ഉപരാഷ്ട്രപതിയുടെ കാര്യാലയം
കട്ടക്കിൽ നടന്ന പരാക്രം ദിവസ് ആഘോഷങ്ങളിൽ നേതാജിയുടെ കാഴ്ചപ്പാടിനെയും പരാക്രമ വീര്യത്തെയും പ്രകീർത്തിച്ച് ഉപരാഷ്ട്രപതി
प्रविष्टि तिथि:
23 JAN 2026 4:09PM by PIB Thiruvananthpuram
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ 129-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒഡീഷയിലെ കട്ടക്കിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മസ്ഥല മ്യൂസിയത്തിൽ നടന്ന പരാക്രം ദിവസ് ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു.
ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി, നേതാജിയെ രാജ്യത്തിൻ്റെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. നേതാജിയുടെ ജന്മസ്ഥലം സന്ദർശിക്കുന്നത് അങ്ങേയറ്റം സംതൃപ്തി നൽകുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. നേതാജി രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലർത്തുകയും ചെയ്തിരുന്നു. കരുത്തുറ്റതും ശക്തവും ദാരിദ്ര്യമുക്തവുമായ ഒരു രാജ്യമാണ് അദ്ദേഹം വിഭാവനം ചെയ്തതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രയാണ ഗീതമായ "കദം കദം ബധായേ ജാ" എന്ന വരികൾ അനുസ്മരിച്ചുകൊണ്ട്, ശക്തവും സ്വയംപര്യാപ്തവുമായ രാജ്യത്തെക്കുറിച്ചുള്ള നേതാജിയുടെ ദർശനം ഇന്നും പ്രചോദനം നൽകുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നേതാജിയുടെ ധീരത, ഐക്യം, മാതൃഭൂമിയോടുള്ള പരമമായ സമർപ്പണം എന്നീ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'വികസിത ഭാരതം @2047' എന്ന ലക്ഷ്യത്തിലേക്ക് ഒത്തൊരുമിച്ച് നീങ്ങാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ചരിത്രവും ആത്മീയതയും സംസ്കാരവും ഒത്തുചേരുന്ന ഒഡീഷയ്ക്ക് ഇന്ത്യയുടെ നാഗരിക യാത്രയിൽ സവിശേഷമായ സ്ഥാനമുണ്ടെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ഗോത്രവർഗ വികസനം, ഗോത്ര വിഭാഗങ്ങളുടെ ജീവിതനിലവാരം എന്നിവ ഉയർത്തുന്നതിനുള്ള പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഒഡീഷ സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സദ്ഭരണത്തിലൂടെ ഒഡീഷ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പുരാതന കാലം മുതൽ സ്വാതന്ത്ര്യസമരം വരെ നീളുന്ന ഒഡീഷയുടെ ചെറുത്തുനിൽപ്പിൻ്റെ സമ്പന്നമായ പാരമ്പര്യം നേതാജിയുടെ വിപ്ലവ പാതയിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അധിനിവേശങ്ങളെ പ്രതിരോധിക്കുകയും വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്ത ഈ നാട്, സ്വതന്ത്രയാകുന്നത് കീഴടങ്ങലിലൂടെയല്ല, മറിച്ച് ധൈര്യത്തിലൂടെയും ഐക്യത്തിലൂടെയുമാണെന്ന നേതാജിയുടെ സന്ദേശം ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റെക്കോർഡ് ചെയ്ത സന്ദേശം സംപ്രേഷണം ചെയ്തു. 2021 മുതൽ നേതാജിയുടെ ജന്മദിനം 'പരാക്രം ദിവസ്' ആയി ആചരിക്കുകയും റോസ് ഐലൻഡിന് 'നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്' എന്ന് പേര് നൽകുകയും ചെയ്തതിലൂടെ പ്രധാനമന്ത്രി, നേതാജിക്ക് അർഹമായ ആദരവ് നൽകിയതായി ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വവും ഭയരഹിതമായ കാഴ്ചപ്പാടും ദേശീയ സുരക്ഷയോടും സ്വയംപര്യാപ്തതയോടുമുള്ള പ്രതിബദ്ധതയും 'പരാക്രമ' വീര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാക്രം ദിവസ് നേതാജിയുടെ ധീരതയെ സ്മരിക്കാനുള്ള അവസരം മാത്രമല്ല, രാജ്യസേവനത്തിനായി പ്രവർത്തിക്കാനുള്ള ഓരോ ഇന്ത്യക്കാരനുമുള്ള ആഹ്വാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നിൽ ആദ്യമായി രാജ്യസ്നേഹം ജ്വലിപ്പിച്ചതും പൊതുസേവനത്തിന് പ്രചോദിപ്പിച്ചതും നേതാജിയുടെ ജീവിതകഥയാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഐ.എൻ.എ തപാൽ സ്റ്റാമ്പ് ഗാലറി, സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് പ്രദർശനം, നേതാജി സംസ്‌കൃതി ഭവൻ എന്നിവ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ നേതാജിയെ ഉചിതമായ രീതിയിൽ ആദരിക്കുന്ന ഒഡീഷ സർക്കാരിൻ്റെ നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ഈ മ്യൂസിയങ്ങളും പ്രദർശനങ്ങളും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാളികൾ അനുഭവിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കാൻ യുവതലമുറയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി മായധർ മല്ലിക്, വിംഗ് കമാൻഡർ ബി. എസ്. സിംഗ് ദേവ് (റിട്ട.) എന്നിവരെയും ഐ.എൻ.എ സേനാനികളുടെ കുടുംബാംഗങ്ങളെയും ഉപരാഷ്ട്രപതി ആദരിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെയും ധീര സൈനികരുടെയും ധീരതയ്ക്കും ത്യാഗത്തിനും മുന്നിൽ രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മസ്ഥല മ്യൂസിയത്തിൻ്റെ പ്രത്യേക കവറും ചടങ്ങിൽ പ്രകാശനം ചെയ്തു.
****
(रिलीज़ आईडी: 2217761)
आगंतुक पटल : 7