രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'ലോകായൻ 26' യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐഎൻഎസ് സുദർശിനി

प्रविष्टि तिथि: 20 JAN 2026 6:37PM by PIB Thiruvananthpuram

ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന 2026 ജനുവരി 20-ന് കൊച്ചി നാവിക താവളത്തിൽ ഐഎൻഎസ് സുദർശിനി ഫ്ലാഗ് ഓഫ് ചെയ്തതോടെ  ദീർഘദൂര പായ്ക്കപ്പൽ പര്യവേഷണമായ 'ലോകായൻ 26'-ന് തുടക്കമായി. ഇന്ത്യയുടെ സമുദ്ര സംരംഭങ്ങളെ  ശക്തമായി പ്രതീകവല്‍ക്കരിക്കുന്ന നാഴികക്കല്ലായ ഈ യാത്ര ആഗോള സമുദ്ര പര്യവേക്ഷണങ്ങളില്‍ രാജ്യത്തിൻ്റെ  പ്രാധാന്യം പ്രകടമാക്കുകയും വിദഗ്ധ പരിശീലനത്തിലും സമുദ്ര പര്യവേഷണ മികവിലും ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.  

മുതിർന്ന ഉദ്യോഗസ്ഥർ, നാവിക സമൂഹത്തിലെ അംഗങ്ങൾ, സ്കൂൾ കുട്ടികൾ, കപ്പല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.  ലോകായൻ 26-ൻ്റെ  സ്മരണികാ ഫലകം  ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്  ചടങ്ങില്‍ അനാവരണം ചെയ്തു. ഇന്ത്യയുടെ "ആഗോള അംബാസഡർ"  എന്ന നിലയില്‍ കപ്പലിൻ്റെ  നിർണായക പങ്ക് കപ്പല്‍ ജീവനക്കാരുമായി നടത്തിയ സംഭാഷണത്തിനിടെ അദ്ദേഹം എടുത്തുപറഞ്ഞു. സമുദ്രങ്ങൾക്കും അതിരുകൾക്കുമപ്പുറം വളരുന്ന ഈ യാത്ര ലോകമെങ്ങും "സൗഹൃദത്തിൻ്റെ  പാലങ്ങൾ" തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു.   മൂന്ന് പായ്മരങ്ങളടങ്ങുന്ന ഈ കപ്പൽ  പരമ്പരാഗത യാത്രയയപ്പ് ചടങ്ങിൽ നാവിക ബാൻഡിൻ്റെ  അകമ്പടിയോടെ പായ്കള്‍ വിടര്‍ത്തി യാത്രയാരംഭിച്ചു.  

പത്ത് മാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനിടെ ഐഎൻഎസ് സുദർശിനി ഏകദേശം 22,000 നോട്ടിക്കൽ മൈൽ സഞ്ചരിക്കുകയും 13 രാജ്യങ്ങളിലെ 18 തുറമുഖങ്ങൾ സന്ദർശിക്കുകയും ചെയ്യും. ഫ്രാൻസിലെ 'എസ്‌ക്കേൽ എ സെറ്റ്'  പരിപാടിയിലെ പങ്കാളിത്തമാണ്  യാത്രയുടെ പ്രധാന സവിശേഷതകളിലൊന്ന്.  2026 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ യൂറോപ്പിലെ പ്രമുഖ സമുദ്രമേളകളിലൊന്നില്‍ ആദ്യമായി പങ്കെടുക്കുന്ന ഐഎൻഎസ് സുദർശിനി മെഡിറ്ററേനിയൻ കടലിലെ പ്രശസ്ത പായ്ക്കപ്പലുകൾക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കും. കൂടാതെ 2026 ജൂലൈയിൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്കിൽ നടക്കുന്ന 'സെയിൽ 250'   അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരേഡിലും ഐഎൻഎസ് സുദർശിനി പങ്കുചേരും.

ഗോവ ഷിപ്‍യാഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് സുദർശിനി 54 മീറ്റർ നീളമുള്ള ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പലാണ്.  1,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള 20 പായ്കൾ ഈ കപ്പലിലുണ്ട്. കാറ്റിൻ്റെയും തിരമാലകളുടെയും സഹായത്തോടെ കപ്പൽ നിയന്ത്രിക്കുന്ന നാവിക നൈപുണ്യവും  നാവിക വിദ്യയും അഭ്യസിക്കാൻ പരിശീലനാർത്ഥികൾക്കും ഉദ്യോഗസ്ഥര്‍ക്കും ഈ കപ്പൽ മികച്ച വേദിയൊരുക്കുന്നു.

പൗരാണിക വ്യാപാര പാതകളിലൂടെയും ആധുനിക സമുദ്ര പാതകളിലൂടെയും സഞ്ചരിക്കുന്ന ഐഎൻഎസ് സുദർശിനി  'വസുധൈവ കുടുംബക'മെന്ന  ചൈതന്യവും 'മഹാസാഗർ' കാഴ്ചപ്പാടും ഉയർത്തിപ്പിടിക്കുന്നു.

***


(रिलीज़ आईडी: 2216637) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी