രാജ്യസഭാ സെക്രട്ടറിയേറ്റ്
azadi ka amrit mahotsav

കോമൺ‌വെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തോടനുബന്ധിച്ച്, ഉപരാഷ്ട്രപതി യുകെ ഹൗസ് ഓഫ് ലോർഡ്‌സിന്റെ ലോർഡ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 16 JAN 2026 3:17PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ യുണൈറ്റഡ് കിംഗ്ഡം പാർലമെന്റിന്റെ ലോർഡ് സ്പീക്കറായ ലോർഡ് മക്ഫാൾ ഓഫ് അൽക്ലൂയിത്ത് പിസിയുമായി അർത്ഥവത്തായതും സൗഹാർദ്ദപരവുമായ കൂടിക്കാഴ്ച നടത്തി. 2026 ജനുവരി 14 മുതൽ 16 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കോമൺ‌വെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്.
 
ലോർഡ് സ്പീക്കറെ രാജ്യസഭയിലേക്ക് സ്വാഗതം ചെയ്ത ഉപരാഷ്ട്രപതി, സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും ശക്തമായ പാർലമെന്ററി ബന്ധത്തെയും എടുത്തുകാണിക്കുന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പാർലമെന്ററി പാരമ്പര്യങ്ങൾ, സംസ്കാരം, ജനാധിപത്യ ധാർമ്മികത എന്നിവയുമായി അടുത്തിടപഴകാൻ അവസരമുള്ള ഈ സന്ദർശനം ഫലപ്രദവും ആസ്വാദ്യകരവുമാകുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
 
നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ പാർലമെന്ററി പാരമ്പര്യങ്ങൾ ഉൾപ്പെടെ, ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ ദീർഘവും സങ്കീർണ്ണവുമായ ഒരു ചരിത്രം പങ്കിടുന്നതായി യോഗത്തിൽ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഇന്ത്യയുടെ പാർലമെന്ററി സംവിധാനം വെസ്റ്റ്മിൻസ്റ്റർ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും, അതേസമയം ഇന്ത്യയുടെ തനത് ജനാധിപത്യ ചട്ടക്കൂടിനെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ അത് ജൈവികമായി പരിണമിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
 
ഇരു രാജ്യങ്ങളുടെയും പൊതുവായ ജനാധിപത്യ മൂല്യങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, നിയമവാഴ്ച, പാർലമെന്ററി പദവി, ഭരണനിർവഹണത്തിൽ ഫലപ്രദമായ ജനാധിപത്യ മേൽനോട്ടം എന്നിവയോടുള്ള ഇരു പാർലമെന്റുകളുടെയും പ്രതിജ്ഞാബദ്ധതയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഇന്ത്യൻ സാഹചര്യത്തിൽ, ഉത്തരവാദിത്വപൂർണമായ സംസാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപരാഷ്ട്രപതി ഊന്നിപ്പറയുകയും അത് വിനാശകരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ പൊതു തത്വങ്ങൾ പരസ്പര പഠനത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതായും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
 
കോമൺ‌വെൽത്ത് ബന്ധങ്ങളുടെ ഒരു സുപ്രധാന ഘടകമായി പാർലമെന്ററി നയതന്ത്രത്തിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. പാർലമെന്ററി പ്രതിനിധികൾക്കായി പ്രത്യേക പരിപാടികളുടെ വിനിമയത്തിന് ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം സ്ഥിരീകരിച്ചു.
 
 ഇന്ത്യ നിരവധി അന്തർ പാർലമെന്ററി പ്രതിനിധി സംഘങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും അവയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന്ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സംയുക്ത ശില്പശാലകൾ, പരിശീലന പരിപാടികൾ, വിജ്ഞാന പങ്കിടൽ സംരംഭങ്ങൾ എന്നിവയ്ക്കുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നത് ഫലപ്രദമാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
 
 പാർലമെന്ററി പ്രവർത്തനങ്ങളെ ആഗോളതലത്തിൽ മാറ്റിമറിക്കുന്നതിന് ഡിജിറ്റൽ നവീകരണതിന് കഴിഞ്ഞിട്ടുണ്ടെന്നും, ഇന്ത്യ, ഇ-പാർലമെന്റ് സംവിധാനങ്ങൾ, ലൈവ് സ്ട്രീമിംഗ്, ഡിജിറ്റൈസ് ചെയ്ത രേഖകൾ എന്നിവ പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പരാമർശിച്ചു.
 
ഡിജിറ്റൽ സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ, പ്രത്യേകിച്ച് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലും, സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിലും, പൊതുജന ഇടപെടൽ വർധിപ്പിക്കുന്നതിലും ഹൗസ് ഓഫ് ലോർഡ്സിന്റെ അനുഭവങ്ങൾ മനസിലാക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. നിയമനിർമ്മാണങ്ങളുടെ കരട് തയ്യാറാക്കലിനെ പിന്തുണയ്ക്കുന്നതിനും, കമ്മിറ്റി ചർച്ചകൾ സുഗമമാക്കുന്നതിനും, പൗര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ ഇരുപക്ഷത്തിനുമുള്ള സഹകരണ സാധ്യതകൾ അദ്ദേഹം എടുത്തുകാണിച്ചു. ഇത് ഇരു രാജ്യങ്ങൾക്കും പരസ്പര നേട്ടങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
 
പാർലമെന്റേറിയൻമാർക്ക് ആശയങ്ങൾ പങ്കിടാനും, പരസ്പരം പഠിക്കാനും, ജനാധിപത്യ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും കോമൺ‌വെൽത്ത് ഒരു സവിശേഷ വേദി നൽകുന്നുവെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. പാർലമെന്ററി ജനാധിപത്യത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഫലപ്രദമായി തുടർന്നും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർ പൊതു ഉത്തരവാദിത്വo വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
 പാർലമെന്ററി, ബഹുമുഖ വേദികളിൽ പ്രധാന ആഗോള മുൻഗണനകൾ നേടിയെടുക്കുന്നതിന് ഇന്ത്യയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഉപരാഷ്ട്രപതി നിർദ്ദേശിച്ചു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, നിയമനിർമ്മാണ നടപടികളിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയിലെഏകോപനം വർധിപ്പിക്കുക, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ മൃദുശക്തിയുടെ ഒരു ഉപകരണമായി മാറ്റുക, കൂടുതൽ ഉൾക്കൊള്ളുന്നതും സുതാര്യവും പൗരകേന്ദ്രീകൃതവുമായ ഭരണസംവിധാനത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
 ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ ഉറച്ചതും പൊതുവായതുമായ പ്രതിജ്ഞാബദ്ധത, ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തര ഇടപെടലിന് ശക്തമായ അടിത്തറ നൽകുന്നുവെന്ന് യോഗം അവസാനിപ്പിച്ചുകൊണ്ട്, ഉപരാഷ്ട്രപതി ആവർത്തിച്ചു പറഞ്ഞു. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കോമൺ‌വെൽത്തിനും ലോകത്തിനും മാതൃകയാവാൻ കഴിയുന്ന സംയുക്ത സംരംഭങ്ങൾക്ക് പ്രചോദനം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശും ചടങ്ങിൽ പങ്കെടുത്തു.
 
****

( റിലീസ് ഐ.ഡി: 2215387) സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil