രാജ്യരക്ഷാ മന്ത്രാലയം
ലക്ഷദ്വീപിൽ ഇന്ത്യൻ നാവികസേന സംഘടിപ്പിച്ച സംയുക്ത സേനാ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സമാപിച്ചു
प्रविष्टि तिथि:
18 JAN 2026 3:51PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേന, ലക്ഷദ്വീപ് മേഖലയിൽ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ സംയുക്ത സേനാ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 16 ന് വിജയകരമായി സമാപിച്ചു. സംയുക്ത സേനാ സഹകരണത്തിലൂടെ കവരത്തി, അഗത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളിൽ നടത്തിയ ഈ ക്യാമ്പ്, വിദൂര ദ്വീപ് സമൂഹങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും പ്രതിരോധ സേവനങ്ങളും നൽകുന്നതിനുള്ള സായുധ സേനയുടെ പ്രതിജ്ഞാബദ്ധതയെ ആവർത്തിച്ചു സ്ഥിരീകരിച്ചു. (https://www.pib.gov.in/PressReleseDetail.aspx?PRID=2214127) 2026 ജനുവരി 12ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തെ സിവിൽ ഭരണകൂടത്തിൻ്റെയും ആരോഗ്യ സംരക്ഷണ വിഭാഗങ്ങളുടെയും ശക്തമായ പിന്തുണ പരിപാടിക്ക് ലഭിച്ചു.
ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 4,719 രോഗികൾക്ക് സ്പെഷ്യലിസ്റ്റ്, സൂപ്പർ-സ്പെഷ്യലിസ്റ്റ് ചികിത്സാ സേവനം ലഭിച്ചു. ലക്ഷദ്വീപിൽ സ്പെഷ്യലിസ്റ്റുകൾ, സൂപ്പർ-സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ സേവനം ഉൾപ്പെടുത്തി ആദ്യമായാണ് ഇത്രയും വിപുലമായ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് നൂതന ആരോഗ്യ സംരക്ഷണത്തിൻ്റെ ലഭ്യത ഗണ്യമായി മെച്ചപ്പെടുത്തി. ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, മെഡിസിൻ, സർജറി, ഇഎൻടി, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഡെൻ്റൽ സർജറി, റേഡിയോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയിൽ നിന്നുള്ള വിദഗ്ധരുടെ പിന്തുണയോടെയാണ് പരിപാടി നടന്നത്.
ഓരോ ദ്വീപിലും പൂർണ്ണമായും പ്രവർത്തനക്ഷമമായ മെഡിക്കൽ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം, മെഡിക്കൽ സംഘങ്ങളുടെയും ഉപകരണങ്ങളുടെയും ദ്രുതഗതിയിലുള്ള വിന്യാസം മൂന്ന് സേനകളുടെയും കാര്യക്ഷമമായ ഏകോപനത്തെ അടിവരയിടുന്നു. ആസൂത്രിതമായ രീതിയിൽ ഉദ്യോഗസ്ഥരെയും മെഡിക്കൽ ഉപകരണങ്ങളെയും എയർലിഫ്റ്റും സീ ലിഫ്റ്റും നടത്തിയത് സേനകളുടെ ഫലപ്രദമായ സംയുക്ത ഏകോപനത്തെ പ്രകടമാക്കി.
എല്ലാ ദ്വീപുകളിലും സമഗ്രമായ മെഡിക്കൽ, ശസ്ത്രക്രിയ സേവനങ്ങൾ ലഭ്യമാക്കി. ആകെ 51 ജനറൽ സർജിക്കൽ നടപടിക്രമങ്ങൾ നടത്തി. ഇത് വൻകരയിലെ ആശുപത്രികളിലേക്ക് രോഗികളെ റഫറൽ ചെയ്യേണ്ടതിൻ്റെ ആവശ്യകത കുറച്ചു. നേത്രചികിത്സയിൽ, 71 തിമിര ശസ്ത്രക്രിയകൾ നടത്തിയതിലൂടെ പ്രായമായ നിരവധി രോഗികൾക്ക് കാഴ്ച തിരിച്ചു കിട്ടി. 50-ലധികം എൻഡോസ്കോപ്പിക് പരിശോധനകൾ, 50-ലധികം എക്കോകാർഡിയോഗ്രാഫിക് പരിശോധനകൾ, ഹൃദയ പ്രവർത്തനം നിർണയിക്കുന്നതിനായി ഒന്നിലധികം ട്രെഡ്മിൽ പരിശോധനകൾ എന്നിങ്ങനെ വിപുലമായ രോഗനിർണയ പരിശോധനകൾ നടത്തി. റേഡിയോളജി സേവന വിഭാഗം 250-ലധികം അൾട്രാസൗണ്ട് പരിശോധനകൾ നടത്തി. 100-ലധികം ദന്തചികിത്സാ നടപടിക്രമങ്ങളും ചർമ സംബന്ധിയായ 30-ലധികം ലഘു ചികിത്സ ഇടപെടലുകളും നിർവഹിച്ചു. എല്ലാ സേവനങ്ങളും മരുന്നുകളും സൗജന്യമായി നൽകി.
ഒരു സുപ്രധാന സംഭാവനയായി, ഇന്ത്യൻ നാവികസേന അഗത്തിയിലെയും അമിനിയിലെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് രണ്ട് ഇസിജി മെഷീനുകൾ സംഭാവന ചെയ്തു. രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി രീതികൾ, കാൻസർ അവബോധം, മാനസികാരോഗ്യം, അടിസ്ഥാന ജീവൻ രക്ഷാ (BLS) പരിശീലനം എന്നിവ ഉൾപ്പെടെ വിപുലമായ വിവര, വിദ്യാഭ്യാസ, ആശയവിനിമയ (IEC) പ്രവർത്തനങ്ങളും നടത്തി.
ഈ സംയുക്ത സേനാ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ലക്ഷദ്വീപിലെ ജനങ്ങളുടെയും ഭരണകൂടത്തിൻ്റെയും അഭിനന്ദനം നേടി. ക്യാമ്പ് അതിൻ്റെ വ്യാപ്തി, പ്രൊഫഷണലിസം, വ്യക്തമായ സ്വാധീനം എന്നിവയാൽ വേറിട്ടു നിന്നു. മൂന്ന് സേനകളുടെയും ഏകീകൃത ശ്രമത്തിലൂടെയും വിപുലമായ വൈദ്യസഹായം നൽകുന്നതിലൂടെയും രോഗപ്രതിരോധ ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിലൂടെയും, ഇന്ത്യൻ സായുധ സേന രാജ്യത്തിൻ്റെ വിദൂര പ്രദേശങ്ങളിലെ പൗരന്മാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് സ്ഥിരീകരിച്ചു.
(1)7WSN.jpeg)
(1)QTYJ.jpeg)
(1)AO8N.jpeg)
(1)333D.jpeg)
FN1N.jpeg)
WM5B.jpeg)
***
(रिलीज़ आईडी: 2215939)
आगंतुक पटल : 8