ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് ഇസ്രയേൽ സന്ദർശിച്ചു; മത്സ്യബന്ധന - മത്സ്യകൃഷി മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ സഹകരണം ശക്തിപ്പെടുത്തും

प्रविष्टि तिथि: 16 JAN 2026 12:10PM by PIB Thiruvananthpuram

"സമുദ്ര ഭക്ഷ്യസുരക്ഷ: സമുദ്ര ഭാവിയിലേക്ക് 2026"  എന്ന പ്രമേയത്തില്‍ ഇസ്രയേലിലെ എയ്ലാറ്റിൽ സംഘടിപ്പിച്ച രണ്ടാമത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി   കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങിന്റെ നേതൃത്വത്തില്‍ ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം 2026 ജനുവരി 13 മുതൽ 15 വരെ  നടത്തിയ ഔദ്യോഗിക ഇസ്രയേല്‍ സന്ദർശനം വിജയകരമായി പൂർത്തിയാക്കി. മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിൽ ഇന്ത്യയും ഇസ്രയേലും തമ്മിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പായിരുന്നു  സന്ദർശനം.

ഇസ്രയേൽ കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ മന്ത്രി  അവി ഡിക്റ്റർ, പ്രാദേശിക സഹകരണ മന്ത്രി  ഡേവിഡ് അംസലേം, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖല പ്രതിനിധികൾ എന്നിവരുമായി ഉച്ചകോടിയുടെ ഉദ്ഘാടന പ്ലീനറി സെഷനിൽ  കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് ആശയവിനിമയം നടത്തി. ഘാന, ജോർജിയ, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരും ജോർദാൻ, മൊറോക്കോ, റൊമാനിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ  മുതിർന്ന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഭക്ഷ്യ സുരക്ഷയും നീല സമ്പദ്ഘടനയും സംബന്ധിച്ച ആഗോള മന്ത്രിതല പാനൽ ചർച്ചയിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ഫിഷറീസ് മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം ആഗോള മത്സ്യബന്ധന-മത്സ്യകൃഷി മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്ക് എടുത്തുപറഞ്ഞു.  സുസ്ഥിര നീല സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, നൂതനാശയങ്ങള്‍, അന്താരാഷ്ട്ര സഹകരണം, ഉത്തരവാദിത്തപൂര്‍ണ വിഭവ നിര്‍വഹണം എന്നിവയിലൂടെ ആഗോള ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്താന്‍ ഇന്ത്യ പുലര്‍ത്തുന്ന  ശക്തമായ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

സന്ദർശന വേളയിൽ ഇസ്രായേൽ കൃഷിമന്ത്രി ഉദ്ഘാടനം ചെയ്ത 'അഗ്-ടെക് കാര്‍ഷിക നൂതനാശയ പ്രദര്‍ശനം  കേന്ദ്രമന്ത്രി സന്ദർശിച്ചു. മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രവിഭവങ്ങള്‍,  സമുദ്ര മേഖലയിലെ നൂതനാശയങ്ങള്‍  എന്നീ രംഗങ്ങളില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുമായി സംവദിച്ച അദ്ദേഹം  മേഖലയുടെ സുസ്ഥിര വളർച്ചയിൽ സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും നിർണായക പങ്ക്  പ്രത്യേകം പരാമര്‍ശിച്ചു.  

ഇസ്രയേൽ കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ മന്ത്രി  അവി ഡിക്റ്ററുമായും ഉച്ചകോടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിലെ മന്ത്രിമാരുമായും കേന്ദ്രമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. വ്യാപാരം, ശേഷി വികസനം, സ്റ്റാർട്ടപ്പുകളുടെ കൈമാറ്റം, സംയുക്ത ഗവേഷണ-വികസന പ്രവർത്തനങ്ങൾ, മികച്ച രീതികള്‍ പങ്കിടൽ, സമുദ്രജലകൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പടുത്തുന്നതിലാണ് ഇസ്രായേൽ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിലെ സഹകരണം സംബന്ധിച്ച സംയുക്ത മന്ത്രിതല പ്രഖ്യാപനത്തിൽ  ഇന്ത്യയും ഇസ്രായേലും ഒപ്പുവെച്ചതാണ്  സന്ദർശനത്തിന്റെ പ്രധാന സവിശേഷത. സാങ്കേതികവിദ്യ, സുസ്ഥിര മത്സ്യബന്ധന രീതികൾ, ശേഷി വികസനം, വ്യാപാരം എന്നിവയിലെ ഉഭയകക്ഷി സഹകരണത്തിന്  ഊന്നൽ നൽകുന്ന പ്രഖ്യാപനത്തിലൂടെ സംയുക്ത മികവുകേന്ദ്രങ്ങള്‍  സ്ഥാപിക്കുന്നതിന്  അടിത്തറപാകി.  

സുസ്ഥിര വളർച്ചയിലും അറിവുകള്‍ പങ്കുവെയ്ക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച്  ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിന് ഘാന മത്സ്യബന്ധന-മത്സ്യകൃഷി വികസന മന്ത്രി എമിലിയ ആർതറുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

കൂടാതെ പ്രമുഖ ഇസ്രായേലി വ്യവസായ പ്രതിനിധികളുമായും പ്രതിനിധി സംഘം ചർച്ചകൾ നടത്തി:

  • ജലക്ഷമതയേറിയ അത്യാധുനിക മത്സ്യകൃഷി സാങ്കേതികവിദ്യകളെക്കുറിച്ച് അക്വാകൾച്ചർ പ്രൊഡക്ഷൻ ടെക് ലിമിറ്റഡ് സിഇഒ  എലി ഗോൾഡ്ബെർഗുമായി ചർച്ച നടത്തി.

  • ചെമ്മീനുകളുടെ ആരോഗ്യത്തിനും ജൈവസുരക്ഷയ്ക്കും സഹായകമായ ആർഎൻഎ അധിഷ്ഠിത പരിഹാരങ്ങളെക്കുറിച്ച് വയാക്വാ തെറാപ്പിറ്റിക്സ് ലിമിറ്റഡ് സിഇഒ  ഷായ് ഉഫാസുമായി സംസാരിച്ചു.

  • ഹാച്ചറി ഉല്പാദനക്ഷമതയും വിത്തുകളുടെ ഗുണനിലവാരവും വർധിപ്പിക്കുന്ന അഡ്വാൻസ്ഡ് മൈക്രോ ആൽഗ സാങ്കേതികവിദ്യകളെക്കുറിച്ച് ബാർ ആൽഗ സിഇഒ  ഡോറോൺ ഐസൻസ്റ്റാഡുമായി ചർച്ചകൾ നടത്തി.

സമുദ്ര അക്വാകൾച്ചർ ഗവേഷണ രംഗത്തെ ഇസ്രയേലിലെ പ്രധാന കേന്ദ്രമായ നാഷണൽ സെന്റർ ഫോർ മാരിക്കൾച്ചർ (എന്‍സിഎം) സന്ദർശിച്ച പ്രതിനിധി സംഘം പ്രജനന മത്സ്യങ്ങളുടെ വികസനം, ഹാച്ചറി സാങ്കേതികവിദ്യകൾ, ഐഎംടിഎ മാതൃകകള്‍, രോഗ നിയന്ത്രണം എന്നിവയെക്കുറിച്ച്  ചർച്ചകള്‍ നടത്തി. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി ആധുനിക സമുദ്രജലകൃഷി രീതികൾ  രൂപപ്പെടുത്തുന്നതും സംയുക്ത ഗവേഷണവും സംബന്ധിച്ച സാധ്യതകൾ വിലയിരുത്തി.

****

ഇന്ത്യയും ഇസ്രയേലും തമ്മില്‍ ആഴമേറിയ സഹകരണത്തിന് പ്രായോഗിക വഴികൾ തേടുന്നതിന്റെ ഭാഗമായി  അത്യാധുനിക മത്സ്യകൃഷി, നീല സമ്പദവ്യവസ്ഥ  ഗവേഷണ രംഗത്തെ പ്രമുഖ കേന്ദ്രമായ സീനോവേഷൻ നൂതനാശയ കേന്ദ്രവും പ്രതിനിധി സംഘം സന്ദർശിച്ചു.

ഇന്ത്യയും ഇസ്രയേലും തമ്മില്‍  വളർന്നുവരുന്ന തന്ത്രപരവും സാമ്പത്തികവുമായ ബന്ധത്തെ അടിവരയിടുന്ന  സന്ദർശനം  മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിൽ സഹകരണം വർധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന പ്രതിബദ്ധതയുടെ  പ്രതിഫലനമാണ്.   ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്താനും പരസ്പര താല്പര്യമുള്ള മേഖലകളിൽ സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കാനും സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

***


(रिलीज़ आईडी: 2215386) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil