വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
104-ാമത് സ്കോച്ച്(SKOCH) ഉച്ചകോടിയിൽ, സെൽ ബ്രോഡ്കാസ്റ്റ് സൊല്യൂഷൻ സംവിധാനം വികസിപ്പിച്ച സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിന് (സി-ഡോട്ട്) സ്കോച്ച് അവാർഡ് 2025 ലഭിച്ചു
प्रविष्टि तिथि:
19 JAN 2026 3:16PM by PIB Thiruvananthpuram
സെൽ ബ്രോഡ്കാസ്റ്റ് സൊല്യൂഷൻ എന്നത് ഒരു ദുരന്ത-അടിയന്തര മുന്നറിയിപ്പു പ്ലാറ്റ്‌ഫോമാണ്. നിർദിഷ്ട മേഖലയിലെ മൊബൈൽ ഫോണുകളിലേക്ക് സെല്ലുലാർ നെറ്റ്‌വർക്കുകൾ വഴി ജീവൻ രക്ഷയ്ക്ക് ഉതകുന്ന അടിയന്തര വിവരങ്ങൾ എത്തിക്കുന്നതിലൂടെ ഈ സംവിധാനം ആസ്തി നാശം കുറയ്ക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ പ്രമുഖ ടെലികോം ഗവേഷണ വികസന കേന്ദ്രമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) “സ്കോച്ച് അവാർഡ്-2025” ന് അർഹമായി.സെൽ ബ്രോഡ്കാസ്റ്റ് സൊല്യൂഷന്റെ(സിബിഎസ്)വികസനത്തിനാണ് ഈ നേട്ടം. “ വികസിത ഭാരതത്തിനായുള്ള വിഭവശേഷി ” എന്ന പ്രമേയത്തിൽ നടക്കുന്ന 104-ാമത് സ്കോച്ച് ഉച്ചകോടിയുടെ ഭാഗമായാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. ഭരണനിർവ്വഹണവും വികസനവും മെച്ചപ്പെടുത്തുന്നതിനായി നൂതന പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും, സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കും , പദ്ധതികൾക്കുമാണ് ഈ പുരസ്കാരം നൽകുന്നത്. ധനകാര്യം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മികവ് അംഗീകരിക്കുന്നതിനും, പൗരന്മാർക്കും രാജ്യത്തിനുമായി ഗുണകരമായ സ്വാധീനം സൃഷ്ടിക്കുന്ന പ്രകടനത്തിനുള്ള അംഗീകാരവുമായാണ് SKOCH അവാർഡ് നൽകുന്നത്.
C-DOT വികസിപ്പിച്ച സെൽ ബ്രോഡ്കാസ്റ്റ് സൊല്യൂഷൻ, രാജ്യത്തെ ദുരന്ത മുന്നറിയിപ്പ് നൽകുന്ന ഏജൻസികളായ- കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്ന ഇന്ത്യ കാലാവസ്ഥാ വകുപ്പ് (IMD), വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്ന സെൻട്രൽ വാട്ടർ കമ്മീഷൻ (CWC), സുനാമി/സമുദ്ര അപകട മുന്നറിയിപ്പ് നൽകുന്നഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), മണ്ണിടിച്ചിൽ/സമുദ്രവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ മുന്നറിയിപ്പ് നൽകുന്ന ഡിഫൻസ് ജിയോ-ഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (DGRE), കാട്ടുതീ മുന്നറിയിപ്പ് നൽകുന്ന ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (FSI) എന്നിവയെയും, ഇത്തരം സന്ദേശം കൈമാറ്റം ചെയ്യുന്നതിനുള്ള എല്ലാ മൊബൈൽ ഓപ്പറേറ്റർമാരെയും; മുന്നറിയിപ്പും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA-കളും),ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) എന്നിവയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ആണ് സെൽ ബ്രോഡ്കാസ്റ്റ് സൊല്യൂഷൻ. