റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാതകളിലെ ടോള്‍ സമാഹരണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍

प्रविष्टि तिथि: 20 JAN 2026 6:09PM by PIB Thiruvananthpuram

ദേശീയ പാതകളിലെ ടോൾ കേന്ദ്രങ്ങളില്‍ ഉപയോക്തൃ നിരക്ക് നൽകുന്നത് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് 1989-ലെ  കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടങ്ങൾ - 2026 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.  ഉപയോക്തൃ നിരക്ക് കൃത്യമായി നൽകുന്നത് ഉറപ്പാക്കാനും ഇലക്ട്രോണിക് ടോൾ സമാഹരണ സംവിധാനത്തിൻ്റെ  കാര്യക്ഷമത വര്‍ധിപ്പിക്കാനും ദേശീയ പാതകളിലെ ടോൾ വെട്ടിപ്പ് നിരുത്സാഹപ്പെടുത്താനും  ഭേദഗതികള്‍ ലക്ഷ്യമിടുന്നു.   

ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം 'ടോള്‍ കുടിശ്ശിക' എന്നതിന് പുതിയ നിർവചനം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ടോൾ സമാഹരണ സംവിധാനം ഒരു വാഹനത്തിൻ്റെ യാത്ര രേഖപ്പെടുത്തുകയും  ബാധകമായ നിരക്ക് 1956-ലെ ദേശീയപാത നിയമപ്രകാരം  ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ ഭേദഗതിയിലൂടെ ദേശീയ പാതയിലെ ടോള്‍ കുടിശ്ശിക  വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങളുമായി ബന്ധിപ്പിക്കുന്നു. വ്യവസ്ഥകൾ പ്രകാരം ടോള്‍ കുടിശ്ശിക അടച്ചുതീർക്കുന്നത് വരെ വാഹനത്തിൻ്റെ  ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനോ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം മാറ്റാനോ ആവശ്യമായ എൻഒസി നൽകില്ല. കൂടാതെ കുടിശ്ശിക തീർക്കാതെ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനോ പുതുക്കാനോ സാധിക്കില്ല. പുതിയ ചട്ടങ്ങൾ പ്രകാരം  വാണിജ്യ വാഹനങ്ങൾക്ക്  നാഷണൽ പെർമിറ്റ് ലഭിക്കാനും ടോള്‍ കുടിശ്ശിക ഇല്ലെന്ന് ഉറപ്പാക്കണം.

ഇതനുസരിച്ച് 'ഫോം 28'-ലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിനെതിരെ ടോൾ സമാഹരണ കേന്ദ്രങ്ങളില്‍ എന്തെങ്കിലും ടോൾ കുടിശ്ശികയുണ്ടോ എന്ന് അപേക്ഷകർ ഇനി വ്യക്തമാക്കണം. ഡിജിറ്റൽ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ  ഭാഗമായി നിർദിഷ്ട ഓൺലൈൻ പോർട്ടൽ വഴി ഫോം 28-ൻ്റെ  പ്രസക്ത ഭാഗങ്ങൾ ഡിജിറ്റലായി നൽകാനും ചട്ടങ്ങൾ അനുവദിക്കുന്നു. വാഹനത്തിൻ്റെ  ഉടമസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തേക്കോ ജില്ലയിലേക്കോ മാറ്റുന്ന സമയത്ത് വാഹനത്തിന് നികുതി കുടിശ്ശികയോ ചലാനുകളോ മറ്റ് നിയമപ്രശ്നങ്ങളോ ഇല്ലെന്ന്  സാക്ഷ്യപ്പെടുത്തുന്ന എന്‍ഒസി ലഭിക്കാന്‍ നല്‍കുന്ന സുപ്രധാന അപേക്ഷയാണ് 'ഫോം 28'. ദേശീയ പാതകളിൽ തടസരഹിത ടോൾ പിരിവ് സാധ്യമാക്കുന്ന 'മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ'  സംവിധാനം നടപ്പാക്കിയ ശേഷം ടോൾ സമാഹരണത്തിനും ഈ ഭേദഗതികൾ സഹായിക്കും.

2025 ജൂലൈ 11-ന് പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെയും വിവിധ പങ്കാളികളുടെയും നിർദേശങ്ങൾ പരിഗണിച്ച ശേഷമാണ്  ഭേദഗതികൾ പുറപ്പെടുവിച്ചിരിക്കുന്നത്. കരട് വിജ്ഞാപനത്തിൻ്റെ  പകർപ്പുകൾ 2025 ജൂലൈ 14-ന് ലഭ്യമാക്കിയിരുന്നു. ലഭിച്ച അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചട്ടങ്ങൾക്ക് അന്തിമരൂപം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചത്.  

രാജ്യത്തുടനീളം ദേശീയ പാതാ ശൃംഖലയുടെ സുസ്ഥിര വികസനത്തിനും പരിപാലനത്തിനും  സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ടോൾ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാൻ  ഭേദഗതികൾ ദേശീയപാതാ അതോറിറ്റിയെ സഹായിക്കും.

***


(रिलीज़ आईडी: 2216595) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati