രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമു ഗുരു നാനാക് ദേവ് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു
प्रविष्टि तिथि:
15 JAN 2026 1:53PM by PIB Thiruvananthpuram
പഞ്ചാബിലെ അമൃത്സറിൽ ഇന്ന് ( 2026 ജനുവരി 15) നടന്ന ഗുരുനാനാക് ദേവ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

ഔപചാരിക വിദ്യാഭ്യാസാനന്തരം വിദ്യാർത്ഥികൾ വ്യത്യസ്ത ദിശകളിലേക്ക് അവരുടെ ജീവിത യാത്ര ആരംഭിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ചിലർ സർക്കാർ- സ്വകാര്യ മേഖലകളിൽ സേവനമനുഷ്ഠിക്കും. മറ്റു ചിലർ ഉന്നത വിദ്യാഭ്യാസമോ ഗവേഷണമോ തെരഞ്ഞെടുക്കും. അതേസമയം വേറെ ചിലർ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുകയോ അധ്യാപന മേഖലയിൽ കരിയർ കെട്ടിപ്പടുക്കുകയോ ചെയ്യും. ഓരോ മേഖലയ്ക്കും വ്യത്യസ്ത തരത്തിലുള്ള യോഗ്യതകളും കഴിവുകളും ആവശ്യമാണെങ്കിലും, പൊതുവായ ചില ഗുണങ്ങൾ ഇപ്പറഞ്ഞ എല്ലാ മേഖലയുടേയും പുരോഗതിയ്ക്ക് ഒരു പോലെ അനിവാര്യമാണ്. പഠിക്കാനുള്ള നിരന്തരമായ ആഗ്രഹം, പ്രതികൂലവും ദുഷ്‌കരവുമായ സാഹചര്യങ്ങളിൽ പോലും ധാർമ്മിക മൂല്യങ്ങളോടുള്ള ഉറച്ച മനോഭാവം, സമഗ്രത, സത്യസന്ധത, മാറ്റത്തെ സ്വീകരിക്കാനുള്ള ധൈര്യം, പരാജയങ്ങളിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകാനുള്ള ദൃഢനിശ്ചയം, ടീം വർക്കിന്റെയും സഹകരണത്തിന്റെയും മനോഭാവം, സമയത്തിന്റെയും വിഭവങ്ങളുടെയും സംയമനത്തോടെയുള്ള ഉപയോഗം, വ്യക്തിഗത നേട്ടത്തിലുപരി സമൂഹത്തിന്റെയും രാജ്യത്തിന്റെയും മഹത്തായ നന്മയ്ക്കായി അറിവും കഴിവുകളും ഉപയോഗിക്കാനുള്ള മനസ്സ് എന്നിവയാണ് ഈ ഗുണങ്ങൾ.ഇവ അവരെ നല്ല പ്രൊഫഷണലുകളാക്കി മാറ്റുക മാത്രമല്ല, ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുകയും ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു.

വിദ്യാഭ്യാസം കേവലം ഉപജീവനമാർഗം മാത്രമല്ലെന്നും അത് സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് വിദ്യാർത്ഥികൾ ഓർക്കണമെന്ന് രാഷ്ട്രപതി ഉപദേശിച്ചു. തങ്ങളുടെ വിദ്യാഭ്യാസത്തിന് സംഭാവന നൽകിയ സമൂഹത്തോട് വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നുവെന്നും വികസന യാത്രയിൽ പിന്നാക്കം പോയവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഇവരുടെ ശ്രമങ്ങൾ ഇത്തരം കടങ്ങൾ വീട്ടാനുള്ള ഒരു മാർഗമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സാങ്കേതിക വികസനത്തിലും സംരംഭകത്വ സംസ്കാരത്തിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ന് കൃഷി മുതൽ നിർമ്മിത ബുദ്ധി വരെയും പ്രതിരോധ മേഖല മുതൽ ബഹിരാകാശ മേഖല വരെയും നിരവധി സംരംഭക അവസരങ്ങൾ യുവാക്കൾക്ക് ലഭ്യമാണെന്നും അവർ വ്യക്തമാക്കി.ഗവേഷണം പ്രോത്സാഹിപ്പിച്ചും, വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തിയും, സാമൂഹിക ഉയർച്ചയ്ക്കുള്ള കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിച്ചും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ പുരോഗതി കൂടുതൽ ത്വരിതപ്പെടുത്താൻ ഇനിയും കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു
സമീപകാലത്ത് പഞ്ചാബിൽ ലഹരിയുപയോഗം ഗുരുതര വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവജനങ്ങളെയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഈ പ്രശ്നം ആരോഗ്യത്തെ മാത്രമല്ല, സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക - ധാർമ്മിക ഘടനയെയും പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യപൂർണ്ണമായ ഒരു സമൂഹം രൂപപ്പെടുത്തുന്നതിനായി ഈ പ്രശ്നത്തിന് ദീർഘകാല പരിഹാരം അനിവാര്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഗുരു നാനക് ദേവ് സർവകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് ഈ പശ്ചാത്തലത്തിൽ അത്യന്തം നിർണായകമാണെന്നും, ഈ സർവകലാശാലയിലെ എല്ലാ പങ്കാളികളും യുവജനങ്ങളെ ശരിയായ ദിശയിൽ നയിക്കുന്നതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും രാഷ്ട്രപതി അഭ്യർത്ഥിച്ചു.
വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ അടുത്ത രണ്ട് ദശാബ്ദങ്ങൾ അത്യന്തം നിർണായകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശാസ്ത്രീയ ചിന്താഗതിയുള്ളവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരും സ്വാർത്ഥരഹിതമായി സേവനം ചെയ്യുന്നവരുമായ യുവജനങ്ങളിലാണ് ഇന്ത്യയുടെ ഭാവിയെന്നും അവർ വ്യക്തമാക്കി. ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവർ അഭ്യർത്ഥിച്ചു.ഏത് തൊഴിൽ തിരഞ്ഞെടുത്താലും, രാജ്യത്തെ ശാക്തീകരിക്കുകയും മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലായിരിക്കണം വിദ്യാർത്ഥികൾ മുൻഗണന നൽകേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.
ശ്രീ ഗുരു നാനാക് ദേവ് ജിയുടെ അഞ്ഞൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗുരു നാനാക് ദേവ് സർവകലാശാല സ്ഥാപിതമായതെന്നും അദ്ദേഹത്തിന്റെ ആദർശങ്ങളും മൂല്യങ്ങളുമാണ് ഈ സർവകലാശാലയ്ക്ക് മാർഗദർശകമായ സിദ്ധാന്തങ്ങളെന്നും രാഷ്ട്രപതി പറഞ്ഞു. ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ഉപദേശങ്ങൾ നമ്മുടെ പൊതു പൈതൃകമാണെന്നും, അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും സർവമാനവ ക്ഷേമത്തിലേക്ക് വഴി തുറക്കുന്നവയാണെന്നും ശ്രീമതി മുർമു പറഞ്ഞു.

അദ്ദേഹത്തിന്റെ ആദർശങ്ങളെ നാം ജീവിതത്തിൽ സ്വാംശീകരിക്കുക വഴി സമൂഹത്തെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യാവകാശങ്ങൾ നൽകണമെന്ന് ഗുരുനാനാക് ദേവ് ജി നമ്മെ പഠിപ്പിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഗുരുനാനാക് ദേവിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി ഗുരുനാനാക് ദേവ് സർവകലാശാല സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്നുവെന്ന കാര്യം ബിരുദദാന ചടങ്ങിൽ ബിരുദങ്ങളും മെഡലുകളും സ്വീകരിക്കുന്നവരിൽ വിദ്യാർത്ഥിനികളുടെ പ്രാധാന്യം കണ്ടതിൽ നിന്ന് മനസ്സിലായെന്നും ഇതിൽ സന്തോഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകൾക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യത്തെയാണ് വ്യക്തമാക്കുന്നതെന്നും എല്ലാവരും ഇതിനായി പരിശ്രമിക്കണമെന്നും ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.
****
(रिलीज़ आईडी: 2214933)
आगंतुक पटल : 9