പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
കാലാവസ്ഥാ വെല്ലുവിളികളെ പ്രതിരോധിക്കുന്ന കൃഷിക്കും ഗ്രാമീണ സമൃദ്ധിക്കും പുനരുപയോഗ ഊർജ്ജം അനിവാര്യം: കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി
प्रविष्टि तिथि:
12 JAN 2026 7:01PM by PIB Thiruvananthpuram
ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ ഉപജീവനമാർഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുനരുപയോഗ ഊർജ്ജത്തെ ഭക്ഷ്യ-കാർഷിക മേഖലയിലെ സംവിധാനങ്ങളുമായി സമന്വയിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി പ്രൾഹാദ് ജോഷി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസിയും (IRENA) ഭക്ഷ്യ-കാർഷിക സംഘടനയും (FAO) സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യ-കാർഷിക മേഖലയിലെ പുനരുപയോഗ ഊർജ്ജ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള അന്തർ-മന്ത്രിതല സംഭാഷണത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള വേദികളിൽ ഇന്ത്യ സംസാരിക്കുമ്പോൾ, അത് മാനവരാശിയുടെ ആറിലൊന്നിനെയും, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ ചിലതിനെയും, അതിവേഗം വളരുന്ന പുനരുപയോഗ ഊർജ്ജ വിപണികളിലൊന്നിനെയും പ്രതിനിധീകരിക്കുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാർഷിക സംസ്ക്കാരം വിശദീകരിക്കവേ, അന്നദാതാക്കളായി ആദരിക്കപ്പെടുന്ന കർഷകർ ഇന്ന് പുനരുപയോഗ ഊർജ്ജത്തിൻ്റെ വളർച്ചയിലൂടെ ഭക്ഷണ ദാതാക്കളായും ശുദ്ധ “ഊർജദാതാക്കളായി” മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഊർജ്ജ ലഭ്യത, കാലാവസ്ഥാ പ്രവർത്തനം, കാർഷിക ഉത്പാദനക്ഷമത, ഗ്രാമീണ ഉപജീവനമാർഗങ്ങൾ എന്നിവ ഒരേസമയം ഉറപ്പാക്കുക എന്ന ബഹുമുഖമായ ആഗോള വെല്ലുവിളിക്ക് പുനരുപയോഗ ഊർജ്ജം ഏകീകൃതവും ഫലപ്രദവുമായ പരിഹാരമാണെന്ന് മന്ത്രി വ്യക്തമാക്കി. ശക്തമായ നയങ്ങൾ, വികേന്ദ്രീകൃത പ്രവർത്തന മാതൃകകൾ, സർവ്വാശ്ലേഷിയായ രൂപകൽപ്പന, ശക്തമായ അന്തർ-മന്ത്രാലയ ഏകോപനം എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്നതും പ്രവൃത്തിപഥത്തിലെത്തിക്കാൻ കഴിയുന്ന അഭിലാഷങ്ങളിൽ അധിഷ്ഠിതവുമാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

പുറമെ നിന്ന് വൈദ്യുതി കണക്‌ഷൻ ആവശ്യമില്ലാത്ത സ്റ്റാൻഡ്-എലോൺ സൗരോർജ്ജ പമ്പുകൾ, ഗ്രിഡ്-കണക്റ്റഡ് പമ്പുകളുടെ സൗരോർജ്ജവത്ക്കരണം, വികേന്ദ്രീകൃത സൗരോർജ്ജ വൈദ്യുതി നിലയങ്ങൾ എന്നിവയിലൂടെ സൗരോർജ്ജം ഫലപ്രദമായി കാർഷിക മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് 2019 ൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ ഊർജ്ജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ (പി.എം.-കുസും) പദ്ധതിയെന്ന് ശ്രീ ജോഷി വ്യക്തമാക്കി. 2025 അവസാനത്തോടെ ഏകദേശം 10 ലക്ഷം സ്റ്റാൻഡ്-എലോൺ സോളാർ പമ്പുകൾ സ്ഥാപിക്കുകയും, 11 ലക്ഷത്തിലധികം ഗ്രിഡ്-കണക്റ്റഡ് പമ്പുകൾ സൗരോർജ്ജവത്ക്കരിക്കുകയും ചെയ്തതിലൂടെ 10,200 മെഗാവാട്ടിലധികം സ്ഥാപിത ശേഷി സൃഷ്ടിക്കാനായതായും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഡീസൽ ആശ്രിതത്വം കുറയുകയും, ജലസേചന ചെലവുകൾ സ്ഥിരത കൈവരിക്കുകയും, കാർബൺ ബഹിർഗമനം ഗണ്യമായി കുറയുകയും, ആവർത്തിച്ചുള്ള സബ്‌സിഡികളിൽ നിന്ന് ദീർഘകാല ആസ്തി അധിഷ്ഠിത നിക്ഷേപത്തിലേക്ക് പരിവർത്തനം സാധ്യമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നയപരമായ സ്ഥിരതയും കാർഷിക ആവശ്യങ്ങളും ഉത്പന്നങ്ങളും സമാഹരിക്കുന്നതിന് സർക്കാർ ഉറപ്പാക്കിയ പ്രാഥമിക സംവിധാനങ്ങളുമാണ് മേഖലയുടെ വിപുലീകരണം, ബാങ്കിംഗ് ശേഷി, വാണിജ്യ സാധ്യത എന്നിവ ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് പരാമർശിക്കവെ ശ്രീ ജോഷി പറഞ്ഞു. മിച്ച സൗരോർജ്ജം വിറ്റഴിക്കാനുള്ള സംവിധാനങ്ങൾ, കാർഷിക അവശിഷ്ടങ്ങളെ ഊർജ്ജമായി പരിവർത്തനം ചെയ്യുന്ന ദേശീയ ജൈവ ഊർജ്ജ പദ്ധതി, പുരപ്പുറ സൗരോർജ്ജത്തിനായുള്ള പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന തുടങ്ങിയ സംരംഭങ്ങൾ കർഷകർക്ക് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുകയും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും, ഗ്രാമീണ ഊർജ്ജ സുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
