പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഊർജ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ ഇന്ത്യ ആഗോള ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

प्रविष्टि तिथि: 21 JAN 2026 8:12PM by PIB Thiruvananthpuram

സുസ്ഥിരവും താങ്ങാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആഗോള ഊർജ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ ഇന്ത്യയുടെ പങ്ക് അടിവരയിട്ട് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ന് ദാവോസില്‍ ചേര്‍ന്ന 2026-ലെ ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തില്‍  ഉന്നതതല ചർച്ച നടത്തി.

കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനൊപ്പം ലോക സാമ്പത്തിക ഫോറം പ്രസിഡന്റും സിഇഒയുമായ ബോർഗെ ബ്രെൻഡെയുമായി ശ്രീ പ്രൾഹാദ് ജോഷി ക്രിയാത്മക കൂടിക്കാഴ്ച  നടത്തി. പൊതു സാമ്പത്തിക-വികസന വെല്ലുവിളികൾ നേരിടുന്നതിൽ ആഗോള സഹകരണത്തിന്റെ പ്രാധാന്യം, ആഗോള സമവായം രൂപീകരിക്കുന്നതിൽ ലോക സാമ്പത്തിക ഫോറം പോലുള്ള ബഹുതല വേദികളുടെ പങ്ക്, ഊർജ-വികസന മേഖലകളിലുൾപ്പെടെ സുസ്ഥിരവും പ്രതിരോധാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കാന്‍ സർക്കാര്‍  സംവിധാനങ്ങളും വ്യാവസായിക മേഖലയും വിവിധ പങ്കാളികളും തമ്മിലെ ആശയവിനിമയം നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.  

 

വികേന്ദ്രീകൃത പുനരുപയോഗ ഊർജത്തിലെ ഇന്ത്യയുടെ അനുഭവം ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളുമായി പങ്കുവെച്ചു

ലോക സാമ്പത്തിക ഫോറത്തിലെ വട്ടമേശ ചർച്ചയിൽ പുരപ്പുറ സൗരോര്‍ജം, കാർഷിക-വികേന്ദ്രീകൃത പുനരുപയോഗ ഊർജ പരിഹാരങ്ങൾ എന്നിവ അതിവേഗം വിപുലീകരിച്ചതിലെ രാജ്യത്തിന്റെ അനുഭവങ്ങൾ ശ്രീ പ്രൾഹാദ് ജോഷി പങ്കുവെച്ചു.  ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളെ സംബന്ധിച്ച് ഏറെ പ്രസക്തമാണിത്.  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സിംബാബ്‌വെ വിദേശകാര്യ-അന്താരാഷ്ട്ര വ്യാപാര മന്ത്രി അമോൺ മുർവിറ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടനുസരിച്ച് മുന്നേറുന്ന ഇന്ത്യയുടെ സംശുദ്ധ ഊര്‍ജ പരിവർത്തനമേഖല, അതിവേഗ വളർച്ചയും മിതമായ നിരക്കും സുസ്ഥിരതയും ഒരുമിച്ച് കൊണ്ടുപോകാനാവുമെന്ന്  തെളിയിക്കുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പുരപ്പുറ സൗരോര്‍ജ ദൗത്യമായ 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന', സൗരോർജ കൃഷിയ്ക്കായി നടപ്പാക്കുന്ന 'പിഎം-കുസും' എന്നീ സുപ്രധാന പദ്ധതികളിലൂടെ വീടുകൾക്കും കർഷകർക്കും കുറഞ്ഞ ചെലവിൽ ഹരിതോർജം  ലഭ്യമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

 

 

വിദൂര മേഖലകളിലും ഗ്രിഡ് സൗകര്യം കുറവായ ഇടങ്ങളിലും വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിൽ വികേന്ദ്രീകൃത പുനരുപയോഗ ഊർജ സംവിധാനങ്ങളും ചെറുകിട-ഗ്രിഡുകളും വഹിക്കുന്ന പങ്കിനെ അദ്ദേഹം അടിവരയിട്ടു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിതോർജ പദ്ധതികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രശംസിച്ചു. കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷിയുടെ മാർഗനിർദേശത്തിൽ പുനരുപയോഗ ഊർജ രംഗത്തുണ്ടായ നേട്ടങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു.

 

എല്ലാവരെയും ഉൾക്കൊള്ളുന്ന ഊർജ പരിവർത്തനത്തോട്  ഇന്ത്യ കൈക്കൊള്ളുന്ന പ്രതിബദ്ധതയും ദക്ഷിണ രാജ്യങ്ങൾ തമ്മിലെ  സഹകരണവും ആവർത്തിച്ച കേന്ദ്രമന്ത്രി അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം പോലുള്ള വേദികളിലൂടെ ഇന്ത്യ പ്രായോഗിക പരിഹാരങ്ങൾ പങ്കുവെയ്ക്കുന്നത് തുടരുമെന്ന്  വ്യക്തമാക്കി.

