ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്ര നിർമ്മാണത്തിന് പ്രചോദനമേകുന്ന ഭാവാത്മകവും സൃഷ്ടിപരവുമായ പൊതുചർച്ചകൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് ജാഗരൺ ഫോറം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
17 JAN 2026 3:42PM by PIB Thiruvananthpuram
സംസ്ഥാന രൂപീകരിച്ച് 25 വർഷം പൂർത്തിയാകുന്നതിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ജാഗരൺ ഫോറം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അദ്ദേഹം, ത്യാഗം, സഹിഷ്ണുത, രാഷ്ട്രസേവനം എന്നിവയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന നാടായി ഉത്തരാഖണ്ഡിനെ വിശേഷിപ്പിച്ചു. ഈ സുപ്രധാന നേട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ഉപരാഷ്ട്രപതി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
പർവ്വതപ്രദേശത്തിലെ ജനങ്ങളുടെ ദീർഘകാല അഭിലാഷങ്ങൾക്കുള്ള ജനാധിപത്യപരമായ പ്രതികരണമായിരുന്നു സംസ്ഥാന രൂപീകരണമെന്ന് ഉത്തരാഖണ്ഡിൻ്റെ രൂപീകരണം അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. അത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൻ്റെ ശക്തി ഊട്ടിയുറപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാംഗമായിരിക്കെ ഉത്തരാഖണ്ഡ് രൂപീകരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത അനുഭവം പങ്കുവെച്ച അദ്ദേഹം, രുപീകരണ പ്രക്രിയയുമായുള്ള വ്യക്തിപരമായ ബന്ധവും പങ്കുവെച്ചു. വിശദീകരിച്ചു.
ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ ആത്മീയവും സാംസ്‌കാരികവുമായ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തിൽ സംസ്ഥാനത്തിന് സവിശേഷ സ്ഥാനമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വൈദികവും പൗരാണികവുമായ സമ്പ്രദായങ്ങളെ സൂചിപ്പിച്ചുകൊണ്ട്, സത്യം, ശിവം, സുന്ദരം എന്നിവയുടെ സാരാംശം ഉത്തരാഖണ്ഡിൽ പ്രതിഫലിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഹിമനിരകൾ, നദികൾ, വനങ്ങൾ എന്നിവ സംസ്ഥാനത്തെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം ജീവൻ്റെ പോഷണത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയുടെയും ദാർശനിക നേതൃത്വത്തിൽ റോഡ്, റെയിൽ, വ്യോമ, ആശയവിനിമയ കണക്റ്റിവിറ്റിയിൽ സംസ്ഥാനം അഭൂതപൂർവമായ പുരോഗതി കൈവരിച്ചതായി ഉപരാഷ്ട്രപതി പറഞ്ഞു.
വികസനത്തിന് ഊന്നൽ നൽകുമ്പോൾ തന്നെ, പാരിസ്ഥിതിക ഉത്തരവാദിത്തത്തിൻ്റെ പ്രാധാന്യവും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.സൗരോർജ മേഖലയിലുള്‍പ്പെടെ ഹരിത വികസനം പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഉത്തരാഖണ്ഡിൻ്റെ ഉദ്യമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനത്തിനൊപ്പം (GDP) മൊത്ത പരിസ്ഥിതി ഉത്പാദനം (Gross Environmental Product) എന്ന ആശയം രാജ്യത്ത് ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനമായ ഉത്തരാഖണ്ഡിനെ അദ്ദേഹം അഭിനന്ദിച്ചു.
രാഷ്ട്രസുരക്ഷയ്ക്ക് സംസ്ഥാനം നൽകുന്ന ഗണ്യമായ സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു, ഇന്ത്യൻ സായുധ സേനയിലെ വലിയൊരു വിഭാഗം ഓഫീസർമാരും ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കവെ, ഊർജ്ജസ്വലമായ അതിർത്തി ഗ്രാമങ്ങളെ അവസാനത്തെ ഔട്ട്‌പോസ്റ്റുകളായിട്ടല്ല, മറിച്ച് ശക്തിയുടെയും പൈതൃകത്തിൻ്റെയും പ്രതിരോധശേഷിയുടെയും പ്രഥമ നിരയായിട്ടാണ് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്, മന ഗ്രാമത്തെ "ഇന്ത്യയുടെ ആദ്യ ഗ്രാമം" എന്ന് വിശേഷിച്ച പ്രധാനമന്ത്രിയുടെ ദർശനം അദ്ദേഹം അനുസ്മരിച്ചു.
2047 ഓടെ ആത്മനിർഭരവും വികസിതവുമായ ഭാരതം സാക്ഷാത്ക്കരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തെ മുൻനിർത്തി പുനരുപയോഗ ഊർജ്ജം, ജൈവകൃഷി, ഹോർട്ടികൾച്ചർ, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങൾ, ആയുഷ്, ഇക്കോടൂറിസം, സ്റ്റാർട്ടപ്പുകൾ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വിപുലമായ സാധ്യതകളാൽ ഉത്തരാഖണ്ഡ് അതുല്യ സ്ഥാനമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ജനാധിപത്യത്തിൻ്റെ നാലാമത്തെ സ്തംഭമെന്ന് വിശേഷണമുള്ള മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കവേ, ഭരണത്തിൽ ഉത്തരവാദിത്തവും സുതാര്യതയും ശക്തിപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്കും അധികാരത്തിലിരിക്കുന്നവർക്കും മധ്യേയുള്ള ഒരു പാലമായി മാധ്യമങ്ങൾ വർത്തിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വികസനത്തിൻ്റെ നല്ല വാർത്തകൾ ഉയർത്തിക്കാട്ടുന്ന ദൈനിക് ജാഗരണിനെ അദ്ദേഹം അഭിനന്ദിച്ചു. ഭാവാത്മക, വികസനാധിഷ്ഠിത വാർത്തകൾക്കായി കുറഞ്ഞത് രണ്ട് പേജുകളെങ്കിലും പതിവായി നീക്കിവയ്ക്കാൻ അദ്ദേഹം മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സൃഷ്ടിപരവും പ്രചോദനാത്മകവുമായ കഥകൾ മനസ്സിലൂടെ കടന്ന് പോകുന്നത് രാഷ്ട്രനിർമ്മാണത്തിന് കൂടുതൽ സജീവമായി സംഭാവന ചെയ്യാൻ യുവ പൗരന്മാരെ പ്രേരിപ്പിക്കുമെന്നതിനാൽ, പത്രങ്ങൾ ബോധപൂർവ്വം ഭാവാത്മകത പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ജാഗരൺ ഫോറത്തിൽ നടക്കുന്ന ചർച്ചകൾ ഉത്തരാഖണ്ഡിൻ്റെ തുടർ പുരോഗതിക്കായി പുതിയ ആശയങ്ങൾ മുന്നോട്ട് വയ്ക്കുമെന്ന ആത്മവിശ്വാസം ഉപരാഷ്ട്രപതി പ്രകടിപ്പിച്ചു.
ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ (റിട്ടയർഡ്) ശ്രീ ഗുർമിത് സിംഗ്, മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി എന്നിവരും മാനേജിംഗ് എഡിറ്റർ ശ്രീ തരുണ്‍ ഗുപ്ത, ഡയറക്ടർ ശ്രീ സുനിൽ ഗുപ്ത എന്നിവരടക്കമുള്ള ദൈനിക് ജാഗരണിൻ്റെ മുതിർന്ന പ്രതിനിധികളും മറ്റ് വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2215703)
आगंतुक पटल : 9