ഗ്രാമീണ വികസന മന്ത്രാലയം
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ദേശീയ സംരംഭകത്വ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
प्रविष्टि तिथि:
14 JAN 2026 2:40PM by PIB Thiruvananthpuram
വ്യത്യസ്തവും സുസ്ഥിരവുമായ ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമീണ സ്ത്രീകളുടെ വരുമാന നിലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ദീൻദയാൽ അന്ത്യോദയ യോജന - നാഷണൽ റൂറൽ ലിവ്‌ലിഹുഡ് മിഷൻ (DAY-NRLM) ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു വഴിയാണ് കാർഷികേതര ഗ്രാമീണ സംരംഭങ്ങളുടെ പ്രോത്സാഹനം. കഴിഞ്ഞ കുറേ വർഷങ്ങളായി, സ്റ്റാർട്ട്-അപ്പ് വില്ലേജ് എൻ്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP) ഉൾപ്പെടെയുള്ള കാർഷികേതര ഉപജീവന പദ്ധതികൾ, പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കേഡറുകളുടെ പിന്തുണയോടെ സംരംഭക മാതൃകകൾ വിജയിപ്പിച്ചിട്ടുണ്ട്. സംരംഭങ്ങളെക്കുറിച്ചുള്ള അവബോധം, അവ ആരംഭിക്കാനുള്ള പിന്തുണ, മെൻ്ററിംഗ്, കൈത്താങ്ങ് എന്നിവ നൽകിക്കൊണ്ട് താഴെത്തട്ടിൽ പ്രേരകശക്തിയായി ഈ കേഡറുകൾ പ്രവർത്തിക്കുന്നു.
കുറഞ്ഞത് 3 കോടി 'ലഖ്പതി ദീദി'മാരെ (പ്രതിവർഷം ഒരു ലക്ഷം രൂപയോ അതിലധികമോ വരുമാനം നേടുന്ന സ്വയം സഹായ സംഘത്തിലെ വനിതാ അംഗങ്ങൾ) ശാക്തീകരിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ലഖ്പതി ദീദി ലക്ഷ്യം കൈവരിക്കുന്നതിന് ഈ കേഡറുകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകണം .
ഈ മുൻഗണനകൾ മുന്നിൽക്കണ്ട് , ഗ്രാമീണ വികസന മന്ത്രാലയ അഡീഷണൽ സെക്രട്ടറി 2026 ജനുവരി 12-ന് "ദേശീയ സംരംഭകത്വ ക്യാമ്പയിൻ" (National Campaign on Entrepreneurship) ഉദ്ഘാടനം ചെയ്തു. നിതി ആയോഗ് അഡൈ്വസർ (RD&PR), നബാർഡ് ചെയർമാൻ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, IFMR LEAD (KREA യൂണിവേഴ്സിറ്റി), EDII, IIM കൽക്കട്ട ഇന്നൊവേഷൻ പാർക്ക് എന്നിവയുടെ പ്രതിനിധികളും സംസ്ഥാന റൂറൽ ലിവ്‌ലിഹുഡ് മിഷൻ (SRLM) സിഇഒമാരും അവരുടെ ടീമിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
സംരംഭകത്വ പ്രോത്സാഹനത്തെക്കുറിച്ച് 50,000 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർക്ക് (CRPs) പരിശീലനം നൽകുകയും അവരുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക, DAY-NRLM-ലെ 50 ലക്ഷം സ്വയം സഹായ സംഘം (SHG) അംഗങ്ങൾക്ക് സംരംഭകത്വ വികസന പരിശീലനം (EDP training) നൽകുക എന്നിവയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങൾ.
രാജ്യത്തിൻ്റെ ഗ്രാമീണ മേഖലയിലുടനീളം സംരംഭകത്വ വികസനം ആഴത്തിൽ എത്തിക്കാനും പ്രാദേശിക സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളുടെ സംരംഭകത്വ ശേഷി പുറത്തെടുക്കാനുള്ള അനുയോജ്യമായ അവസരമാണ് ഈ ദേശീയ കാമ്പയിൻ മുന്നോട്ട് വെക്കുന്നത്. ഈ ക്യാമ്പയിൻ ആയിരക്കണക്കിന് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ സൃഷ്ടിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് ഗ്രാമീണ സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യും. ഇത് അതിജീവന ശേഷിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വയംപര്യാപ്തവുമായ ഒരു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും, താഴെത്തട്ടിലുള്ള സംരംഭങ്ങൾക്ക് ഔദ്യോഗിക സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യും.
LPSS
*****
(रिलीज़ आईडी: 2214590)
आगंतुक पटल : 13