ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

പ്രാദേശിക ഭാഷകളിൽ സംവദിക്കുന്ന ബഹുഭാഷാ സുജൽ ഗ്രാം സംവാദ് പരിപാടിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ച് കുടിവെള്ള-ശുചിത്വ വകുപ്പ്

പങ്കെടുത്തത് എട്ട് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ എട്ട് ഗ്രാമപഞ്ചായത്ത് ആസ്ഥാനമായുള്ള ഗ്രാമങ്ങൾ

प्रविष्टि तिथि: 21 JAN 2026 6:06PM by PIB Thiruvananthpuram

ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള-ശുചിത്വ വകുപ്പ് (ഡി.ഡി.ഡബ്ല്യു.എസ്), 'സുജൽ ഗ്രാം സംവാദ്' പരിപാടിയുടെ മൂന്നാം പതിപ്പ് ഇന്ന് വിജയകരമായി സംഘടിപ്പിച്ചു. പങ്കാളിത്ത ജല ഭരണ സംവിധാനത്തോടും ജൽ ജീവൻ ദൗത്യത്തിൻ്റെ സാമൂഹ്യാധിഷ്ഠിത നടത്തിപ്പിനോടുമുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധത ഈ പരിപാടിയിലൂടെ ഊട്ടിയുറപ്പിച്ചു.



ഈ വെർച്വൽ സംവാദത്തിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമ ജല-ശുചിത്വ സമിതി അംഗങ്ങൾ, പ്രാദേശിക പങ്കാളികൾ, വനിതാ സ്വയം സഹായ സംഘങ്ങൾ, വിദ്യാർത്ഥികൾ, മുൻനിര പ്രവർത്തകർ എന്നിവർക്കൊപ്പം ജൽ ജീവൻ ദൗത്യത്തിൻ്റെ സംസ്ഥാന മിഷൻ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ/ജില്ലാ മജിസ്‌ട്രേറ്റുമാർ/ഡെപ്യൂട്ടി കമ്മീഷണർമാർ, ഡി.ഡബ്ല്യു.എസ്.എം ഉദ്യോഗസ്ഥർ, സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു.

 

സുജൽ ഗ്രാം സംവാദ് പരിപാടിയുടെ മൂന്നാം പതിപ്പിൽ എട്ട് ഗ്രാമപഞ്ചായത്ത് ആസ്ഥാനമായുള്ള ഗ്രാമങ്ങളിലായി ഗ്രാമതലത്തിലുള്ള സംവാദങ്ങൾ നടന്നു. ഏകദേശം 3,000-ത്തിലധികം പേർ ഈ സംരംഭത്തിൽ പങ്കെടുത്തത് പ്രാദേശിക ജനവിഭാഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും ശക്തമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിനുപുറമെ, ഗ്രാമപഞ്ചായത്ത് തലത്തിൽ സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, പ്രായമായവർ എന്നിവരുൾപ്പെടെ വൻതോതിലുള്ള ജനപങ്കാളിത്തം ഉണ്ടായതിനാൽ, ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത കണക്കുകൾക്കും അപ്പുറമായിരുന്നു യഥാർത്ഥ ജനപങ്കാളിത്തം.

ഗ്രാമതലത്തിലുള്ള കുടിവെള്ള ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് നിർണ്ണായകമായ മൂന്ന് പ്രധാന മേഖലകളെക്കുറിച്ച് ഡി.ഡി.ഡബ്ല്യു.എസ് സെക്രട്ടറി ശ്രീ അശോക് കെ.കെ. മീന തൻ്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.



73-ാം ഭരണഘടനാ ഭേദഗതി പ്രകാരം കുടിവെള്ള വിതരണം ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്. എല്ലാ വീടുകളിലേക്കും സ്ഥിരവും വിശ്വാസയോഗ്യവുമായ ജലവിതരണം ഉറപ്പാക്കുന്നതിന് തുടർച്ചയായ സമൂഹപങ്കാളിത്തവും പങ്കാളിത്താധിഷ്ഠിത ആസൂത്രണവും വഴി പഞ്ചായത്ത് ഈ ഉത്തരവാദിത്തം പൂർണ്ണമായും ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജൽ അർപ്പണും ലോക് ജൽ ഉത്സവും: ജലവിതരണ പദ്ധതികളുടെ ഔദ്യോഗിക വിലയിരുത്തൽ, കമ്മീഷനിംഗ്, ആവശ്യമായ സാങ്കേതിക സഹായത്തോടെയുള്ള കൈമാറ്റം എന്നിവ ജൽ അർപ്പൺ ഉറപ്പാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതികളുടെ സമഗ്രമായ അവലോകനം നടത്തുന്നതിനും അവയുടെ സമയബന്ധിതമായ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനുമായി ലോക് ജൽ ഉത്സവ് സംഘടിപ്പിക്കാൻ അദ്ദേഹം പഞ്ചായത്തുകളോട് അഭ്യർത്ഥിച്ചു.



