സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

"ഇന്ത്യയിലെ ഭാഷകൾ പരസ്പരവിരുദ്ധമല്ല; പകരം, അവ പരസ്പര പൂരകങ്ങൾ" -ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ

प्रविष्टि तिथि: 09 JAN 2026 8:48PM by PIB Thiruvananthpuram

മൂന്നാമത് അന്താരാഷ്ട്ര ഭാരതീയ ഭാഷാ സമ്മേളനം – 2026 ജന്‍പഥിലെ ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സിൽ (ഐജിഎന്‍സിഎ) ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സ് (ഐജിഎന്‍സിഎ), അന്താരാഷ്ട്രീയ സഹയോഗ് പരിഷത്ത്, വൈശ്വിക് ഹിന്ദി പരിവാർ, ഡൽഹി സർവകലാശാല ഇന്ത്യൻ ഭാഷാ സാഹിത്യ പഠനവകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.  

മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഡോ. രമേഷ് പൊഖ്രിയാൽ 'നിഷാങ്ക്' ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഐജിഎൻസിഎ പ്രസിഡൻ്റും  പ്രഗത്ഭ പണ്ഡിതനുമായ പത്മഭൂഷൺ ശ്രീ രാം ബഹദൂർ റായ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. അന്താരാഷ്ട്രീയ സഹയോഗ് പരിഷത്ത് ജനറൽ സെക്രട്ടറി ശ്രീ ശ്യാം പരൺഡെ, പ്രശസ്ത ജാപ്പനീസ് ഭാഷാ പണ്ഡിതൻ പത്മശ്രീ ടോമിയോ മിസോകാമി എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. ഐജിഎൻസിഎ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷി, ഡൽഹി സർവകലാശാല ഇന്ത്യൻ ഭാഷാ സാഹിത്യ പഠനവകുപ്പ് മേധാവി പ്രൊഫ. രവി പ്രകാശ് ടെക്ചന്ദാനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര ഭാരതീയ ഭാഷാ സമ്മേളന ഡയറക്ടർ അനിൽ ജോഷി സെഷൻ നിയന്ത്രിച്ചു.

ഭാഷകൾ കേവലം ആശയവിനിമയ ഉപകരണങ്ങൾ മാത്രമല്ലെന്നും മറിച്ച് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്മരണകളുടെയും സംസ്‌കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടെയും വാഹകരായ ഭാഷകള്‍ നാഗരികതയുടെ നിലനിൽക്കുന്ന മനസാക്ഷിയാണെന്നും മൂന്നാമത് അന്താരാഷ്ട്ര ഭാരതീയ ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യയുടെ ഐക്യം ഒരിക്കലും ഏകീകൃത സ്വഭാവത്തിലല്ലെന്നും മറിച്ച് പങ്കാളിത്ത നാഗരികത മൂല്യങ്ങളാലും ധർമത്താലും പരസ്പരം ബന്ധിക്കപ്പെട്ട വിവിധ ഭാഷകൾക്കിടയിലെ പരസ്പര ബഹുമാനത്തിലൂന്നിയാണ് അത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഭാഷകൾ പരസ്പരവിരുദ്ധമല്ല; പകരം അവ നിരന്തരം പരസ്പര സംഭാവനകൾ നൽകുകയും അതുവഴി തത്വശാസ്ത്രത്തെയും ജ്ഞാനത്തെയും സാംസ്‌കാരിക ആവിഷ്‌കാരങ്ങളെയും സമ്പന്നമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.  

പുരാതന ലിഖിതങ്ങളും താളിയോല ഗ്രന്ഥങ്ങളും മുതൽ സമകാലിക ഡിജിറ്റൽ രൂപങ്ങൾ വരെ ഭാഷകൾ ചിന്തകളെ രൂപപ്പെടുത്തുകയും അറിവിനെ സംരക്ഷിക്കുകയും കൂട്ടായ ഭാവനകളെ പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്രം രൂപപ്പെടുന്നതിന്  കാലങ്ങള്‍ക്ക് മുൻപുതന്നെ ഭാഷകൾ അതിരുകൾ ഭേദിച്ച് സഞ്ചരിച്ചതിനാല്‍ ഭാഷാപരമായ വൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം അസ്തിത്വ ഭീഷണി നേരിടുന്ന ഭാഷകളെ പിന്തുണയ്ക്കുകയും വിദ്യാഭ്യാസത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും അവയെ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഓരോ ഭാഷയെയും ആഘോഷിക്കുമ്പോൾ നാം ഓരോ ഭാരതീയൻ്റെയും അന്തസ്സാണ് ഉയർത്തിപ്പിടിക്കുന്നത്; കാരണം,  ഭാരതം ഒന്നാണ്, അത് എന്നെന്നും ഒന്നായി നിലനിൽക്കുകയും ചെയ്യുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.  

ചടങ്ങില്‍ ഡോ. രമേഷ് പൊഖ്രിയാൽ 'നിഷാങ്ക്' ഇന്ത്യൻ ഭാഷകളുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തകൾ പങ്കുവെച്ചു. ഇന്ത്യൻ ഭാഷകൾ കേവലം ആശയവിനിമയ ഉപാധികളല്ലെന്നും മറിച്ച് സംസ്‌കാരത്തിൻ്റെയും അറിവിൻ്റെയും തത്വശാസ്ത്രത്തിൻ്റെയും സാമൂഹ്യ മൂല്യങ്ങളുടെയും വാഹകരാണെന്നും അദ്ദേഹം പറഞ്ഞു.  

