രാജ്യരക്ഷാ മന്ത്രാലയം
ലോകായന്‍-26 സമുദ്രാന്തര പായ്ക്കപ്പൽ യാത്രയ്ക്കൊരുങ്ങി ഐഎൻഎസ് സുദർശിനി
13 രാജ്യങ്ങളിലെ 18 തുറമുഖങ്ങളെ ബന്ധിപ്പിച്ച് 10 മാസത്തെ യാത്ര
प्रविष्टि तिथि:
19 JAN 2026 6:28PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനിയുടെ 10 മാസം നീണ്ടുനിൽക്കുന്ന 'ലോകായൻ 26' സുപ്രധാന സമുദ്രാന്തര പര്യവേഷണ യാത്ര 2026 ജനുവരി 20-ന് ആരംഭിക്കും. ഇന്ത്യയുടെ സമ്പന്ന സമുദ്ര പാരമ്പര്യത്തെയും സമുദ്രങ്ങളിലുടനീളം 'വസുധൈവ കുടുംബക'മെന്ന കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്ന യാത്രയിൽ കപ്പൽ 22,000 നോട്ടിക്കൽ മൈലിലേറെ സഞ്ചരിച്ച് 13 രാജ്യങ്ങളിലെ 18 വിദേശ തുറമുഖങ്ങൾ സന്ദർശിക്കും.
ഫ്രാൻസിലെ 'എസ്‌ക്കേൽ എ സെറ്റ്', യുഎസ്എയിലെ ന്യൂയോർക്കിൽ നടക്കുന്ന 'സെയിൽ 250' എന്നീ പ്രശസ്ത അന്താരാഷ്ട്ര പായ്ക്കപ്പൽ പരിപാടികളിലെ ഐഎൻഎസ് സുദർശിനിയുടെ പങ്കാളിത്തമാണ് ദൗത്യത്തിന്റെ പ്രധാന സവിശേഷത. രണ്ട് പരിപാടികളിലും ഇന്ത്യയുടെ അഭിമാനകരമായ കടല്‍യാത്ര പാരമ്പര്യത്തെയും സമുദ്ര പര്യവേക്ഷണ പൈതൃകത്തെയും ഐഎൻഎസ് സുദർശിനി പ്രതിനിധീകരിക്കും.
യാത്രയ്ക്കിടെ തീവ്ര പായ്ക്കപ്പൽ പരിശീലനത്തിന് വിധേയരാകുന്ന ഇന്ത്യൻ നാവികസേനയിലെയും ഇന്ത്യൻ തീരസംരക്ഷണ സേനയിലെയും 200-ലേറെ പരിശീലനാര്‍ത്ഥികള്‍ ദീർഘദൂര സമുദ്ര നാവിക വിദ്യയിലും കടലിലെ പരമ്പരാഗത നാവിക നൈപുണ്യത്തിലും വിലപ്പെട്ട അനുഭവം സ്വന്തമാക്കും. ഒരു പായ്ക്കപ്പലിലെ ജീവിതത്തിന്റെ സൂക്ഷ്മതകൾ പരിചയപ്പെടുത്താനും മറ്റ് നാവികസേനകളിലെ പരിശീലകരുമായി ആശയവിനിമയം നടത്താനും അവരെ സഹായിക്കുന്ന പരിശീലനം പ്രൊഫഷണല്‍ കൈമാറ്റങ്ങൾ വളർത്താനും സൗഹൃദത്തിന്റെ ശാശ്വത ബന്ധങ്ങൾ കെട്ടിപ്പടുക്കാനും അവസരമൊരുക്കും.
സന്ദർശിക്കുന്ന രാജ്യങ്ങളിലെ നാവികസേനകളുമായി നടത്തുന്ന പരിശീലന ഇടപെടലുകളിലും സമുദ്ര പങ്കാളിത്ത പ്രവർത്തനങ്ങളിലും ഐഎൻഎസ് സുദർശിനി പങ്കെടുക്കും. ഇത് സമുദ്ര സഹകരണം ശക്തിപ്പെടുത്താനും 'മഹാസാഗർ' എന്ന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകാനും വഴിയൊരുക്കും. രാഷ്ട്രങ്ങൾക്കിടയിൽ സഹകരണത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യൻ നാവികസേന കൈക്കൊള്ളുന്ന പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്ന സാംസ്കാരിക നയതന്ത്രത്തിന്റെ ശക്തമായ പ്രതീകമായി യാത്ര നിലകൊള്ളുന്നു.
ഇന്ത്യൻ നാവികസേനയുടെ രണ്ടാമത് പായ്ക്കപ്പൽ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി ഇതുവരെ 1,40,000 നോട്ടിക്കൽ മൈലിലധികം സഞ്ചരിച്ചിട്ടുണ്ട്. ലോകായൻ 26-ലൂടെ ആഗോള വേദിയിൽ ഇന്ത്യന്‍ സമുദ്ര ശക്തിയുടെയും വൈദഗ്ധ്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രകാശഗോപുരമായി കപ്പല്‍ സേവനം തുടരുന്നു.
UILP.jpeg)
NV3C.jpeg)
***
(रिलीज़ आईडी: 2216387)
आगंतुक पटल : 7