ജൽ സേവ ആങ്കലൻ: ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമവാസികൾ ഗ്രാമസഭകളിലൂടെ ജലത്തിൻ്റെ അളവ്, ഗുണനിലവാരം, സേവന നിലവാരം എന്നിവ വിലയിരുത്തുന്ന പരിവർത്തനാത്മകമായ ഒരു സംരംഭമാണിത്. ഇതിലെ കണ്ടെത്തലുകൾ ഗ്രാമസഭകളിൽ അവതരിപ്പിക്കണമെന്നും സേവന വിതരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും തുടർച്ചയായ പുരോഗതിയും ഉറപ്പാക്കാൻ അവ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 



ഗ്രാമവാസികളുടെ അഭിപ്രായങ്ങൾ അവരുടെ സ്വന്തം ഭാഷയിൽ നേരിട്ട് കേൾക്കുന്നതിനും, കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തനവും പരിപാലനവും പ്രാദേശിക ജനവിഭാഗങ്ങൾ എങ്ങനെയൊക്കെയാണ് നിർവ്വഹിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനുമായാണ് സുജൽ ഗ്രാം സംവാദ് രൂപകൽപ്പന ചെയ്തതെന്ന് ദേശീയ ജൽ ജീവൻ ദൗത്യത്തിൻ്റെ  (NJJM) എഎസ്, എംഡി ശ്രീ കമൽ കിഷോർ സോൻ തൻ്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ ജല-ശുചിത്വ സമിതികൾ, ജില്ലാ കളക്ടർമാർ, മിഷൻ ഡയറക്ടർമാർ എന്നിവരുടെ നിർണ്ണായക പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. പല പഞ്ചായത്തുകളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്നും, നിലവിലുള്ള വെല്ലുവിളികൾ ഗ്രാമ-ജില്ലാ-സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഏകോപിതമായ പരിശ്രമത്തിലൂടെ പരിഹരിക്കപ്പെട്ടു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രതിനിധികളും മന്ത്രാലയ നേതൃത്വവും തമ്മിലുള്ള നേരിട്ടുള്ള സംവാദങ്ങൾ താഴെത്തട്ടിലുള്ള അനുഭവങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപ് ചന്ദ്രാപൂരിൽ നിന്നുള്ള പ്രതിനിധികളും ഈ സംവാദത്തിൽ പങ്കെടുത്തു. കൽപ്പേനി എക്സിക്യൂട്ടീവ് ഓഫീസർ ഡി.ഡി.ഡബ്ല്യു.എസ് ഉദ്യോഗസ്ഥരുമായി മലയാളത്തിൽ നടത്തിയ സംവാദത്തിൽ, പഞ്ചായത്തിൽ ഇപ്പോൾ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാണെന്ന് വ്യക്തമാക്കി. മുൻപ് കുടിവെള്ളത്തിനായി ഗ്രാമവാസികൾക്ക് ദൂരെയുള്ള കിണറുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു.


എന്നാൽ ഇപ്പോൾ അവർക്ക് മികച്ച ഗുണനിലവാരമുള്ള പൈപ്പ് വെള്ളം ലഭിക്കുന്നുണ്ടെന്നും ഇത് പാചക ആവശ്യങ്ങൾക്കായി നേരിട്ട് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൽപ്പേനി ഗ്രാമപഞ്ചായത്തിൽ നടന്ന സംവാദത്തിൽ, ജില്ലയ്ക്ക് തന്നെ മാതൃകയായി മാറിയ ഈ 24 മണിക്കൂർ ജലവിതരണ സംവിധാനത്തിനായിരുന്നു മുൻഗണന നല്കിയത്. സ്കൂളുകളിൽ ശുദ്ധമായ കുടിവെള്ളവും മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങളും ലഭ്യമായത് അവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പവും സുഖകരവുമാക്കിയതായി സംവാദത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പങ്കുവെച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

***


(रिलीज़ आईडी: 2217094) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , हिन्दी