യുവജനകാര്യ, കായിക മന്ത്രാലയം
രാജ്യമെമ്പാടുമുള്ള 3000 യുവാക്കളെ പങ്കെടുപ്പിച്ച് 'വികസിത ഭാരതം യുവ നേതൃ സംവാദം 2026'ന് ഭാരത മണ്ഡപത്തിൽ തുടക്കമായി
प्रविष्टि तिथि:
09 JAN 2026 8:20PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ പ്രാരംഭ അവബോധന പരിപാടിയോടെ ഇന്ന് ആരംഭിച്ച വികസിത ഭാരതം യുവ നേതൃ സംവാദത്തിൻ്റെ (വിബിവൈഎൽഡി 2026) രണ്ടാം പതിപ്പ്, രാജ്യത്തുടനീളമുള്ള യുവ നേതാക്കൾ തമ്മിലുള്ള അടുത്ത മൂന്ന് ദിവസത്തെ ചർച്ചകൾ, ഇടപെടൽ, സഹകരണം എന്നിവയ്ക്കുള്ള സ്വരവും ദിശയും നിർണ്ണയിച്ചു. കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ, കേന്ദ്ര യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ. പല്ലവി ജെയിൻ ഗോവിൽ, കേന്ദ്ര യുവജനകാര്യ അഡീഷണൽ സെക്രട്ടറി ശ്രീ നിതേഷ് കുമാർ മിശ്ര തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

രാജ്യമെമ്പാടുമുള്ള 3000 യുവമനസ്സുകളും പ്രവാസി യുവജന പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, യുവാക്കളാണ് രാജ്യത്തിൻ്റെ യഥാർത്ഥ ശക്തിയെന്നും സംഘടിതരാകുമ്പോൾ അവർക്ക് അസാധ്യമായത് പോലും സാധ്യമാക്കാൻ കഴിയുമെന്നുമുള്ള സ്വാമി വിവേകാനന്ദൻ്റെ വിശ്വാസപ്രമാണത്തെ ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ അനുസ്മരിച്ചു. ഈ ചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത ഭാരത ദർശനം മുന്നോട്ടുവച്ചതെന്ന് അവർ പറഞ്ഞു. രാഷ്ട്രനിർമ്മാണ ദൗത്യം സർക്കാരിനു ഒറ്റയ്ക്ക് നേടിയെടുക്കാൻ കഴിയുന്നതല്ലെന്നും, മറിച്ച് അടുത്ത 25 വർഷത്തേക്ക് തങ്ങളുടെ ആശയങ്ങൾ, ഊർജ്ജം, നേതൃത്വം എന്നിവയാൽ രാജ്യത്തെ നയിക്കാൻ യുവാക്കളുടെ സജീവ പങ്കാളിത്തം ആവശ്യമാണെന്നതിനുമാണ് അത് ഊന്നൽ നൽകുന്നത്.