ഭാവി ലക്ഷ്യമാക്കി, വികേന്ദ്രീകൃത സൗരോർജ്ജ പരിഹാരങ്ങളിലും കൃഷിയും സൗരോർജ്ജ ഉത്പാദനവും ഒരുമിച്ച് സാധ്യമാക്കുന്ന കാർഷിക-ഫോട്ടോവോൾട്ടെയ്‌ക്‌സ് (അഗ്രി-പിവി) സംവിധാനങ്ങളിലും ഊന്നൽ നൽകിക്കൊണ്ട് പി.എം.-കുസും 2.0 ആരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത അഗ്രി-പിവി സംവിധാനങ്ങൾ വിളവ് നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം സൂക്ഷ്മ കാലാവസ്ഥ നിയന്ത്രണം സാധ്യമാക്കുകയും ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കുകയും കർഷകരുടെ വരുമാനം വൈവിധ്യവത്കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കാനും നൂതന പരിഹാരങ്ങൾ വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെ സന്നദ്ധത പ്രസംഗം ഉപസംഹരിക്കവേ ശ്രീ ജോഷി ആവർത്തിച്ചു. സമൃദ്ധമായ സൂര്യപ്രകാശവും 146 ദശലക്ഷത്തിലധികം ചെറുകിട ഭൂവുടമകളുമുള്ള സാഹചര്യത്തിൽ, പുനരുപയോഗ ഊർജ്ജം വിനിയോഗിക്കുന്ന കാർഷിക-ഭക്ഷ്യ സംവിധാനങ്ങളുടെ ആഗോള നേതൃത്വത്തിലേക്ക് ഉയർന്നുവരാൻ ഇന്ത്യ ശക്തമായ സാധ്യതകൾ തുറന്നിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
IRENA യുടെ പതിനാറാമത് അസംബ്ലിയുടെ ഭാഗമായി, കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഐസ്‌ലാൻഡ് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര വികസന സഹകരണ ഡയറക്ടർ ജനറൽ ശ്രീമതി എലിൻ റോസുമായി ഭാവി സഹകരണ സാധ്യതകൾ സംബന്ധിച്ച ചർച്ചകൾ നടത്തി. ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ഭൂതാപ ഊർജ്ജത്തിൻ്റെ വിന്യാസം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസി (IRENA) അസംബ്ലിയുടെ ഭാഗമായി നടന്ന മറ്റൊരു പ്രധാന ഉഭയകക്ഷി ചർച്ചയിൽ, കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി യൂറോപ്യൻ കമ്മീഷനിലെ ഊർജ്ജ ഡയറക്ടർ ജനറൽ ശ്രീമതി ഡിറ്റെ ജൂൾ ജോർഗെൻസണുമായി ക്രിയാത്മക കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ശുദ്ധ ഊർജ്ജ, കാലാവസ്ഥ പങ്കാളിത്തത്തിൻ്റെ സ്ഥിരതയും ആഴവും വർദ്ധിപ്പിക്കുന്നതും, ആ പങ്കാളിത്തത്തിലൂടെ പ്രായോഗിക ഫലങ്ങൾ കൈവരിക്കുന്നതും ചർച്ചയിൽ വിലയിരുത്തി.
പുനരുപയോഗ ഊർജ്ജത്തിലും ശുദ്ധമായ അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദിയുമായി കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഫലപ്രദമായ ചർച്ചകൾ നടത്തി. ഫോസിൽ ഇതര ഇന്ധന ശേഷിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം, വികസിക്കുന്ന ആഭ്യന്തര ഉത്പാദന വ്യവസ്ഥ, ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്ഥിരതയാർന്നതും പ്രവചനീയവുമായ നയ അന്തരീക്ഷം ഉൾപ്പെടെയുള്ള ഘടകങ്ങളിൽ അടിയുറച്ച ഉഭയകക്ഷി നിക്ഷേപ പങ്കാളിത്തത്തെ ഈ ആശയവിനിമയം ഊട്ടിയുറപ്പിച്ചു.
അബുദാബിയിലെ ലൂവ്രെ മ്യൂസിയം സന്ദർശിച്ച കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി, സാംസ്കാരിക സംവാദത്തിൻ്റെയും സമാനമായ മാനവ പൈതൃകത്തിൻ്റെയും ശക്തമായ പ്രതീകമാണ് മ്യൂസിയമെന്ന് വിശേഷിപ്പിച്ചു. ആഴമേറിയ സാംസ്ക്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ക്യൂറേറ്റഡ് കലാസൃഷ്ടികളിലൂടെയും പ്രദർശനങ്ങളിലൂടെയും സമ്പന്നമാക്കിയ ഇന്ത്യയുടെ കലാ പാരമ്പര്യത്തിൻ്റെ സാന്നിധ്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
***
(रिलीज़ आईडी: 2213976)
आगंतुक पटल : 12