രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ജമ്മു കശ്മീരിലെ ചടർഗല ചുരത്തില്‍ രക്ഷാപ്രവർത്തനവും റോഡ് പുനരുദ്ധാരണവും വിജയകരമായി പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍

प्रविष्टि तिथि: 26 JAN 2026 10:03PM by PIB Thiruvananthpuram
ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തെ ജമ്മു മേഖലയില്‍ ഭദർവ–ചടർഗല പാതയിൽ 10,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചടർഗല ചുരത്തില്‍ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനവും പാതയുടെ പുനരുദ്ധാരണവും വിജയകരമായി പൂര്‍ത്തിയാക്കി. 2026 ജനുവരി 23-നുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തടസ്സപ്പെട്ട പാതയിൽ 'സമ്പർക്ക് പദ്ധതി’യ്ക്ക് കീഴിലായിരുന്നു ബി.ആർ.ഒ-യുടെ ദൗത്യം.  

ബോർഡർ റോഡ്‌സ് ദൗത്യസേന 35-ന് കീഴിലെ 118-ാം റോഡ് നിര്‍മാണ കമ്പനി  2026 ജനുവരി 24-ന് രാവിലെ മഞ്ഞ് നീക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.  അഞ്ചു മുതൽ ആറ് അടി വരെ ഉയരത്തിൽ മഞ്ഞു മൂടിക്കിടന്ന ഏകദേശം 38 കിലോമീറ്റർ പാത ഏതാണ്ട് 40 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വീണ്ടെടുത്തത്.  2026 ജനുവരി 25 വൈകിട്ട് പാത തുറന്നുകൊടുത്തതോടെ  കുടുങ്ങിക്കിടന്ന 20 സിവിലിയന്മാരെയും 4-ാം രാഷ്ട്രീയ റൈഫിൾസിലെ 40 സൈനികരെയും  ആയുധങ്ങളും സാമഗ്രികളും സഹിതം സുരക്ഷിതമായി പുറത്തെത്തിക്കാനായി.  

2026 ജനുവരി 26-ന് പുലർച്ചെ 2:30-ഓടെ അപകടങ്ങളോ ജീവഹാനിയോ ഇല്ലാതെ ദൗത്യം പൂർത്തീകരിക്കാന്‍ സാധിച്ചത് വെല്ലുവിളികൾ നിറഞ്ഞ ഉയർന്ന പ്രദേശങ്ങളിലും കഠിനമായ കാലാവസ്ഥയിലും ബി.ആർ.ഒ ഉദ്യോഗസ്ഥർ പുലർത്തുന്ന വൈദഗ്ധ്യത്തെയും അർപ്പണബോധത്തെയും അടിവരയിടുന്നു. ഇന്ത്യൻ സൈന്യവുമായി  ഏകോപിച്ചാണ് രക്ഷാദൗത്യം നടത്തിയത്.  മേഖലയിലെ വാർത്താവിനിമയ ബന്ധങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ ഇത് വഴിയൊരുക്കി.  

രാജ്യത്തെ ഏറ്റവും ദുർഘട പ്രദേശങ്ങളിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും  മാനുഷിക സഹായം നൽകാനും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ  എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. 'ശ്രമേണ സർവം സാധ്യം' എന്ന  ആപ്തവാക്യം  ഈ ദൗത്യത്തിലൂടെ ബി.ആര്‍.ഒ  ആവര്‍ത്തിച്ചുറപ്പിക്കുന്നു. 
 
 
 
***

(रिलीज़ आईडी: 2219005) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी