സാംസ്‌കാരിക മന്ത്രാലയം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം 'പരാക്രം ദിവസ് - 2026' സംഘടിപ്പിക്കുന്നു
प्रविष्टि तिथि:
22 JAN 2026 7:42PM by PIB Thiruvananthpuram
കേന്ദ്ര സാംസ്കാരിക മന്ത്രാലയം 2026 ജനുവരി 23 മുതൽ 25 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയപുരത്ത് 'പരാക്രം ദിവസ് - 2026' സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും പൈതൃകവുമായി ബന്ധപ്പെട്ട രാജ്യത്തുടനീളമുള്ള മറ്റ് 13 പ്രധാന സ്ഥലങ്ങളിലും ഇതോടൊപ്പം ആഘോഷ പരിപാടികൾ നടത്തും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതാജി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും അദ്ദേഹത്തിന്റെ ധീരത, ത്യാഗം, ദേശസ്നേഹം എന്നിവയുടെ അനശ്വര പൈതൃകത്തെയും ആദരിക്കുക എന്നതാണ് ഈ ആഘോഷ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത് .
2026 ജനുവരി 23ന് ശ്രീ വിജയപുരത്തെ നേതാജി സ്റ്റേഡിയത്തിൽ പ്രധാന ചടങ്ങ് നടക്കും. അവിടെ ആൻഡമാൻ നിക്കോബാർ ദ്വീപ് ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ. ജോഷി, പിവിഎസ്എം, എവിഎസ്എം, വൈഎസ്എം, എൻഎം, വിഎസ്എം (റിട്ട.), മുഖ്യാതിഥിയായി പങ്കെടുക്കും. പരാക്രം ദിവസ് - 2026മായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സന്ദേശം ഉദ്ഘാടന ചടങ്ങിൽ പ്രക്ഷേപണം ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായി ഗംഭീരമായ ഡ്രോൺ ഷോ, പ്രമുഖ കലാകാരന്മാരായ ഉസ്താദ് അംജദ് അലി ഖാൻ, ശ്രീ പാപോൺ, ശ്രീ അമാൻ അലി ബംഗാഷ്, ശ്രീ അയാൻ അലി ബംഗാഷ്, ശ്രീമതി മാംഗ്ലി, ശ്രീ രഘു ദീക്ഷിത്, ശ്രീമതി പ്രതിഭ സിംഗ് ബാഗേൽ, ശ്രീസൗരേന്ദ്രോ-സൗമ്യോജിത് തുടങ്ങിയവർ അണിനിരക്കുന്ന സാംസ്കാരിക പരിപാടിയും ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ സ്കൂൾ കുട്ടികളുടെ ഉജ്ജ്വലമായ പ്രകടനങ്ങളും ഉണ്ടായിരിക്കും.
കൂടാതെ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ചുള്ള പ്രത്യേക പ്രദർശനം ഐടിഎഫ് ഗ്രൗണ്ടിൽ നടക്കും. നേതാജിയുടെ അപൂർവ ദൃശ്യങ്ങൾ, ചരിത്ര വിവരണങ്ങൾ, അദ്ദേഹത്തിന്റെ ജീവിത യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ എന്നിവ ഇതിൽ പ്രദർശിപ്പിക്കും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാടോടി കലാകാരന്മാരുടെ കലാപ്രകടനങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.
ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ തനതായ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്ന വിധത്തിൽ, ഗോത്ര കലാകാരന്മാർ നിർമിക്കുന്ന പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിപുലമായ പ്രദർശനം വീക്ഷിക്കാനും ദ്വീപിന്റെ തനത് രുചി വൈവിധ്യം അനുഭവിച്ചറിയാനും സന്ദർശകർക്ക് അവസരം ലഭിക്കും.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിനും ആദർശങ്ങൾക്കും കലാപരമായ ആദരമർപ്പിച്ചുകൊണ്ട് 2026 ജനുവരി 24 ന് സാംസ്കാരിക പരിപാടിയുടെ ഭാഗമായി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി) അവതരിപ്പിക്കുന്ന ഒരു നാടകവും ആസൂത്രണം ചെയ്തിട്ടുണ്ട്.
'പരാക്രം ദിവസ് - 2026' ലൂടെ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പൊതു പൈതൃകവും ആഘോഷിക്കുന്നതിനൊപ്പം, നേതാജിയുടെ ധൈര്യം, ഐക്യം, രാഷ്ട്രത്തിനായുള്ള നിസ്വാർത്ഥ സേവനം എന്നിവയുടെ ആദർശങ്ങളെ അനുസ്മരിച്ചുകൊണ്ട് പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കാനാണ് സാംസ്കാരിക മന്ത്രാലയം ഈ പരിപാടികളിലൂടെ ശ്രമിക്കുന്നത്.
*****
(रिलीज़ आईडी: 2217566)
आगंतुक पटल : 6