വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2026- ലെ ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് പുസ്തകങ്ങളുടേയും ജേണലുകളുടേയും മികച്ച ശേഖരവുമായി പബ്ലിക്കേഷൻസ് ഡിവിഷൻ.
प्रविष्टि तिथि:
09 JAN 2026 6:17PM by PIB Thiruvananthpuram
2026 ജനുവരി 10 മുതൽ 18 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന 2026- ലെ ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷൻസ് ഡിവിഷൻ പങ്കുചേരുന്നു. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷനുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ബുക്ക് ട്രസ്റ്റാണ് ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഈ മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നത്.

"ഇന്ത്യൻ സൈനിക ചരിത്രം: വീര്യവും ജ്ഞാനവും @ 75" എന്ന പുസ്തകമേളയുടെ പ്രമേയത്തിന് അനുസൃതമായി, ഇംഗ്ലീഷ്, ഹിന്ദി, മറ്റ് ഇന്ത്യൻ ഭാഷകൾ എന്നിവയിലുള്ള വൈവിധ്യമാർന്ന പുസ്തകങ്ങളുമായി സന്ദർശകരേയും പുസ്തകപ്രേമികളേയും ആകർഷിക്കാൻ പബ്ലിക്കേഷൻസ് ഡിവിഷൻ ഒരുങ്ങിക്കഴിഞ്ഞു. ഈ പുസ്തകമേള സന്ദർശിക്കുന്ന പുസ്തകപ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന രീതിയിലുള്ള ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കലയും സംസ്‌കാരവും, ചരിത്രം, സിനിമ, വ്യക്തിത്വങ്ങളും ജീവചരിത്രങ്ങളും, നാടും ജനങ്ങളും, ഗാന്ധിയൻ സാഹിത്യം, ബാലസാഹിത്യം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നു. 'രാഷ്ട്രപതി ഭവൻ പരമ്പര', 'രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ', 'മഹാത്മാഗാന്ധിയുടെ സമ്പൂർണ്ണ കൃതികൾ', 'പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ സമ്പൂർണ്ണ കൃതികൾ' തുടങ്ങിയ പബ്ലിക്കേഷൻസ് ഡിവിഷൻ്റെ പ്രീമിയം പുസ്തക ശേഖരങ്ങളും ഇതിലുണ്ട്.

ആകർഷകമായ പുസ്തകശേഖരത്തിന് പുറമെ, പബ്ലിക്കേഷൻസ് ഡിവിഷൻ അതിൻ്റെ ജനപ്രിയവും വ്യാപകമായി പ്രചാരത്തിലുള്ളതുമായ യോജന, കുരുക്ഷേത്ര, ആജ്കൽ, ബാൽ ഭാരതി എന്നീ ജേണലുകളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് ഈ ജേണലുകളുടേയും ഡിവിഷൻ പ്രസിദ്ധീകരിക്കുന്ന എംപ്ലോയ്‌മെൻ്റ് ന്യൂസ്/റോസ്‌ഗാർ സമാചാർ എന്നിവയുടേയും വാർഷിക വരിക്കാരാകാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

ലോകമെമ്പാടുമുള്ള പ്രധാന പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളിത്തം ആകർഷിക്കുന്ന പ്രസിദ്ധീകരണ ലോകത്തിലെ ഏറ്റവും കാത്തിരിക്കുന്ന പരിപാടികളിലൊന്നാണ് ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തക മേള. പ്രിയപ്പെട്ട വായനാനുഭവങ്ങൾ ആസ്വദിക്കുന്നതിനു പുറമേ, മേളയുടെ ഭാഗമായി നടക്കുന്ന ഓതേഴ്സ് കണക്ട്, യുവ കോർണർ, ചൈൽഡ് ഓതേഴ്സ് കോർണർ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയും സന്ദർശകർക്ക് കാണാൻ കഴിയും.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ ഹാൾ നമ്പർ അഞ്ചിലെ സ്റ്റാൾ നമ്പർ ഡി-08 ലാണ് പബ്ലിക്കേഷൻസ് ഡിവിഷൻ അവരുടെ പുസ്തകങ്ങളും ജേണലുകളും പ്രദർശിപ്പിക്കുന്നത്.
പബ്ലിക്കേഷൻസ് ഡിവിഷനെക്കുറിച്ച്:
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന പുസ്തകങ്ങളുടേയും ജേണലുകളുടേയും ഒരു കലവറയാണ് പബ്ലിക്കേഷൻസ് ഡിവിഷൻ. 1941-ൽ സ്ഥാപിതമായ പബ്ലിക്കേഷൻസ് ഡിവിഷൻ, കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമാണ്. വികസനം, ഇന്ത്യൻ ചരിത്രം, സംസ്കാരം, സാഹിത്യം, ജീവചരിത്രങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, തൊഴിൽ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ വ്യത്യസ്ത ഭാഷകളിലായി നിരവധി പുസ്തകങ്ങളും ജേണലുകളും പബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കുന്നു. വായനക്കാർക്കും പ്രസാധകർക്കും ഇടയിൽ വലിയ വിശ്വാസ്യതയുള്ള പബ്ലിക്കേഷൻസ് ഡിവിഷൻ, ഉള്ളടക്കത്തിൻ്റെ ആധികാരികതയ്ക്ക് ഏറെ അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനമാണ്.
യോജന, കുരുക്ഷേത്ര, ആജ്കൽ തുടങ്ങിയ ജനപ്രിയ പ്രതിമാസ ജേണലുകളും 'എംപ്ലോയ്‌മെൻ്റ് ന്യൂസ്', 'റോസ്‌ഗാർ സമാചാർ' എന്നീ പ്രതിവാര തൊഴിൽ വാർത്താപത്രങ്ങളും പബ്ലിക്കേഷൻസ് ഡിവിഷൻ്റെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, സർക്കാരിൻ്റെ അഭിമാനകരമായ റഫറൻസ് ഗ്രന്ഥമായ 'ഇന്ത്യ ഇയർ ബുക്കും' പബ്ലിക്കേഷൻസ് ഡിവിഷൻ പ്രസിദ്ധീകരിക്കുന്നു.
****
(रिलीज़ आईडी: 2213075)
आगंतुक पटल : 16