PIB Headquarters
azadi ka amrit mahotsav

പാടങ്ങളിൽ നിന്ന് ഭാവിയിലേക്ക്


സദ്ഭരണം എങ്ങനെ ഇന്ത്യയുടെ കാർഷിക ചരിത്രം മാറ്റിയെഴുതുന്നു

പോസ്റ്റഡ് ഓണ്‍: 23 DEC 2025 5:06PM by PIB Thiruvananthpuram

 

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ദഭാഡി ഗ്രാമത്തിലെ ശ്രീമതി ഭാവന നീൽകാന്ത് നിഗം ഒരു ബിരുദധാരിയായിരുന്നിട്ടും  കൃഷിയെ ഒരു തൊഴിലായി തിരഞ്ഞെടുത്തു. കൃഷി വിജ്ഞാൻ കേന്ദ്രം (KVK) നൽകിയ ചിട്ടയായ ശേഷി വർദ്ധിപ്പിക്കൽ ഇടപെടലുകളിലൂടെയും വിവിധ കാർഷിക വകുപ്പ് പരിപാടികളുടെ പിന്തുണയിലൂടെയും അവർ 2,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പോളി ഹൗസ് സ്ഥാപിച്ചു. തുള്ളിനന, കാർഷിക യന്ത്രവൽക്കരണം, മത്സ്യകൃഷി, കോഴിവളർത്തൽ എന്നിവയുൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളുടെ സംയോജനം തുടങ്ങിയ ആധുനിക രീതികൾ അവർ സ്വീകരിച്ചു. മഴവെള്ള സംഭരണികളിലൂടെ വരൾച്ചാ സമയത്തും ജലസേചനം ഉറപ്പാക്കുന്ന അവരുടെ കൃഷിയിടം നിലവിൽ കാപ്സിക്കം, തക്കാളി, ബീൻസ്, മുന്തിരി തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾ ഉത്പാദിപ്പിക്കുന്നു. അവരുടെ നൂതനമായ സമീപനത്തിനുള്ള അംഗീകാരമായി, 2021-ൽ മഹാരാഷ്ട്ര ​ഗവൺമെന്റിന്റെ 'ഇന്നൊവേറ്റീവ് വുമൺ ഫാർമർ സമ്മാൻ പത്ര' പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ അവർക്ക് ലഭിച്ചു. അവരുടെ കൃഷിയിടം ഒരു മാതൃകാ സംയോജിത കൃഷി രീതിയായി മാറിയത് കുടുംബ വരുമാനം വർദ്ധിപ്പിക്കാനും വൈവിധ്യവൽക്കരിക്കാനും സഹായിച്ചു. ഇത് അയൽ ഗ്രാമങ്ങളിലെ കർഷകർക്ക് ഒരു മാതൃകയായും പഠന കേന്ദ്രമായും മാറിയിരിക്കുന്നു; അവരിൽ പലരും ഇതിന്റെ ഫലങ്ങൾ നിരീക്ഷിച്ച ശേഷം സമാനമായ രീതികൾ നടപ്പിലാക്കിയിട്ടുണ്ട്.

നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ ബിഹാറിലെ ബങ്ക ജില്ലയിൽ, ശ്രീമതി ബിനിത കുമാരി ഒരു ചെറിയ ഇടപെടലിനെ വലിയൊരു ഉപജീവന മാർഗമാക്കി മാറ്റി. ഒരു കർഷക കുടുംബത്തിൽ നിന്നുള്ള അവർ ബങ്കയിലെ KVKയിൽ നിന്ന് കൂൺ കൃഷിയിലും വിത്ത് ഉത്പാദനത്തിലും പരിശീലനം നേടി. വെറും 25 കൂൺ ബാഗുകളിൽ തുടങ്ങി, ക്രമേണ അവർ വിവിധ കൂൺ ഇനങ്ങളും വർഷം മുഴുവനുമുള്ള ഉത്പാദന രീതികളും സ്വീകരിച്ച് തന്റെ സംരംഭം വിപുലീകരിച്ചു. ഇന്ന് പുതിയ കൂണുകളുടെയും വിത്തുകളുടെയും വിൽപ്പനയിലൂടെ പ്രതിവർഷം 2.5 മുതൽ 3 ലക്ഷം രൂപ വരെ അവർ സമ്പാദിക്കുന്നു, കൂടാതെ മറ്റ് കർഷകർക്ക് വിത്തുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. അയൽ ഗ്രാമങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുസജ്ജമായ ഒരു കൂൺ വിത്ത് ലബോറട്ടറി സ്ഥാപിക്കാൻ അവർ ഇപ്പോൾ ആഗ്രഹിക്കുന്നു. അവരുടെ സംരംഭം അടുത്തുള്ള ഗ്രാമങ്ങളിലെ ഏകദേശം 300 വനിതാ കർഷകരെ കൂൺ കൃഷിയെ സുസ്ഥിരമായ വരുമാന മാർഗമായി സ്വീകരിക്കാൻ പ്രാപ്തരാക്കി. കൃത്യമായ നൈപുണ്യ പരിശീലനവും സ്ഥാപനപരമായ പിന്തുണയും വ്യക്തിഗത കുടുംബങ്ങൾക്കപ്പുറം വലിയ കമ്മ്യൂണിറ്റി തലത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് ഇത് തെളിയിക്കുന്നു.

ഈ ആഖ്യാനങ്ങളെല്ലാം ഇന്ത്യൻ കാർഷിക മേഖലയുടെ വിപുലമായ പാതയെ പ്രതിഫലിപ്പിക്കുന്നു. 2024-25 സാമ്പത്തിക സർവേ പ്രകാരം, 'കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും' എന്ന മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തുടരുന്നു. 2024 സാമ്പത്തിക വർഷത്തിൽ നിലവിലെ വിലയനുസരിച്ച് രാജ്യത്തിന്റെ ജി.ഡി.പി-യുടെ ഏകദേശം 16 ശതമാനം (താൽക്കാലിക കണക്കുകൾ) സംഭാവന ചെയ്യുന്നതും ഏകദേശം 46.1 ശതമാനം ജനങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നതും ഈ മേഖലയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലെ പ്രധാന പങ്കിനുപുറമെ, ഈ മേഖല അനുബന്ധ വ്യവസായങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും അതുവഴി മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തൽഫലമായി, ഭരണപരിഷ്കാരങ്ങൾ വരുമാന പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ജലസേചന വിപുലീകരണം, റിസ്ക് കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ, മെച്ചപ്പെട്ട വിപണി പ്രവേശനം, സുസ്ഥിരത ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് കൂടുതൽ മുൻഗണന നൽകുന്നു.

