ഉപരാഷ്ട്രപതിയുടെ കാര്യാലയം
‘പളനിവേലു ഗട്ട്സ്’ എന്ന ആത്മകഥയുടെ ഹിന്ദി പതിപ്പ് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു .
प्रविष्टि तिथि:
19 JAN 2026 8:22PM by PIB Thiruvananthpuram
പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. സി. പളനിവേലുവിന്റെ ‘പളനിവേലു ഗട്ട്സ്’ എന്ന ആത്മകഥയുടെ ഹിന്ദി പതിപ്പ് ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. വൈദ്യശാസ്ത്ര മേഖലയിലെ ധൈര്യം, സ്ഥിരോത്സാഹം, ധാർമ്മിക നവീകരണം എന്നിവയുടെ പ്രചോദനാത്മകമായ സാക്ഷ്യപത്രമാണിതെന്ന് പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
ലാപ്രോസ്കോപ്പിക്, റോബോട്ടിക് ശസ്ത്രക്രിയ രീതികളിൽ ഡോ. പളനിവേലുവിന്റെ സംഭാവനകളെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ശസ്ത്രക്രിയാ രീതികളെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാറ്റിമറിച്ചതായും ആഗോളതലത്തിൽ അംഗീകാരം നേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ ശൈശവാവസ്ഥയിലായിരുന്ന സമയത്ത്, ചികിത്സാ സമ്പ്രദായങ്ങളിൽ നൂതനാശയങ്ങൾ സ്വീകരിച്ചുകൊണ്ട് ഡോ. പളനിവേലു അസാമാന്യ ധൈര്യവും ദർശനവും പ്രകടിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയരീതിയിലെ ആദ്യകാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട്, ഈ സാങ്കേതികവിദ്യയെ സംശയാസ്പദമായി വീക്ഷിച്ചിരുന്ന 1990 കളുടെ തുടക്കത്തിൽ, അതിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാളായിരുന്നു ഡോ. പളനിവേലുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 1991 ൽ കോയമ്പത്തൂരിൽ ഡോ. പളനിവേലു ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തിയതായും ദക്ഷിണേന്ത്യയിൽ ആദ്യത്തെ അത്തരമൊരു കേന്ദ്രം സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
'പളനിവേലു ഗട്ട്സ്' എന്ന പുസ്തകത്തിന്റെ ശീർഷകത്തെ പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി, ഇത് വിജയിയായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ കഥ മാത്രമല്ല, എളിയ സാഹചര്യങ്ങളിൽ നിന്ന് തുടങ്ങി അച്ചടക്കം, കഠിനാധ്വാനം, ധാർമ്മികത എന്നിവയിലൂടെ പ്രതിരോധങ്ങളെയും തിരിച്ചടികളെയും അതിജീവിച്ച ഒരു യുവാവിന്റെ യാത്രയാണെന്ന് പറഞ്ഞു. വ്യക്തികളുടെ ആത്മാർത്ഥമായ പരിശ്രമങ്ങളും മാതൃകാപരമായ സംഭാവനകളും അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തില്ലെങ്കിൽ ഒരു മികച്ച സമൂഹം വാർത്തെടുക്കാൻ കഴിയില്ലെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത്തരം വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യ ഒന്നായി തുടരുന്നുവെന്നും, പൊതുവായ മൂല്യങ്ങളാലും കൂട്ടായ അഭിലാഷങ്ങളാലും പരസ്പര ബന്ധിതമാണെന്നും, എക്കാലവും ഒന്നായി തുടരുമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഹിന്ദി പതിപ്പിന്റെ പ്രകാശനം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഇത് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്, പ്രത്യേകിച്ച് ഹിന്ദി വായനക്കാർക്ക്, ഈ ശ്രദ്ധേയമായ ജീവിത യാത്രയിൽ നിന്ന് പ്രചോദനം നേടാൻ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരോടും ഉപദേഷ്ടാക്കളോടുമുള്ള ഡോ. പളനിവേലുവിന്റെ അഗാധമായ ബഹുമാനത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. അധ്യാപകരുടെ പേരിൽ അവാർഡുകൾ ഏർപ്പെടുത്തുന്ന രീതി അദ്ദേഹം ആരംഭിച്ചത് "ഗുരുക്കന്മാരോടുള്ള" ആദരവിന്റെ പുരാതന ഇന്ത്യൻ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. മികവ് കൈവരിക്കുന്നതിൽ എളിമയുടെയും നന്ദിയുടെയും പ്രാധാന്യത്തെയും ഇത് പ്രതിഫലിപ്പിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.
ഓരോ വ്യക്തിയെയും രൂപപ്പെടുത്തുന്നതിൽ സമൂഹം നിർണായക പങ്ക് വഹിക്കുന്നുവെന്നും സമൂഹത്തിന് തിരികെ സേവനം നൽകേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിദൂര പ്രദേശങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ ശസ്ത്രക്രിയാ രീതികൾ വികസിപ്പിക്കുന്നതിനുമുള്ള ഡോ. പളനിവേലുവിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട്, ഈ സംരംഭങ്ങൾ പിന്നാക്ക സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കും വിദഗ്ധ വൈദ്യചികിത്സയുടെ ലഭ്യത ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധൈര്യത്തോടെ സ്വപ്നം കാണാനും, സത്യസന്ധതയോടെ പ്രവർത്തിക്കാനും, നിസ്വാർത്ഥമായി സമൂഹത്തെ സേവിക്കാനും 'പളനിവേലു ഗട്ട്സ്' വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
റെയിൽവേ സഹമന്ത്രി ശ്രീ രവ്നീത് സിംഗ്; നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർമാൻ ഡോ. അഭിജത് സേത്ത്; ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ടീച്ചർ എഡ്യൂക്കേഷൻ, ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ പ്രൊഫ. ഡോ. ജെ. എസ്. രജ്പുത്; ജെഇഎം ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ മുതിർന്ന പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2216377)
आगंतुक पटल : 3