പ്രധാനമന്ത്രിയുടെ ദർശനത്തിന് കീഴിൽ 'MY Bharat' (എൻ്റെ യുവ ഭാരതം) സംരംഭം ആരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച കേന്ദ്ര സഹമന്ത്രി, രാജ്യത്തുടനീളമുള്ള രണ്ട് കോടിയിലധികം യുവാക്കൾ ഇതിനകം 'എൻ്റെ ഭാരതം' പോർട്ടലിൽ രജിസ്റ്റർ ചെയ്തതായി സൂചിപ്പിച്ചു.
എൻ്റെ ഭാരതത്തെ ഒരു പരിമിത പരിപാടിയായി കാണരുതെന്നും, അതിൻ്റെ ആശയങ്ങൾ കലാലയങ്ങളിലേക്കും ജില്ലകളിലേക്കും എത്തിച്ച്, പരമാവധി യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും അവർ യുവ പൗരന്മാരോട് അഭ്യർത്ഥിച്ചു. അതുവഴി കൂടുതൽ യുവാക്കൾ ഈ വേദിയുമായി ബന്ധപ്പെടുകയും ദേശീയ പ്രതിബദ്ധതയുടെയും ദേശസ്‌നേഹത്തിൻ്റെയും ഒരു മനോഭാവം കൂട്ടായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.
സംവാദം എന്നത് ഇരു പാതകളിലുള്ള ആശയവിനിമയത്തെ പ്രതിനിധീകരിക്കുന്നതായും അവിടെ യുവാക്കളുടെ അഭിപ്രായങ്ങൾ നേതൃത്വം കേൾക്കുകയും നേതൃത്വത്തിൻ്റെ കാഴ്ചപ്പാടുകൾ യുവ പൗരന്മാരുമായി നേരിട്ട് പങ്കിടുകയും ചെയ്യുന്നതായി, കേന്ദ്ര യുവജനകാര്യ സെക്രട്ടറി ഡോ. പല്ലവി ജെയിൻ ഗോവിൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. യുവാക്കൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുന്നതിനുള്ള ഒരു സവിശേഷ അവസരം വിബിവൈഎൽഡി പ്ലാറ്റ്‌ഫോം നൽകുന്നുവെന്നും, അത് യുവമനസ്സുകളുമായുള്ള അർത്ഥവത്തായ ഇടപെടലിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ അഭിപ്രായങ്ങളും പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ സെക്രട്ടറി, സംസ്‌കാരം, സംരംഭകത്വം, ശാസ്ത്രം, സർഗാത്മക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ യുവാക്കളുടെ വൈവിധ്യമാർന്ന അഭിലാഷങ്ങളെ അംഗീകരിക്കുകയും, അവരുടെ ഭാവി ശ്രമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.

തുടർന്ന്, യുവജന പ്രവർത്തനങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും നൽകിയ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിച്ച്, എൻ്റെ ഭാരതം സന്നദ്ധസേവകരെ അനുമോദിച്ചു.
പ്രീനറി സെഷന് ശേഷം, പങ്കെടുത്തവർ തിരഞ്ഞെടുത്ത പത്ത് വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾക്കും സംവേദനാത്മക സെഷനുകൾക്കുമായി അവരുടെ നിയുക്ത ഇടങ്ങളിലേക്ക് പോയി, വിഷയങ്ങൾ താഴെ പറയുന്നവയാണ്:
ട്രാക്ക് 1 - വികസിത ഭാരതത്തിനായി ജനാധിപത്യത്തിലെയും സർക്കാറിലെയും യുവത്വം:
ജനാധിപത്യ പ്രക്രിയകളിലും പൊതുഭരണത്തിലും യുവജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഘടനാപരമായ നയ ആശയങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ പ്രതിനിധികൾ അവതരിപ്പിച്ച ഒരു കേന്ദ്രീകൃത തലം ആദ്യ ട്രാക്കിൽ ഉൾപ്പെടുത്തിയിരുന്നു.

സംവാദം ഒരു മത്സരമല്ല, മറിച്ച് ഒരു സഹകരണ ദേശീയ വേദിയായിരുന്നെന്ന് ജൂറി അംഗങ്ങളായ ശ്രീ. സുയാഷ് പാണ്ഡെ (സുപ്രീം കോടതി അഭിഭാഷകൻ), ഡോ. കൃണാൽ ഷാ (ശസ്ത്രക്രിയാ വിദഗ്ധൻ) എന്നിവർ അടിവരയിട്ടു. ദീർഘകാല ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തനക്ഷമമായ ഭരണ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് കൂട്ടായി പ്രവർത്തിക്കാൻ യുവ പ്രതിനിധികളോട് അവർ അഭ്യർത്ഥിച്ചു.
ട്രാക്ക് 2- സ്ത്രീകൾ നയിക്കുന്ന വികസനം: വികസിത ഭാരതത്തിൻ്റെ താക്കോൽ:
2047 ആകുമ്പോഴേക്കും ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകശക്തികളായി സ്ത്രീകളെ പ്രതിഷ്ഠിച്ചുകൊണ്ട്, സ്ത്രീകളുടെ വികസനം എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കുള്ള മാറ്റം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യുവജന പ്രതിനിധികൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രീമതി ചാരു പ്രജ്ഞ (അഭിഭാഷക, പൊതുനയ പ്രൊഫഷണൽ), ശ്രീമതി നേഹ ജോഷി (ബിജെപി യുവജന വിഭാഗം ദേശീയ വൈസ് പ്രസിഡൻ്റ്), ശ്രീമതി റിംജിം ഗൗർ (രാഷ്ട്രീയ തന്ത്രജ്ഞൻ) എന്നിവരായിരുന്നു ജൂറിയിൽ ഉൾപ്പെട്ടിരുന്നത്.
ഗ്രാമീണ സ്ത്രീകൾക്ക് വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇരട്ട വൈദഗ്ദ്ധ്യം നൽകുക, 'പൈതൃകം വീട്ടിലേക്ക്' മാതൃകയിലൂടെ പരമ്പരാഗത കഴിവുകൾ ഉപയോഗിച്ച് ധനസമ്പാദനം നടത്തുക, നിർമിതബുദ്ധി അധിഷ്ഠിത മാർഗദർശിത്വത്തിനും തൊഴിൽ ശക്തി പുനഃപ്രവേശനത്തിനുമായി 'എ.ഐ സഹായിക ദീദി' ആരംഭിക്കുക എന്നിവയാണ് അവതരണത്തിൽ മുന്നോട്ടുവച്ച പ്രധാന നിർദ്ദേശങ്ങൾ.
പ്രതിരോധ സുരക്ഷാ പരിഹാരങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ശാക്തീകരിച്ച ആരോഗ്യ പരിരക്ഷാ വിതരണം, പ്രാതിനിധ്യ ഭരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് താഴെത്തട്ടിലുള്ള നേതൃത്വത്തെ ശാക്തീകരിക്കൽ, 3 ആർ (അംഗീകാരം, പുനർമൂല്യനിർണ്ണയം, പുനർവിതരണം) സമീപനത്തിലൂടെ വേതനമില്ലാത്ത പരിചരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ചട്ടക്കൂട് ഊന്നൽ നൽകി.
ട്രാക്ക് 3 -ആരോഗ്യ ഭാരതം, വിജയ ഭാരതം:

ഇന്ത്യയിലുടനീളമുള്ള യുവജന ടീമുകൾ സമൂഹാധിഷ്ടിതവും സമഗ്രവും സുസ്ഥിരവുമായ ശാരീരിക ക്ഷമതയ്ക്ക് ഊന്നൽ നൽകുന്നതുമായ 'ആരോഗ്യ ഭാരതം, വിജയ ഭാരതം' (ഫിറ്റ് ഭാരതം ഹിറ്റ് ഭാരതം) എന്നിവയുമായി യോജിപ്പിച്ച് നൂതനവും മേഖലാ-നിർദ്ദിഷ്ടവുമായ ആശയങ്ങൾ അവതരിപ്പിച്ചു. ജൂറി അംഗങ്ങളിൽ അരവിന്ദ്. എസ് (മുൻ സ്‌പോർട്‌സ് മാധ്യമപ്രവർത്തകൻ), ഋഷിരാജ് (ഇൻവിൻസിബിൾ എൻജിഒ സ്ഥാപകൻ), അജയ് കശ്യപ് (കോമൺവെൽത്ത് യൂത്ത് കൗൺസിലിലേക്കുള്ള ഇന്ത്യൻ പ്രതിനിധി) എന്നിവർ ഉൾപ്പെട്ടു.
ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പീസോ ഇലക്ട്രിക് ടൈലുകൾ, സ്‌കൂളുകളിലെ ആദ്യകാല ശാരീരിക ക്ഷമതാ സംയോജനം, ഡിജിറ്റൽ ശാരീരികക്ഷമതാ പ്രോത്സാഹനങ്ങൾ, മലിനീകരണം കുറയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമീണ ശാരീരിക ക്ഷമതയ്ക്കായി കാർഷിക ഒളിമ്പിക്‌സ്, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും വേണ്ടിയുള്ള എല്ലാവരെയും ഉൾച്ചേർക്കുന്ന സാമൂഹിക ഇടങ്ങൾ എന്നിവ വരെയുള്ള നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മൊത്തത്തിൽ, സമൂഹ പങ്കാളിത്തത്തിനും ആരോഗ്യകരവും കൂടുതൽ സമഗ്രവുമായ വികസിത ഭാരതത്തിനും ഉത്തേജകമായി ശാരീരികക്ഷമതയെ ഈ ആശയങ്ങൾ അടിവരയിട്ടു.
ട്രാക്ക് 4 - ഇന്ത്യയെ ലോകത്തിൻ്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമാക്കൽ:

ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ഒരു ആഗോള സ്റ്റാർട്ടപ്പ് ഹബ്ബായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന ആശയങ്ങൾ യുവ നേതാക്കൾ ജൂറി മുമ്പാകെ അവതരിപ്പിച്ചു. ശ്രീ അനുദീപ് (സീനിയർ ഡയറക്ടർ, മോട്ടറോള സൊല്യൂഷൻസ്), ഡോ. ക്രാന്തിസാഗർ മോർ (ഫാർമസ്യൂട്ടിക്കൽ ശാസ്ത്രജ്ഞൻ, നവവിധായകൻ (ഇന്നൊവേറ്റർ), ഡോ. വിജയ് റഡാഡിയ (അക്കാദമിഷ്യൻ, നവവിധായകൻ) എന്നിവരായിരുന്നു ജൂറിയിൽ ഉണ്ടായിരുന്നത്.
സംരംഭക വിദ്യാഭ്യാസം, ഗവേഷണം, സംരംഭക വളർച്ചയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സുസ്ഥിരമായ നിക്ഷേപങ്ങൾക്കൊപ്പം, സമൂഹങ്ങൾ, കോർപറേറ്റുകൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ ഏകോപിത പിന്തുണയിലൂടെ ഗ്രാമീണ, അടിസ്ഥാനതല സ്റ്റാർട്ടപ്പുകളെ വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയായിരുന്നു അവതരണങ്ങളിൽ നിന്ന് ഉയർന്നുവന്ന ഒരു പ്രധാന വിഷയം.
ട്രാക്ക് 5 -ഭാരതത്തിൻ്റെ മൃദുശക്തി: സാംസ്‌കാരിക നയതന്ത്രവും ആഗോള സ്വാധീനവും:

ആഗോള ഇടപെടലിനുള്ള ഉപകരണങ്ങളായി ഇന്ത്യയുടെ നാഗരികതാ ശക്തികളെ എടുത്തുകാണിക്കുന്ന സമ്പന്നമായ ചർച്ചകൾക്കും നൂതന ആശയങ്ങൾക്കും വിഷയപരമായ അവതരണ സെഷൻ സാക്ഷ്യം വഹിച്ചു. വൈവിധ്യമാർന്ന സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പങ്കാളികളുടെ അവതരണങ്ങൾ ഭാരതത്തിൻ്റെ ബഹുസ്വരതയുടെ ആത്മാവും സാംസ്‌കാരിക ആഴവും പ്രതിഫലിപ്പിച്ചു.
ബ്രഹത് കൾച്ചർ ക്രിയേറ്റീവ്‌സിലെ സാംസ്‌കാരിക വിദഗ്‌ധോപദേശ, ദൃശ്യ ഉള്ളടക്ക ഡയറക്ടർ ശ്രീമതി നിവേദിത തിവാരി, എഴുത്തുകാരനും വ്യവസായിയുമായ ശ്രീ നിഖിൽ ചദ്വാനി, ജിഗ്‌നാസ സ്ഥാപക ശ്രീമതി ഭാർഗവ് ജിഗ്‌നാസ, ശ്രീ അർപിത് തിവാരി എന്നിവരടങ്ങുന്ന പ്രമുഖ ജൂറിയാണ് സെഷൻ വിലയിരുത്തി നിർദ്ദേശങ്ങളുടെ മൗലികതയെയും ഭാവി കാഴ്ചപ്പാടിനെയും അനുമോദിച്ചത്.
ട്രാക്ക് 6 - പാരമ്പര്യത്തോടൊപ്പം നൂതനാശയങ്ങൾ: ഒരു ആധുനിക ഭാരതം കെട്ടിപ്പടുക്കൽ:

ഇന്ത്യയുടെ പ്രാചീന ജ്ഞാനം ആധുനിക സാങ്കേതികവിദ്യയുമായി എങ്ങനെ അർത്ഥപൂർണ്ണമായി സംയോജിപ്പിക്കാമെന്ന് സെഷൻ അവതരിപ്പിച്ചു. ഡോ. സാക്ഷി ഭരദ്വാജ് (ജംഗിൾവേസ് സ്ഥാപക, ഐക്യരാഷ്ട്രസഭാ കക്ഷികളുടെ 29-ാമത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലെ (സിഒപി-29) ഇന്ത്യൻ പ്രതിനിധി), ശ്രീമതി. ദിപാലി ഖണ്ഡേൽവാൾ (ഭക്ഷ്യ ഗവേഷക, ദി കൈൻഡ്നെസ് മീൽ സ്ഥാപക), ശ്രീ പ്രകാശ് ഗാർഗ് (അവാർഡ് ജേതാവായ സമകാലിക കലാകാരൻ) എന്നിവരടങ്ങുന്ന വിശിഷ്ട ജൂറി, ഇന്ത്യയുടെ പുരാതന വിജ്ഞാന സംവിധാനങ്ങളെ നിർമിതബുദ്ധി (എ.ഐ), വെർച്വൽ റിയാലിറ്റി (വി.ആർ) ഓഗ്മെൻ്റഡ് റിയാലിറ്റി (എ.ആർ) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച നൂതനവും സാങ്കേതികവിദ്യാ പ്രാപ്യവുമായ നിർദ്ദേശങ്ങൾ വിലയിരുത്തി.
നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള 'നിത്യ' മാതൃക, സുസ്ഥിര തീരദേശ വികസനത്തിനായുള്ള ഒഡീഷയുടെ സാഗർ സമൃദ്ധി, ഗുജറാത്തിൻ്റെ മികച്ച ജല നിയന്ത്രണ പരിഹാരങ്ങൾ, സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയ്ക്കുള്ള അസമിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പരമ്പരാഗത വിദ്യാഭ്യാസത്തിൽ ബീഹാറിൻ്റെ നിർമിതബുദ്ധി സംയോജനം എന്നിവ ചില പ്രധാന ആശയങ്ങളിൽ ഉൾപ്പെടുന്നു. ജനങ്ങളുടെ അറിവിനെ (ജന ജ്ഞാനം) ശാസ്ത്രവുമായി (വിജ്ഞാൻ) ബന്ധിപ്പിക്കുന്നത് എങ്ങനെ സമഗ്രവും പരിസ്ഥിതി സൗഹൃദപരവും ആധികാരികവുമായ ഇന്ത്യൻ വികസനത്തിത്തെ നയിക്കുമെന്ന് ഈ സംരംഭങ്ങൾ ഒന്നിച്ച് വിശദമാക്കി.
ട്രാക്ക് 7 - ആത്മനിർഭര ഭാരതം: ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിന് വേണ്ടി നിർമ്മിക്കുക:

ജൂറി അംഗങ്ങളായ ശ്രീമതി. ശ്രീവിദ്യ (മുതിർന്ന ഉപദേശക, നിക്ഷേപ പ്രോത്സാഹന ഏജൻസികളുടെ ലോക കൂട്ടായ്മ), ശ്രീ. ഭാസ്‌കർ വർദ (ബിസിനസ് ആസൂത്രണ പ്രൊഫഷണൽ) എന്നിവർ വിലയിരുത്തിയ ഈ തലം, കഴിവുകളുടെ നഷ്ടം, ഇറക്കുമതി ആശ്രിതത്വം, നയ നിർവ്വഹണം തുടങ്ങിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ഡാറ്റയുടെയും നൂതനാശയങ്ങളുടെയും പങ്ക് എടുത്തുകാണിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശക്തിപ്പെടുത്തുക, പ്രാദേശിക തുണിത്തരങ്ങൾ പുനരുജ്ജീവിപ്പിക്കുക, ആണവോർജം വികസിപ്പിക്കുക, ചെറുധാന്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, ഗവേഷണ, വികസനത്തിൽ നിക്ഷേപിക്കുക, വ്യവസായത്തിൽ സ്ത്രീകളെ ശാക്തീകരിക്കുക, സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു യുവജന നിർദ്ദേശങ്ങൾ. അർധചാലകങ്ങൾ, തദ്ദേശീയ എഐ, പ്രതിരോധം, നൂതന ഉത്പാദനം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ധീരമായ ആശയങ്ങൾക്കൊപ്പമായിരുന്നു അവ ചർച്ചയിൽ ഉയർന്നത്.
ട്രാക്ക് 8- മികവാർന്നതും സുസ്ഥിരവുമായ കൃഷിയിലൂടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ:

ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മികച്ചതും സുസ്ഥിരവുമായ കാർഷിക പരിഹാരങ്ങൾ പങ്കെടുത്തവർ അവതരിപ്പിച്ചു. കീട നിരീക്ഷണം, മണ്ണിൻ്റെ സംപുഷ്ടി നിർണയോപകരണങ്ങൾ തുടങ്ങിയ എ.ഐ അധിഷ്ഠിത നൂതനാശയങ്ങൾ സെഷനിൽ അവതരിപ്പിക്കപ്പെട്ടു. ജൂറി അംഗങ്ങളായ ശ്രീ സുചിത് സിന്ധെയും (ഒ.എം.ജി യുടെ സഹസ്ഥാപകൻ) ശ്രീ രോഹിത് കുമാറും പങ്കെടുത്തവരുടെ സർഗ്ഗാത്മകതയെയും ഊർജ്ജത്തെയും പ്രശംസിച്ചു.
ട്രാക്ക് 9 - സുസ്ഥിരവും ഹരിതവുമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കൽ

സെഷനിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ നയിക്കുന്ന ടീമുകൾ ഒത്തുചേർന്നു. അവർ സുസ്ഥിര വികസനത്തിനായുള്ള പ്രായോഗികവും സമൂഹ നേതൃപരവുമായ ആശയങ്ങൾ അവതരിപ്പിച്ചു.
ശ്രീ. റുമിത് (സർഗാത്മക പരിസ്ഥിതിപ്രവർത്തകൻ, സമാധാന സ്ഥാപകൻ), ശ്രീമതി ഗരിമ (സുസ്ഥിരതാ അധ്യാപക-പ്രോഗ്രാം ലീഡ്, ഗ്രീൻസ്‌ട്രോ ഹൗസ്), ശ്രീമതി ആരുഷി സന (സംരംഭക, സുസ്ഥിരതാ അഭിഭാഷക) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 2047 ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളായി ഹരിത ജീവിതശൈലികൾ, തദ്ദേശീയ പരിഹാരങ്ങൾ, സമഗ്ര നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ട്രാക്ക് 10 - വികസിത ഭാരതത്തിനായി ഭാവിയ്ക്ക് അനുയോജ്യമായ ഒരു തൊഴിൽശക്തി കെട്ടിപ്പടുക്കുക:

ഉയർന്നുവരുന്ന സാമ്പത്തിക, സാങ്കേതിക യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി ഇന്ത്യയുടെ നൈപുണ്യം, തൊഴിൽ, തൊഴിൽ ശക്തി ആവാസവ്യവസ്ഥ എന്നിവയെ യുവ പരിവർത്തകർ പുനർവിചിന്തനം ചെയ്യുന്നതിന് സെഷൻ സാക്ഷ്യം വഹിച്ചു. മാധിഷ് പരീഖ് (ബ്രിക്‌സ് യുവ സഖ്യത്തിൻ്റെയും എലിക്‌സിർ ഫൗണ്ടേഷൻ്റെയും സ്ഥാപകൻ), ബിജെവൈഎമ്മിൽ നയം, ഗവേഷണം, പരിശീലനം എന്നിവയുടെ ദേശീയ ചുമതലയുള്ള ശ്രീ വരുൺ ഝാവേരി, ഐഐഎം ലഖ്നൗവിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പുഷ്‌പേന്ദ്ര പ്രിയദർശി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തെ ഉത്പാദനക്ഷമവും, നൈപുണ്യമാർന്നതും, എല്ലാവരെയും ഉൾച്ചേർക്കുന്നതും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു തൊഴിൽ ശക്തിയാക്കി മാറ്റുന്നതിലാണ് ചർച്ചകൾ ശ്രദ്ധ പതിപ്പിച്ചത്. പരമ്പരാഗത വിദ്യാഭ്യാസ മാതൃകകൾക്കപ്പുറം കടന്ന് ചെന്ന്, നൈപുണ്യം മുൻനിർത്തിയുള്ളതും, ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ളതുമായ ചട്ടക്കൂടുകൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത പങ്കെടുത്തവർ എടുത്തുപറഞ്ഞു. വികേന്ദ്രീകൃത വൈദഗ്ദ്ധ്യം, പ്രാദേശിക തൊഴിൽ സൃഷ്ടി, വിദ്യാഭ്യാസത്തിനും വ്യവസായ ആവശ്യത്തിനും ഇടയിലുള്ള വിടവ് നികത്തുക എന്നിവയ്ക്ക് ഊന്നൽ നൽകി.

അടുത്ത മൂന്ന് ദിവസത്തേക്ക് പരിപാടിയിൽ പങ്കെടുക്കാനുളളവരെ സജ്ജമാക്കുന്നതിനായി വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുപ്പ് തലങ്ങൾ ദിവസമുടനീളം നടന്നു. അതിനിടയിൽ 'ഭാരതത്തിനായുള്ള രൂപകല്പന', 'ഹാക്ക് ഫോർ സോഷ്യൽ ചേഞ്ച്' എന്നീ പരിപാടികൾ സമാന്തരമായി നടത്തപ്പെട്ടു.
ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തെയും നേതൃത്വ യാത്രയെയും കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും രാജ്യത്തിൻ്റെ പ്രധാനമന്ത്രിമാരുടെ ദർശനം, സംഭാവനകൾ, പൈതൃകം എന്നിവയെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുന്നതിനുമായി പങ്കെടുത്തവരുടെ രണ്ട് സംഘങ്ങൾ പ്രധാനമന്ത്രിയുടെ മ്യൂസിയവും ലൈബ്രറിയും സന്ദർശിച്ചു.
രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായി യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള സർക്കാരിൻ്റെ ഉറച്ച പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന, ശക്തവും ലക്ഷ്യബോധമുള്ളതുമായ ഒരു കുറിപ്പോടെയാണ് വികസിത ഭാരതം യുവ നേതൃത്വ സംവാദം 2026-ൻ്റെ ഉദ്ഘാടന ദിനം സമാപിച്ചത്. യുവാക്കൾക്കിടയിൽ നേതൃത്വം, നൂതനാശയങ്ങൾ, പൗര ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതിനും, വരും നാളെകൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിനുമുള്ള സംവാദത്തിന് ഈ ദിനം ശക്തമായൊരു തുടക്കം കുറിച്ചു.
2026 ജനുവരി 12-ന് വിബിവൈഎൽഡി 2026 സമാപിക്കും. സമാപന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള യുവ നേതാക്കളുമായി നേരിട്ട് സംവദിക്കും. രണ്ടാം ദിനമായ നാളെ പ്ലീനറി സെഷനോടെ തുടക്കമാവും. കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ, ഉദ്യോഗവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. അജിത് ഡോവൽ, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
***
(रिलीज़ आईडी: 2213177)
आगंतुक पटल : 8