ഉദാഹരണത്തിന്, പിഎം-കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികൾ ദശലക്ഷക്കണക്കിന് കർഷകർക്ക് നേരിട്ട് വരുമാന പിന്തുണ നൽകി, ഇത് കാർഷിക ചെലവുകൾ വഹിക്കാനും അവരുടെ കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനും അവരെ പ്രാപ്തരാക്കി. ഇതുവരെ 21 ഗഡുക്കളായി 3.88 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാർഷിക അടിസ്ഥാനസൗകര്യ ഫണ്ടിന് കീഴിലുള്ള നിക്ഷേപങ്ങൾ വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും സംഭരണ സൗകര്യങ്ങളും ശക്തിപ്പെടുത്തി, അതുവഴി കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കേണ്ടിവരുന്നത് കുറച്ചു. 2025 ഡിസംബർ 23 വരെയുള്ള കണക്കനുസരിച്ച്, ഇതിൽ 2.87 ലക്ഷത്തിലധികം ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ 57,000 കോടി രൂപയിലധികം വിതരണം ചെയ്തു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന ജലസേചന വ്യാപ്തി വർദ്ധിപ്പിക്കുകയും മൈക്രോ ഇറിഗേഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു, ഇത് കുറഞ്ഞ ജലവും ഉയർന്ന മൂല്യവുമുള്ള വിളകളിലേക്ക് മാറാൻ കർഷകരെ സഹായിച്ചു. ​പെർ ഡ്രോപ്പ് മോർ ക്രോപ്പ് (PDMC), സബ്-മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കാനൈസേഷൻ, സോയിൽ ഹെൽത്ത് ആന്റ് ഫെർട്ടിലിറ്റി, മഴയെ ആശ്രയിക്കുന്ന പ്രദേശങ്ങളുടെ വികസനം, വിള വൈവിധ്യവൽക്കരണം, അഗ്രി സ്റ്റാർട്ടപ്പുകൾക്കുള്ള ആക്സിലറേറ്റഡ് ഫണ്ട് തുടങ്ങി ഏഴ് ഘടകങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് സമാന്തരമായി, ഇ-നാം (e-NAM) വിപണി പ്രവേശനവും വിലയിലെ സുതാര്യതയും മെച്ചപ്പെടുത്തിയപ്പോൾ, പ്രധാനമന്ത്രി ഫസൽ ബീമ യോജന വിളനഷ്ടത്തിനെതിരെ സുരക്ഷാ കവചം നൽകി. 2025 ഡിസംബർ 23 വരെ, ഈ പദ്ധതിയിലൂടെ ആകെ 16.06 ലക്ഷം കർഷകർ ഗുണഭോക്താക്കളായി; 2025-ലെ ഖാരിഫ്, റാബി വിളകൾക്കായി 3.60 ലക്ഷം രൂപയുടെ ക്ലെയിമുകൾ ഇവർക്ക് ലഭിച്ചു. കൂടാതെ, സോയിൽ ഹെൽത്ത് കാർഡ് പദ്ധതി സമതുലിതമായ വളപ്രയോഗം പ്രോത്സാഹിപ്പിക്കുകയും മണ്ണിന്റെ ദീർഘകാല ഉൽപാദനക്ഷമതയെയും സുസ്ഥിരതയെയും പിന്തുണയ്ക്കുകയും ചെയ്തു.

നബാർഡ് (NABARD), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഈ സംരംഭങ്ങളുടെ സ്വാധീനം കാർഷിക തലത്തിൽ ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുന്നു. ജലസേചനം, വരുമാന പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ഇൻഷുറൻസ്, വിപുലീകരണ സേവനങ്ങൾ, വിപണി പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട ഇടപെടലുകൾ സംയോജിതമായി പ്രവർത്തിക്കുമ്പോൾ കാർഷിക സംവിധാനം കൂടുതൽ കരുത്തുറ്റതാകുകയും ബാഹ്യ ആഘാതങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മൂല്യവർദ്ധനവിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെയും വനിതാ കൂട്ടായ്മകളുടെയും നിരവധി വിജയഗാഥകൾ തെളിയിക്കുന്നത്, നയപരമായ നടപടികൾ കർഷകരുടെ ഉപജീവനത്തിൽ വ്യക്തമായ പുരോഗതിയായി മാറുമ്പോഴാണ് ഭരണപരമായ ഫലങ്ങൾ ഏറ്റവും ഫലപ്രദവും ദൃശ്യവുമാകുന്നത് എന്നാണ്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ, നബാർഡിന്റെ ഗ്രാന്റ് സഹായത്തോടെയുള്ള സംയോജിത വികസന പദ്ധതിയിലൂടെ വൈവിധ്യമാർന്ന ഹോർട്ടികൾച്ചർ സ്വീകരിച്ചുകൊണ്ട് ഗോത്രവർഗ്ഗ കർഷക കുടുംബങ്ങൾ മഴയെ അമിതമായി ആശ്രയിക്കുന്നതും കുറഞ്ഞ വരുമാനമുള്ളതുമായ പ്രശ്നങ്ങൾ പരിഹരിച്ചു. പയർവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഇടവിള കൃഷിയോടൊപ്പം മാമ്പഴക്കൃഷിയെയും ഈ ഇടപെടൽ പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം റിംഗ് ടാങ്കുകൾ, സബ്മേഴ്സിബിൾ പമ്പുകൾ എന്നിവയുൾപ്പെടെയുള്ള ജലസേചന അടിസ്ഥാന സൗകര്യങ്ങളും കാർഷിക ഉൽപ്പന്നങ്ങളും കൂലിപ്പണിയും നൽകുന്ന പദ്ധതികളുടെ സംയോജനവും ഉറപ്പാക്കി. തൽഫലമായി, 500 ഏക്കറിലധികം സ്ഥലത്ത് ഹോർട്ടികൾച്ചർ ആരംഭിച്ചു, കൂടാതെ 115 ഏക്കറിലധികം സ്ഥലത്ത് ജലസേചനം ഉറപ്പാക്കി. ഗുണഭോക്താക്കളായ കുടുംബങ്ങൾ നാലാം വർഷമായപ്പോഴേക്കും 50,000 മുതൽ 70,000 രൂപ വരെ മാമ്പഴത്തിലൂടെയുള്ള അധിക വാർഷിക വരുമാനം രേഖപ്പെടുത്തി. ശരാശരി കുടുംബ വരുമാനം 0.3-0.4 ലക്ഷം രൂപയിൽ നിന്ന് 1.01-1.68 ലക്ഷം രൂപയായി വർദ്ധിച്ചു. ഈ സംരംഭം ഗ്രാമങ്ങളിൽ നിന്നുള്ള പലായനം 30 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക് കുറയ്ക്കാനും സ്വയം സഹായ സംഘങ്ങൾ, കർഷക ക്ലബ്ബുകൾ എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റി സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സഹായിച്ചു.

