ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും അനുഭവിച്ചറിഞ്ഞ് വിദേശ അതിഥികള്‍; ലോക്സഭാ സ്പീക്കർക്കൊപ്പം ലോഹ്‍റി ആഘോഷിച്ചു

प्रविष्टि तिथि: 13 JAN 2026 10:16AM by PIB Thiruvananthpuram
28-ാമത് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും സമ്മേളനത്തിന്റെ  (CSPOC) ഭാഗമായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയിലെയും കരീബിയൻ രാഷ്ട്രമായ ഗ്രനേഡയിലെയും പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കൻ പാർലമെന്റിന്റെ നാഷണൽ കൗൺസിൽ ഓഫ് പ്രൊവിൻസസ് ഡെപ്യൂട്ടി ചെയർപേഴ്സൺ  എൽ. ഗോവേന്ദർ, വൈസ് ചെയർപേഴ്സൺ ഡോ. ആനെലി ലോട്രിയെറ്റ്, ഗ്രനേഡ സെനറ്റ് പ്രസിഡന്റ് ഡോ. ഡെസിമ വില്യംസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തെ സ്പീക്കർ ഊഷ്മളമായി സ്വാഗതം ചെയ്തു.

ലോക്സഭാ സ്പീക്കർക്കൊപ്പം പരമ്പരാഗത ഉത്സവമായ ലോഹ്‍റി ആഘോഷിച്ച  പ്രതിനിധി സംഘം  അഗ്നിപൂജ ആചാരത്തിൽ പങ്കുചേര്‍ന്നു.  രാജ്യത്തെ സംസ്കാരത്തിന്റെയും ഉത്സവങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞ സ്പീക്കർ ഇന്ത്യന്‍ ഉത്സവങ്ങളും സാംസ്കാരിക സംവാദങ്ങളും ആഗോള സാഹോദര്യത്തെയും പരസ്പര ബഹുമാനത്തെയും മാനുഷിക മൂല്യങ്ങളെയും ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി.  കൂടിക്കാഴ്ചയ്ക്കിടെ  ജനാധിപത്യ മൂല്യങ്ങൾക്ക് കരുത്തുപകരുന്നതിലും പാർലമെന്ററി സഹകരണത്തിലും പരസ്പര ധാരണയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ  സൗഹൃദപരമായ ഉഭയകക്ഷി ചർച്ചകൾ നടന്നു. ചരിത്രപരമായ സൗഹൃദ ബന്ധങ്ങളും തന്ത്രപ്രധാന പങ്കാളിത്തവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇരുപക്ഷവും പ്രതിബദ്ധത ആവർത്തിച്ചു.

മഹാത്മാഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും പൈതൃകം ജനാധിപത്യത്തിന്റെയും  സാമൂഹ്യനീതിയുടെയും ഉള്‍ച്ചേര്‍ക്കലിന്റെയും  മൂല്യങ്ങളിലൂടെ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതായി ലോക്സഭാ സ്പീക്കർ ചൂണ്ടിക്കാട്ടി. ബ്രിക്സ്, ജി-20 തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ സഹകരണം ഇരു ജനാധിപത്യ രാജ്യങ്ങൾക്കുമിടയില്‍ വിശ്വാസത്തിന്റെയും പങ്കാളിത്തത്തിന്റെയും ശക്തമായ അടിത്തറയായി വിശേഷിപ്പിക്കപ്പെട്ടു. പാർലമെന്ററി പ്രതിനിധി സംഘങ്ങളുടെ പതിവ് കൈമാറ്റവും  നിയമനിർമാണ രംഗത്തെ മികച്ച മാതൃകകളുടെ പങ്കുവെയ്ക്കലും ഇരുപക്ഷവും അംഗീകരിച്ചു.    

ഇന്ത്യൻ പാർലമെന്റിന്റെ 'പ്രൈഡ്' ഇൻസ്റ്റിറ്റ്യൂട്ട് വഴി പാർലമെന്റ് അംഗങ്ങൾക്കും പാർലമെന്ററി ഉദ്യോഗസ്ഥർക്കും പരിശീലനവും ശേഷി വർധനയും  ഉറപ്പാക്കുന്നതിലെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. കൂടാതെ നിര്‍മിതബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യകൾ, ബഹുഭാഷാ വിവർത്തനം, പൗരകേന്ദ്രീകൃത പാർലമെന്ററി സേവനങ്ങൾ എന്നിവയുൾപ്പെടെ 'ഡിജിറ്റൽ പാർലമെന്റ്' സംരംഭത്തിന് കീഴിലെ ഇന്ത്യയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും യോഗം താല്പര്യം പ്രകടിപ്പിച്ചു. ഇന്ത്യ-ദക്ഷിണാഫ്രിക്ക പാർലമെന്ററി ബന്ധത്തിന് കൂടിക്കാഴ്ച പുതിയ ഊർജം പകരുമെന്ന് ഇരുരാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമാനമായി ഗ്രനേഡ സെനറ്റ് പ്രസിഡന്റ് ഡോ. ഡെസിമ വില്യംസുമായും ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി പാർലമെന്ററി സംഭാഷണത്തില്‍ നിരവധി സുപ്രധാന വിഷയങ്ങൾ ചർച്ചയായി.  പുതുവത്സരാശംസകളും ലോഹ്‍റി ഉത്സവാശംസകളും അറിയിച്ച ഡോ. വില്യംസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിന് അഭിനന്ദനങ്ങളറിയിച്ചു.

പൊതുതിരഞ്ഞെടുപ്പിൽ ഏകദേശം 90 കോടി വോട്ടർമാരുടെ പങ്കാളിത്തം  കരുത്തുറ്റ ഇന്ത്യന്‍  ജനാധിപത്യത്തിന്റെ  ഉജ്വല ഉദാഹരണമാണെന്ന് ലോക്സഭാ സ്പീക്കർ പറഞ്ഞു. ഇന്ത്യയും പ്രത്യേകിച്ച്  രാജസ്ഥാനും സന്ദർശിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ച ഡോ. ഡെസിമ വില്യംസ് ഇന്ത്യയും കരീബിയൻ രാജ്യങ്ങളും തമ്മിലെ ക്രിക്കറ്റിന്റെ ജനപ്രീതി എടുത്തുപറഞ്ഞു.  സുനിൽ ഗാവസ്കർ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർ കരീബിയൻ യുവാക്കൾക്ക് മാതൃകകളാണെന്ന് അവർ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും പാർലമെന്ററി സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങള്‍  നേരിടുന്ന പൊതു വെല്ലുവിളികള്‍, സംവാദത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇന്ത്യൻ പാർലമെന്റിന്റെ 'പ്രൈഡ്' ഇൻസ്റ്റിറ്റ്യൂട്ടിലും ഡിജിറ്റൽ പാർലമെന്റ്, എഐ, ബഹുഭാഷാ പാർലമെന്ററി സൗകര്യങ്ങൾ എന്നിവയിലും ഗ്രനേഡ പ്രതിനിധി സംഘം പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. ഇന്ത്യ-ഗ്രനേഡ പാർലമെന്ററി, ഉഭയകക്ഷി ബന്ധങ്ങൾക്ക്  കൂടിക്കാഴ്ച പുതിയ ദിശാബോധവും വേഗവും നൽകുമെന്ന് ഇരുപക്ഷവും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
SKY
 
*****

(रिलीज़ आईडी: 2214477) आगंतुक पटल : 2
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Kannada