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് അടിയന്തര വിവരങ്ങൾ സെല്ലുലാർ നെറ്റ്‌വർക്കുകൾ വഴി മൊബൈൽ ഫോണുകളിലേക്ക് തത്സമയം എത്തിക്കുന്നതിനുള്ള സമഗ്ര സംവിധാനമാണിത്. തദ്ദേശീയവും ചെലവ് കുറഞ്ഞതും പൂർണ്ണമായും യന്ത്രവൽകൃതവുമായ ഈ സംവിധാനം ബഹുഭാഷാ (21 ഭാഷകൾ) പിന്തുണയോടെ ഭൂമിശാസ്ത്രപരമായി നിർദിഷ്ട മേഖലകളിൽ വിവിധതരത്തിലുള്ള അപകടസാധ്യതാ മുന്നറിയിപ്പുകൾ നൽകുന്നു. ദുരന്ത സാധ്യത കുറയ്ക്കുന്നതിനും, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഈ സംരംഭം ഐക്യരാഷ്ട്രസഭയുടെ ഏർലി വാണിംഗ്സ് ഫോർ ഓൾ (#EW4All), ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ITU’s) - കോമൺ അലേർട്ടിംഗ് പ്രോട്ടോക്കോൾ (CAP)- 'കോൾ ടു ആക്ഷൻ' എന്നിവയുമായി യോജിക്കുന്നു.കൂടാതെ ദുരന്ത പ്രതിരോധത്തിനായുള്ള രാജ്യത്തിന്റെ ശേഷി വികസന ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഐക്യരാഷ്ട്രസഭയുടെ SDG- (സുസ്ഥിര വികസന ലക്ഷ്യം)യിലേക്കുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
"2025 ലെ സ്കോച്ച് അവാർഡ് നേടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രാജ്യത്തെ ഏറ്റവും വിദൂരവും ദുർബലവുമായ പ്രദേശങ്ങളിൽ പോലും എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ, പൗര സേവനത്തിനായി സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള സി-ഡോട്ടിന്റെ ദൗത്യത്തിനുള്ള അർത്ഥവത്തായ അംഗീകാരമാണിത്. ദുരന്ത ബാധിതരാകുന്ന പൗരന്മാർക്ക് നിർദിഷ്ട ഭൗമ മേഖലകളെ അടിസ്ഥാനമാക്കി സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിലൂടെ ഞങ്ങളുടെ സെൽ ബ്രോഡ്കാസ്റ്റ് സൊല്യൂഷൻ പൊതു സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ജീവനുകൾ സംരക്ഷിക്കുന്നതും, ദുരന്തസാധ്യത കുറയ്ക്കുന്നതിനുമായി സമഗ്രവും സമയബന്ധിതവും സുരക്ഷിതവുമായ വിവര വിതരണം എന്ന ഇന്ത്യയുടെ ദീർഘകാല ദർശനത്തെ സാക്ഷാത്കരിക്കുന്നതിന് പ്രതിരോധശേഷിയുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യം നിർമ്മിക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ ഈ പുരസ്‌കാരം ശക്തിപ്പെടുത്തുന്നു. ആഗോളതലത്തിൽ ഈ സാങ്കേതികവിദ്യയുള്ള ചുരുക്കം ചില സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതിലൂടെയും നമ്മുടെ പ്രധാനമന്ത്രിയുടെ "ആത്മനിർഭർ ഭാരത്" എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും ഇന്ത്യയെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിൽ സി-ഡോട്ട് നിർണായക പങ്ക് വഹിക്കുന്നു. സാങ്കേതിക മികവിലുള്ള ഞങ്ങളുടെ ശക്തമായ പ്രതിജ്ഞാബദ്ധതയും സ്ഥിരമായ ശ്രദ്ധയും ഈ പുരസ്‌കാരം അടിവരയിടുന്നു"-ചടങ്ങിൽ സംസാരിച്ച സി-ഡോട്ട് സിഇഒ ഡോ. രാജ്കുമാർ ഉപാധ്യായ പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകൾക്കായി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഗവേഷണ വികസന കേന്ദ്രമാണ് സി-ഡോട്ട്. ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങളെ പിന്തുണയ്ക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ സി-ഡോട്ട് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ 5G, 6G, ക്വാണ്ടം, നിർമിത ബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിൽ ഇത് പ്രവർത്തിക്കുന്നു.

Dr. Pankaj Dalela, EVP, C-DOT receiving SKOCH Award 2025
****
(रिलीज़ आईडी: 2216257)
आगंतुक पटल : 5