 

ഇന്നത്തെ ആഗോള ഊർജ പരിവർത്തനത്തിലെ പ്രധാന വെല്ലുവിളി ലക്ഷ്യങ്ങളോ മൂലധനമോ അല്ലെന്നും മറിച്ച് പദ്ധതികളുടെ  ഫലപ്രദമായ നിര്‍വഹണമാണെന്നും   അദ്ദേഹം അഭിപ്രായപ്പെട്ടു. പുനരുപയോഗ ഊർജ രംഗത്ത്  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൈവരിച്ച വിജയഗാഥകൾ ലോകത്തിന്  മൂല്യവത്തായ പാഠങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

 

സംശുദ്ധോര്‍ജ  സഹകരണം

ലോക സാമ്പത്തിക ഫോറം 2026-ന്റെ ഭാഗമായി മെർക്കുറിയ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഓഫീസർ ഗില്ലൂം വെർമെർഷുമായി ശ്രീ പ്രൾഹാദ് ജോഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സംശുദ്ധ ഊര്‍ജ മുൻഗണനകൾക്കനുസൃതമായി വിപണി അധിഷ്ഠിത സംവിധാനങ്ങളിലൂടെ പുനരുപയോഗ ഊർജത്തിന്റെ വിപുലീകരണം, കാർബൺ മാർക്കറ്റുകളും കാലാവസ്ഥാ നിക്ഷേപങ്ങളും ശക്തിപ്പെടുത്തല്‍, ഹരിത ഹൈഡ്രജനും ജൈവ ഇന്ധനങ്ങളും ഊർജ സംഭരണവും  പ്രോത്സാഹിപ്പിക്കല്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചർച്ചയായി.  നിക്ഷേപത്തിന്റെ പകുതിയോളം ഹരിതോർജത്തിനായി മാറ്റിവെയ്ക്കാന്‍ മെർക്കുറിയ ഗ്രൂപ്പ് കൈക്കൊണ്ട തീരുമാനത്തെയും ഇന്ത്യയിലെ വളര്‍ന്നുവരുന്ന സംശുദ്ധ ഊര്‍ജരംഗത്തെ  അവരുടെ താല്പര്യത്തെയും മന്ത്രി സ്വാഗതം ചെയ്തു.

ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിന്റെ ഭാഗമായി ജനുവരി 20-ന് കോൺഗ്രസ് സെന്ററിൽ  'ഇന്ത്യയെക്കുറിച്ചുള്ള രാജ്യതന്ത്ര സംവാദം'  കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി അവതരിപ്പിച്ചു. കേന്ദ്ര റെയിൽവേ വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡു  എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം.  

 

രാജ്യത്ത് സൗരോർജ നിരക്ക് 80 ശതമാനത്തോളം കുറഞ്ഞതായും ഹരിത ഹൈഡ്രജൻ-അമോണിയ നിരക്കുകൾ ആഗോളതലത്തിൽ  ഏറ്റവും കുറവ് ഇന്ത്യയിലാണെന്നും  പദ്ധതിനിര്‍വഹണത്തിലെ  വേഗവും കാര്യക്ഷമതയും സംബന്ധിച്ച്  സംസാരിച്ച കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര പുനരുപയോഗ ഊർജോല്പാദന ശേഷി 144 ജിഗാവാട്ടായി  ഉയര്‍ന്നതായും  2047-ലെ വികസിത ഭാരത ലക്ഷ്യത്തിലേക്ക്  മികച്ച ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

ഊർജരംഗത്തെ ആഗോള എഐ ദൗത്യത്തിന് പ്രതിബദ്ധത ആവര്‍ത്തിച്ച് ഇന്ത്യ

ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിലെ “പ്രവര്‍ത്തനാഹ്വാനം: ഊർജരംഗത്തെ ആഗോള എഐ ദൗത്യത്തിലെ ശ്രദ്ധാകേന്ദ്രം”  എന്ന സെഷനിൽ ശ്രീ പ്രൾഹാദ് ജോഷി മുഖ്യപ്രഭാഷണം നടത്തി.  ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളടക്കം ആഗോള സമൂഹത്തെ സംബന്ധിച്ച് ഇന്ത്യയുടെ ഊർജ പരിവർത്തന യാത്രയുടെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

ഊർജരംഗത്ത്  നിര്‍മിതബുദ്ധിയിലൂടെ  കൊണ്ടുവരാവുന്ന  വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ശ്രീ ജോഷി വിശദീകരിച്ചു.  ഊർജ ലഭ്യത മുൻകൂട്ടി പ്രവചിക്കാനും ഊർജ നഷ്ടം കുറയ്ക്കാനും  ചെലവ് ലഘൂകരിക്കാനും ഗ്രിഡിന്റെ വിശ്വാസ്യത വർധിപ്പിക്കാനും എഐ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഇടപെടലുകളിൽ നിന്ന് മാറി  ഊർജ മേഖലയ്ക്കായി വികസിപ്പിച്ച ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിലൂടെ പ്ലാറ്റ്‌ഫോം അധിഷ്ഠിത പദ്ധതി നിര്‍വഹണത്തിലേക്ക്  രാജ്യം മാറിയതായി അദ്ദേഹം പറഞ്ഞു.   നിര്‍മിതബുദ്ധി അധിഷ്ഠിത പരിഹാരങ്ങൾ വൻതോതില്‍ വ്യവസ്ഥാപിതമായി  നടപ്പാക്കാന്‍ ഇത് സഹായിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.  

SKY

***


(रिलीज़ आईडी: 2217213) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Kannada