രാജ്യത്തെ ഭാഷകൾ മനുഷ്യബോധത്തെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ നാഗരികതയെയും ജ്ഞാനത്തെയും ലോകമെങ്ങും പ്രചരിപ്പിച്ചതായും ഡോ. നിഷാങ്ക് ചൂണ്ടിക്കാട്ടി. യോഗ, ആയുർവേദം, സാഹിത്യം, തത്വശാസ്ത്രം തുടങ്ങിയ അമൂല്യ നിധികൾ രാജ്യത്തെ ഭാഷകളിലൂടെയാണ് ആഗോളതലത്തിൽ വ്യാപിച്ചത്. ആഴത്തിലുള്ള അവയുടെ പങ്കിനെ ഊന്നിപ്പറഞ്ഞ അദ്ദേഹം ഇന്ത്യൻ ഭാഷകൾ സംഘർഷമല്ല പഠിപ്പിക്കുന്നതെന്നും മറിച്ച് സഹവർത്തിത്വത്തിൻ്റെയും  സമത്വത്തിൻ്റെയും ഐക്യത്തിൻ്റെയും പാഠങ്ങളാണ് നൽകുന്നതെന്നും പറഞ്ഞു. കേവലം ആശയവിനിമയ മാർഗത്തിലുപരി അവ സാമൂഹ്യവും വ്യക്തിപരവുമായ വികസനത്തിൻ്റെ അടിത്തറയാണ്. ഇന്ത്യൻ ഭാഷകൾ ഭിന്നതയല്ല വളര്‍ത്തുന്നതെന്നും മറിച്ച് ഐക്യവും അറിവുമാണെന്നും അതാണ് ഭാഷകളുടെ കരുത്തിൻ്റെയും അഭിമാനത്തിൻ്റെയും ഉറവിടമെന്നും ഡോ. നിഷാങ്ക് വ്യക്തമാക്കി.

ഭാഷകളെക്കുറിച്ച് ചിന്തിക്കാനും അവയുടെ വികസനത്തിനുവേണ്ടി പ്രവർത്തിക്കാനും മികച്ച അവസരമാണ് സമ്മേളനമെന്ന് അധ്യക്ഷ ഭാഷണത്തില്‍ ശ്രീ രാം ബഹാദൂർ റായ് പറഞ്ഞു. ഇന്ത്യൻ ഭാഷകൾ നാല് കുടുംബങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന ആശയം തെറ്റായ ധാരണ പുലര്‍ത്തുന്ന ചില പണ്ഡിതരും ഭാഷാശാസ്ത്രജ്ഞരും പ്രചരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളെല്ലാം ഒരേ കുടുംബമാണെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. ഇത് അംഗീകരിക്കുന്നത് കൃത്രിമ വിഭജനങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഇന്ത്യൻ ഭാഷകൾക്കിടയിൽ പരസ്പര സംഭാഷണം വിപുലീകരിക്കാന്‍ അദ്ദേഹം അഭ്യർത്ഥിച്ചു. സംഭാഷണം വളരുന്നതിനനുസരിച്ച് അത് ഭാഷകളുടെയും ഭാഷാപരമായ ഐക്യത്തിൻ്റെയും സാംസ്‌കാരിക ഐക്യത്തിൻ്റെയും തരംഗം സൃഷ്ടിക്കും. ഈ തരംഗം ഭാഷകളെ പരസ്പരം ബന്ധിപ്പിക്കുകയും ഭാഷാ സമൂഹങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന വികാരമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

വിശിഷ്ടാതിഥിയായി സംസാരിച്ച പത്മശ്രീ ടോമിയോ മിസോകാമി ഹിന്ദിയിൽ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: "ജപ്പാനിൽ ജനിച്ചുപോയെങ്കിലും ഞാൻ ഇന്ത്യക്കാരനാണെന്നാണ് ജനങ്ങള്‍ പറയുന്നത്."

ഇന്ത്യൻ ഭാഷകളുടെ ആഗോള വ്യാപനം, സമകാലിക വെല്ലുവിളികൾ, ഭാവി സാധ്യതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുപ്രധാന അക്കാദമിക, സാംസ്‌കാരിക വേദിയായി മൂന്ന് ദിവസത്തെ സമ്മേളനം മാറും. ബ്രിട്ടന്‍, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ശ്രീലങ്ക, നേപ്പാൾ, നെതർലാൻഡ്‌സ്, ഫ്രാൻസ്, മൗറീഷ്യസ്, തായ്‌ലൻഡ്, ജപ്പാൻ എന്നിവയടക്കം 70-ലേറെ രാജ്യങ്ങളിൽ നിന്ന് നൂറിലധികം അന്താരാഷ്ട്ര പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.  കൂടാതെ വിവിധ ഭാഷകളെയും ഭാഷാഭേദങ്ങളെയും പ്രതിനിധീകരിച്ച് ചടങ്ങിൻ്റെ ഭാഗമായ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നൂറിലധികം പ്രമുഖ പണ്ഡിതരും എഴുത്തുകാരും ഭാഷാ സ്നേഹികളും സമ്മേളനത്തിന് മാറ്റുകൂട്ടി. 

***


(रिलीज़ आईडी: 2213178) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English