രാജ്യസഭാ സെക്രട്ടറിയേറ്റ്
azadi ka amrit mahotsav

കോമൺ‌വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാർക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും ആദരസൂചകമായി ഉച്ചവിരുന്ന് സംഘടിപ്പിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ശ്രീ സി.പി. രാധാകൃഷ്ണൻ

പോസ്റ്റഡ് ഓണ്‍: 16 JAN 2026 5:32PM by PIB Thiruvananthpuram
രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ സംവിധാൻ സദനിൽ കോമൺവെൽത്ത് പാർലമെൻ്റുകളിലെ സ്പീക്കർമാർക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും ആദരസൂചകമായി ഉച്ചവിരുന്ന് സംഘടിപ്പിച്ചു. 2026 ജനുവരി 14 മുതൽ 16 വരെ ഇന്ത്യയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് സ്പീക്കർമാരുടേയും പ്രിസൈഡിംഗ് ഓഫീസർമാരുടേയും 28-ാമത് സമ്മേളനത്തിൻ്റെ (CSPOC) ഭാഗമായാണ് ഈ വിരുന്ന് സംഘടിപ്പിച്ചത്.
 
വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ പാർലമെൻ്റ് മന്ദിരമായ സംവിധാൻ സദനിൽ വെച്ച് സ്പീക്കർമാരുടേയും പാർലമെൻ്ററി നേതാക്കളുടേയും ഇത്തരമൊരു ഉന്നതതല സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നതിലുള്ള സന്തോഷം ബഹുമാനപ്പെട്ട അധ്യക്ഷൻ പ്രകടിപ്പിച്ചു. കഴിഞ്ഞ ഏഴര പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഊർജ്ജസ്വലവും അഭിവൃദ്ധി പ്രാപിച്ചതുമായ
പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ പ്രതീകമായി ഈ കെട്ടിടം നിലകൊള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 
കോമൺ‌വെൽത്ത് ജനാധിപത്യ രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന കൂട്ടായ ഐക്യത്തിൻ്റേയും പങ്കിട്ട ലക്ഷ്യത്തിൻ്റേയും ആത്മാവിനെയാണ് ഈ സമ്മേളനം പ്രതിഫലിപ്പിക്കുന്നതെന്ന് ബഹുമാനപ്പെട്ട അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക ധാർമ്മികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും ഒരുമിച്ച് മുന്നേറേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾക്കിടയിലും, മാന്യതയോടും അന്തസ്സോടും കൂടി സംവാദങ്ങളും ചർച്ചകളും സുഗമമാക്കുക എന്നത് പ്രിസൈഡിംഗ് ഓഫീസർമാരുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് പ്രിസൈഡിംഗ് ഓഫീസർമാരുടെ ചുമതലകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ബഹുമാനപ്പെട്ട അധ്യക്ഷൻ പറഞ്ഞു. കോമൺവെൽത്ത് രാഷ്ട്രങ്ങൾ ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ചരിത്രപരമായ അനുഭവങ്ങളിലും വ്യത്യസ്തത പുലർത്തുന്നവരാണെങ്കിലും പൊതുവായ പാർലമെൻ്ററി ധാർമ്മികതയിലും ജനാധിപത്യ തത്വങ്ങളോടും മൂല്യങ്ങളോടുമുള്ള കൂട്ടായ പ്രതിബദ്ധതയിലും അവ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
നിയമസഭകളുടെ അന്തസ്സിൻ്റേയും ജനശബ്ദത്തിൻ്റേയും പരമമായ കാവൽക്കാരായാണ് പ്രിസൈഡിംഗ് ഓഫീസർമാർ പ്രവർത്തിക്കുന്നതെന്ന് ബഹുമാനപ്പെട്ട അധ്യക്ഷൻ പറഞ്ഞു. പവിത്രമായ നിയമസഭാ മന്ദിരങ്ങൾക്കുള്ളിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ചിട്ടയായ പെരുമാറ്റത്തിനും ഇടയിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിർത്താൻ ചുമതലപ്പെട്ടവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ ബഹുമാനപ്പെട്ട അധ്യക്ഷൻ, ഇന്ത്യയെ "ജനാധിപത്യത്തിൻ്റെ മാതാവ്" എന്ന് വിശേഷിപ്പിച്ചു. കോമൺ‌വെൽത്തിനെ കേവലമൊരു ചരിത്രപരമായ കൂട്ടായ്മയായിട്ടല്ല, മറിച്ച് തുല്യ പങ്കാളികൾക്കിടയിലുള്ള സഹകരണത്തിനായുള്ള സുപ്രധാനവും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ഒരു വേദി ആയാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാപനപരമായ അറിവുകളും മികച്ച പ്രവർത്തനരീതികളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിന് CSPOC പോലുള്ള വേദികൾ വിലപ്പെട്ട അവസരങ്ങളാണ് നല്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇത്തരത്തിലുള്ള ആശയവിനിമയങ്ങൾ നിയമനിർമ്മാണ സഭകളുടെ കരുത്തും സുതാര്യതയും ഉൾക്കൊള്ളൽ ശേഷിയും വർദ്ധിപ്പിച്ചുകൊണ്ട് അവയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ബഹുമാനപ്പെട്ട അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
 
സഹഭോജനം അഥവാ സമൂഹവിരുന്നിൻ്റെ പാരമ്പര്യത്തെക്കുറിച്ച് പരാമർശിക്കവെ, സമത്വവും സാഹോദര്യവും ആത്മബന്ധവും വളർത്തുന്നതിൽ അതിനുള്ള പ്രതീകാത്മക പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട അധ്യക്ഷൻ എടുത്തുപറഞ്ഞു.
 
"സമസ്ത ലോകാഃ സുഖിനോ ഭവന്തു" - ലോകത്തെല്ലായിടത്തുമുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെയും സ്വതന്ത്രമായും ഇരിക്കട്ടെ, എന്ന സംസ്കൃത പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ട്, ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി അക്ഷീണം
പ്രവർത്തിക്കാനുള്ള കോമൺവെൽത്ത് നിയമസഭകളുടെ കൂട്ടായ പ്രതിബദ്ധത ബഹുമാനപ്പെട്ട അധ്യക്ഷൻ ആവർത്തിച്ചു.
 
CSPOC 2026-ലെ ആശയവിനിമയങ്ങൾ കോമൺവെൽത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള പാർലമെൻ്ററി ബന്ധങ്ങളും പരസ്പര ധാരണയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബഹുമാനപ്പെട്ട അധ്യക്ഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
തൻ്റെ പ്രസ്താവനകൾ ഉപസംഹരിച്ചുകൊണ്ട്, സന്ദർശകരായ വിശിഷ്ടാതിഥികൾക്ക് ബഹുമാനപ്പെട്ട അധ്യക്ഷൻ ആശംസകൾ നേർന്നു. അവരുടെ ഇന്ത്യാ സന്ദർശനം ഫലപ്രദവും അവിസ്മരണീയവുമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്രമന്ത്രിമാർ, രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവൻഷ്, ഇൻ്റർ പാർലമെൻ്ററി യൂണിയൻ പ്രസിഡൻ്റ് ഡോ. ടുലിയ ആക്‌സൺ, കോമൺവെൽത്ത് പാർലമെൻ്ററി അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കലീല, രാജ്യസഭയുടേയും ലോക്‌സഭയുടേയും സെക്രട്ടറി ജനറൽമാർ, വിവിധ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്പീക്കർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
 
 
 
 
****

( റിലീസ് ഐ.ഡി: 2215480) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil