ഉപരാഷ്ട്രപതിയുടെ കാര്യാലയം
‘വികസിത ഭാരതം @2047’ ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണം നയിക്കാൻ, ലവ്‌ലി പ്രൊഫഷണൽ സർവകലാശാല ബിരുദദാന ചടങ്ങിൽ യുവാക്കളെ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ
प्रविष्टि तिथि:
09 JAN 2026 7:53PM by PIB Thiruvananthpuram
പഞ്ചാബിലെ ഫഗ്വാരയിൽ സ്‌ഥിതിചെയ്യുന്ന ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയുടെ (എൽപിയു) ബിരുദദാന ചടങ്ങിനെ ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു. രാഷ്ട്രസേവനത്തിനും മാനവികതക്കുമായി പ്രൊഫഷണൽ മികവിനോടൊപ്പം ധാർമ്മിക ഉത്തരവാദിത്തം കൂടി സംയോജിപ്പിക്കാൻ യുവാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു.
'വികസിത ഭാരത് @2047’ എന്ന കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, സ്വാതന്ത്ര്യത്തിൻ്റെ ശതാബ്ദിയിലേക്കുള്ള യാത്രയിൽ ഇന്ത്യ ഒരു നിർണായക ഘട്ടത്തിലാണ് നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, വികസിതവും സ്വാശ്രയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യം ഉറച്ച തീരുമാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കും അപ്പുറത്തേക്ക് പോകുന്ന ഈ ദർശനം സാമൂഹിക ഐക്യം, ധാർമ്മിക നേതൃത്വം, സാംസ്കാരിക ആത്മവിശ്വാസം, സാങ്കേതിക സ്വാശ്രയത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയെയെല്ലാം ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ഊർജ്ജം, കഴിവ്, സ്വഭാവഗുണം എന്നിവയെ ആശ്രയിച്ചായിരിക്കും ആ ലക്ഷ്യ സാക്ഷാത്കാരമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഒരു പ്രധാന ആഗോള ശക്തിയായി ഉയരാനുള്ള ഇന്ത്യയുടെ അഭിലാഷത്തെക്കുറിച്ച് വ്യക്തമാക്കിയ ഉപരാഷ്ട്രപതി, ചെറിയ രാജ്യങ്ങൾക്ക് നിബന്ധനകൾ നിർദ്ദേശിക്കുകയല്ല ലക്ഷ്യമെന്നും, മറ്റൊരു രാജ്യത്തിനും ഇന്ത്യയ്ക്ക് മേൽ നിബന്ധനകൾ നിർദ്ദേശിക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയാണെന്നും പറഞ്ഞു.
അതിവേഗം മാറുന്ന ആഗോള സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, അഞ്ച് വർഷത്തിന് മുമ്പ് പ്രസക്തമായിരുന്ന പല കാര്യങ്ങളുടേയും പ്രസക്തി ഇന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിരീക്ഷിച്ചു. മാറ്റത്തിന് മാത്രമാണ് സ്ഥിരതയുള്ളയെന്നും ദീർഘകാല വിജയം ഉറപ്പാക്കാൻ മാറ്റങ്ങളോട് പൊരുത്തപ്പെടലും ആയുഷ്കാല പഠനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ അവരുടെ ജയ പരാജയങ്ങളെ മറ്റുള്ളവരുമായി തുലനം ചെയ്യരുതെന്ന് ഉപരാഷ്ട്രപതി ഉപദേശിച്ചു. ഓരോ വ്യക്തിക്കും ജീവിതത്തിൽ തനതായ യാത്രയും ലക്ഷ്യവുമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എബ്രഹാം ലിങ്കൻ്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്ഥിരതയാർന്ന പരിശ്രമവും ക്ഷമയും അഴിമതിയില്ലായ്മയും വിനയപൂർവമായ തുടക്കങ്ങളിൽ നിന്ന് വലിയ ഉത്തരവാദിത്വങ്ങളുള്ള സ്ഥാനങ്ങളിലേക്ക് വ്യക്തികളെ ഉയർത്തുമെന്ന് പറഞ്ഞു. ഒരാൾ തനിക്കു വേണ്ടി മാത്രം ജീവിക്കുന്നത് തെറ്റല്ലെങ്കിലും, എന്നാൽ അത്തരം ജീവിതം യഥാർത്ഥ ജീവിതത്തിൻ്റെ വലിയ ലക്ഷ്യത്തെ ചുരുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശകമായ മൂന്ന് അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കവെ, സമയം ഫലപ്രദമായി നിയന്ത്രിക്കുന്ന ശീലം വളർത്തണമെന്നും, ദീർഘകാല വിജയത്തെ ദുർബലപ്പെടുത്തുന്ന കുറുക്കുവഴികൾ ഒഴിവാക്കണമെന്നും, ഒരിക്കലും തളരരുതെന്നും ഉപരാഷ്ട്രപതി അവരോട് ആവശ്യപ്പെട്ടു. “എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യം കൈവരിക്കുന്നതുവരെ വിശ്രമമരുത്" എന്ന സ്വാമി വിവേകാനന്ദൻ്റെ പ്രചോദനാത്മക വാക്കുകൾ അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
സായുധ സേനാംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങളെ ആദരിക്കുന്നതിനായി സർവകലാശാല ഏർപ്പെടുത്തിയ ജയ് ജവാൻ സ്കോളർഷിപ്പ് പദ്ധതിയെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ സർവകലാശാല സ്വീകരിച്ച നിലപാടുകളെക്കുറിച്ച് പരാമർശിക്കവെ, സർവകലാശാലകൾ വെറും പഠന കേന്ദ്രങ്ങളല്ല, മറിച്ച് ദേശീയ സ്വഭാവം വളർത്തിയെടുക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
കാമ്പസുകളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, യുവാക്കൾക്കും സമൂഹത്തിനും ഇതൊരു ഗുരുതര ഭീഷണിയാണെന്ന് വിശേഷിപ്പിച്ചു. അച്ചടക്കം, ലക്ഷ്യം, ആരോഗ്യകരമായ ജീവിതം എന്നിവ തിരഞ്ഞെടുക്കുന്നതിനായി, "മയക്കുമരുന്നിനോട് വിട" എന്ന ഉറച്ചതും അസന്ദിഗ്ധവുമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
തൻ്റെ പ്രസംഗം ഉപസംഹരിക്കവെ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ജീവിതകാലം മുഴുവൻ നന്ദിയുള്ളവരായി നിലകൊള്ളണമെന്ന് ഉപരാഷ്ട്രപതി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. അവരുടെ മാർഗനിർദേശവും ത്യാഗങ്ങളും മൂല്യങ്ങളുമാണ് വ്യക്തിത്വത്തെയും വിധിയെയും രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററുമായ ഗുലാബ് ചന്ദ് കട്ടാരിയ; പഞ്ചാബ് സർക്കാരിൻ്റെ പ്രതിരോധ സേവന ക്ഷേമകാര്യ, സ്വാതന്ത്ര്യ സമര സേനാനികളുടെയും തോട്ടക്കൃഷിയുടെയും മന്ത്രി ശ്രീ മൊഹീന്ദർ ഭഗത്, രാജ്യസഭാംഗവും ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചാൻസലറുമായ ഡോ. അശോക് കുമാർ മിത്തൽ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2213131)
आगंतुक पटल : 8