ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ഗോത്ര മേഖലകളിലെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഗോത്ര ചികിത്സകർക്കായി ഇന്ത്യയിലെ ആദ്യ ദേശീയ ശേഷി വികസന പരിപാടി സംഘടിപ്പിക്കാൻ ഗോത്രകാര്യ മന്ത്രാലയം
प्रविष्टि तिथि:
15 JAN 2026 5:58PM by PIB Thiruvananthpuram
ഗോത്ര സമൂഹങ്ങളുടെ സമഗ്രവും, സമത്വപൂർണ്ണവും, സാംസ്കാരികവുമായ വികസനം എന്ന ആദരണീയ .പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്ക്കരിക്കുന്നതിനായി, ഭാരത സർക്കാരിന് കീഴിലുള്ള ഗോത്രകാര്യ മന്ത്രാലയം (MoTA), ഗോത്ര മേഖലകളിലെ ആരോഗ്യ പരിപാലനം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഗോത്ര ചികിത്സകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ദേശീയ ശേഷി വികസന പരിപാടി 2026 ജനുവരി 16 മുതൽ 17 വരെ തെലങ്കാനയിലെ ഹൈദരാബാദിൽ സംഘടിപ്പിക്കും. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിനുള്ളിൽ വിശ്വാസയോഗ്യമായ സാമൂഹിക-തല പങ്കാളികളായി ഗോത്ര, തദ്ദേശീയ രോഗചികിത്സകരെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനും, പ്രാപ്തരാക്കുന്നതിനും, സംയോജിപ്പിക്കുന്നതിനുമുള്ള ആദ്യ ദേശീയ സംരംഭമാണ് ഈ പരിപാടി.
ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഓറം, ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയികെ, ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീമതി രഞ്ജന ചോപ്ര എന്നിവർക്കൊപ്പം ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. എല്ലാവരെയും ഉൾക്കൊള്ളുന്നതും, സാംസ്കാരികമായി സംവേദനക്ഷമവും, തെളിവുകളിൽ ആധാരിതവുമായ ഗോത്രാരോഗ്യ ഇടപെടലുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഭാരത സർക്കാരിൻറെ പ്രതിബദ്ധത ഈ ചടങ്ങിൽ പ്രതിഫലിക്കും.
ഇന്ത്യയുടെ ആദ്യ ദേശീയ ഗോത്രാരോഗ്യ നിരീക്ഷണ കേന്ദ്രമായ ഭാരത് ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി (B-THO) സ്ഥാപിക്കുന്നതിനായി, ഗോത്രകാര്യ മന്ത്രാലയവും ഭുവനേശ്വറിലെ ഐസിഎംആർ-റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററും (RMRC) തമ്മിൽ ഒരു ധാരണാപത്രം (MoU) ഒപ്പുവെക്കുന്നതാണ് പരിപാടിയുടെ ഒരു പ്രധാന ആകർഷണം.ചരിത്രപ്രാധാന്യമുള്ള ഈ സഹകരണം ഗോത്ര ജില്ലകളിലെ ഗോത്ര-വിഭജിത ആരോഗ്യ നിരീക്ഷണം, നിർവ്വഹണം, ഗവേഷണം, ഗവേഷണാധിഷ്ഠിത രോഗ നിർമാർജന സംരംഭങ്ങൾ എന്നിവ സ്ഥാപനവത്ക്കരിക്കുകയും, ഗോത്ര-നിർദ്ദിഷ്ട ആരോഗ്യ ഡാറ്റ, വിശകലനങ്ങൾ, നയരൂപീകരണത്തിനുള്ള തെളിവുകൾ എന്നിവയിൽ നിലനിൽക്കുന്ന ദീർഘകാല ദേശീയ പരിമിതി പരിഹരിക്കുകയും ചെയ്യും.
വർഷങ്ങളായി, ദേശീയ അരിവാൾ രോഗ നിർമാർജ്ജന ദൗത്യം, ക്ഷയം, കുഷ്ഠം, മലേറിയ തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ദേശീയ പരിപാടികൾ എന്നിവയുമായുള്ള ശക്തമായ ഏകോപനം, ഗോത്ര മേഖലകളിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണം എന്നിവയിലൂടെ ഗോത്രാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗോത്രകാര്യ മന്ത്രാലയം നേതൃസ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി ജൻജാതി ആദിവാസി മഹാ ന്യായ അഭിയാൻ (PM JANMAN), ധർതി ആബാ ജൻജാതിയ ഗ്രാമ ഉത്കർഷ് അഭിയാൻ (DAJGUA) എന്നീ അഭിമാന പദ്ധതികൾ ഉൾപ്പെടെയുള്ള ഈ നിരന്തര ശ്രമങ്ങൾ, ഗോത്ര മേഖലയിലും പ്രത്യേകിച്ച് അതീവ ദുർബല ഗോത്രവിഭാഗങ്ങൾ (PVTG) അധിവസിക്കുന്ന പ്രദേശങ്ങളിലുമുള്ള ആരോഗ്യ അസമത്വങ്ങൾ നേരിടുന്നതിൽ മന്ത്രാലയത്തെ മുൻപന്തിയിലെത്തിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ന്യൂഡൽഹി, ജോധ്പൂർ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആയുഷ് മന്ത്രാലയം, ലോകാരോഗ്യ സംഘടന എന്നിവയുൾപ്പെടെ പ്രമുഖ ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ശക്തമായ സാങ്കേതിക, വിജ്ഞാന പങ്കാളിത്തത്തോടെയാണ് ശേഷി വികസന പരിപാടി സംഘടിപ്പിക്കുന്നത്. ഈ സഹകരണങ്ങൾ ഗോത്ര ചികിത്സകരുമായുള്ള ഘടനാപരമായ ഇടപെടലുകൾക്ക് ആഗോള തലത്തിലെ തെളിവുകൾ, ദേശീയ തലത്തിലെ മികച്ച പ്രവർത്തന രീതികൾ, ശാസ്ത്രീയത എന്നിവ ആധാരമാക്കും.
ഐസിഎംആർ–ആർഎംആർസിയുമായുള്ള ധാരണാപത്രം (MoU) ഡാഷ്ബോർഡുകൾ, ജിഐഎസ് അടിസ്ഥാനമാക്കിയുള്ള വിശകലനം, കാലാനുസൃത ഗോത്രാരോഗ്യ റിപ്പോർട്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന സുരക്ഷിതമായ ഒരു ഡിജിറ്റൽ ഗോത്രാരോഗ്യ നിരീക്ഷണ പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ ഇത് സഹായകമാകും. ഒപ്പം, ഭാരത് ട്രൈബൽ ഫാമിലി ഹെൽത്ത് സർവേ (BTFHS) നടപ്പാക്കുന്നതിനും, ദേശീയ ക്ഷയരോഗ നിർമാർജ്ജന പദ്ധതി (NTEP), നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസസ് കൺട്രോൾ (NCVBDC) പോലുള്ള ദേശീയ പരിപാടികൾക്ക് അനുപൂരകമായ രോഗ-നിർദ്ദിഷ്ട നിർവ്വഹണ ഗവേഷണം സാധ്യമാക്കുന്നതിനും ഇത് വഴിയൊരുക്കും.കൂടാതെ, സംസ്ഥാനത്തെയും ജില്ലാതലങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളുടെ ശേഷിവികസനത്തിനും, ഗോത്ര ചികിത്സകരെ ബോധവത്ക്കരണവും റഫറൽ കേന്ദ്രീകൃതവുമായ പരിശീലനത്തിലൂടെ ശക്തിപ്പെടുത്തുന്നതിനും സഹകരണം പിന്തുണ നൽകും.
ഒരുമിച്ച് വിലയിരുത്തുമ്പോൾ, ദേശീയ ശേഷി വികസന പരിപാടിയും ധാരണാപത്രം ഒപ്പുവെക്കലും ഗോത്ര വികസനത്തിലെ സുപ്രധാനവും അഭൂതപൂർവവുമായ ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു. പരമ്പരാഗത വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനപ്പുറം, ഘടനാപരമായ ശേഷി നിർമ്മാണം, ധാർമ്മിക സുരക്ഷാ സംവിധാനങ്ങൾ, സ്ഥാപനപരമായ ബന്ധങ്ങൾ, ഡാറ്റാധിഷ്ഠിത പ്രവർത്തനം എന്നിവയിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യമെമ്പാടുമുള്ള ഏറ്റവും അവഗണിക്കപ്പെട്ട ഗോത്ര മേഖലകളിൽ ദീർഘകാലീനമായ ആരോഗ്യ ഫലങ്ങൾ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ, ഗോത്ര വിജ്ഞാന സംവിധാനങ്ങളെയും ആധുനിക പൊതുജനാരോഗ്യ ഘടനകളെയും തമ്മിൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിലുള്ള ഗോത്രകാര്യ മന്ത്രാലയത്തിന്റെ ശക്തമായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
(रिलीज़ आईडी: 2215160)
आगंतुक पटल : 2