഭഗൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള പട്ട്, കമ്പിളി തുണിത്തരങ്ങൾ എന്നിവ പരമ്പരാഗതവും മൂല്യവർദ്ധിതവുമായ വിഭാഗങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു
തീരുവ ഉദാരീകരണത്തിൻ്റെ ഗുണഫലങ്ങൾ
തീരുവ കുറയ്ക്കുന്നതിലുപരിയായി, നിയന്ത്രണത്തിലെ ശക്തമായ സഹകരണം, മെച്ചപ്പെട്ട കസ്റ്റംസ് അനുവർത്തനം, വർദ്ധിച്ച സുതാര്യത, പ്രവചനക്ഷമമായ വ്യാപാര നിയമങ്ങൾ എന്നിവയിലൂടെ തീരുവ ഇതര തടസ്സങ്ങളെയും സമഗ്രമായി പരിഹരിക്കുന്ന നടപടികളാണ് ഇന്ത്യ–ഇയു FTA ഉൾക്കൊള്ളുന്നത്.
ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറും UK യുമായുള്ള ഇന്ത്യയുടെ FTA യും EFTA യും സമന്വയിക്കുന്നതോടെ ഇന്ത്യൻ ബിസിനസുകൾ, കയറ്റുമതിക്കാർ, സംരംഭകർ എന്നിവർക്കായി യൂറോപ്യൻ വിപണി പൂർണതോതിൽ തുറക്കുന്നു. യൂറോപ്യൻ യൂണിയനുമായുള്ള FTA ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻ്റെ കയറ്റുമതി വൈവിധ്യവൽക്കരണ ഉദ്യമങ്ങളെ പൂർവ്വാധികം ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ “വികസിത് ഭാരത് 2047” ദർശനത്തിന് അനുപൂരകമായാണ് ഇന്ത്യ–യൂറോപ്യൻ യൂണിയൻ FTA പ്രവർത്തിക്കുന്നത്. ഇത് സമാന മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ഇന്ത്യയെ മത്സരാധിഷ്ഠിതവും വിശ്വസനീയവുമായ ആഗോള ടെക്സ്റ്റൈൽ, വസ്ത്ര കേന്ദ്രമായി ഉയർത്തുകയും ചെയ്യും. ഇന്ത്യയെയും യൂറോപ്യൻ രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എല്ലാവരെയും ഉൾക്കൊള്ളുന്നതും, പ്രതിരോധശേഷിയുള്ളതും ഭാവിസജ്ജവുമായ വളർച്ചയ്ക്ക് സുസ്ഥിര അടിത്തറ പാകുന്ന ഒരു ഉടമ്പടിയാണ്.
***
(रिलीज़ आईडी: 2219399)
आगंतुक पटल : 6