ഹരിയാനയിലെ റിവാഡി ജില്ലയിൽ നിന്നുള്ള മറ്റൊരു ഉദാഹരണം, ധർചന ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (FPC) പ്രാദേശിക എണ്ണക്കുരു കൃഷിയെ എങ്ങനെ 500-ലധികം കർഷകർക്ക് ഗുണകരമായ ഒരു സുസ്ഥിര കൂട്ടായ്മയാക്കി മാറ്റി എന്നതാണ്. ഇതിൽ അംഗങ്ങളായവരിൽ 90 ശതമാനവും സ്ത്രീകളാണ്. FPO വഴി എണ്ണക്കുരുക്കൾ ശേഖരിക്കുകയും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്തതിലൂടെയും മൊബൈൽ കളക്ഷൻ പോലുള്ള സേവനങ്ങൾ നൽകിയതിലൂടെയും അംഗങ്ങൾക്ക് ക്വിന്റലിന് ഏകദേശം 200 രൂപ അധിക വരുമാനം ലഭിച്ചു. അതോടൊപ്പം 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനി 58.8 ലക്ഷം രൂപ വിറ്റുവരവും 50,000 രൂപ ലാഭവും രേഖപ്പെടുത്തി. ഉൽ‌പാദക സംഘടനകൾ വഴി വിപണി ബന്ധങ്ങളും മൂല്യശൃംഖല സേവനങ്ങളും നൽകുന്നത് കർഷകരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം കാർഷിക വരുമാനം എങ്ങനെ വർദ്ധിപ്പിക്കുമെന്ന് ഈ അനുഭവം അടിവരയിടുന്നു.

ഇന്ത്യ സദ്ഭരണ ദിനം ആചരിക്കുമ്പോൾ ഈ അനുഭവങ്ങൾ ഒരു അടിസ്ഥാന ഉൾക്കാഴ്ച നൽകുന്നു: കാർഷിക മേഖലയിലെ ഫലപ്രദമായ ഭരണം എന്നത് വെറും ഉയർന്ന വിളവ് നേടുന്നതിനെ കുറിച്ച് മാത്രമുള്ളതല്ല, മറിച്ച് കൃഷിയെ ആദരണീയവും മാന്യവുമായ ഒരു ഉപജീവനമാർഗമായി വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ളതാണ്. വ്യക്തിഗത പരിശ്രമങ്ങളെ സഹായ സംവിധാനങ്ങൾ വഴി ശക്തിപ്പെടുത്തുകയും ശക്തമായ സ്ഥാപനങ്ങളിലൂടെ നഷ്ടസാധ്യത കുറയ്ക്കുകയും ഭാവിയിലെ ഫലങ്ങൾ കൂടുതൽ ഉറപ്പോടെ ആസൂത്രണം ചെയ്യാൻ കഴിയുകയും ചെയ്യുന്ന ഒരിടമായി കൃഷിയെ മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പാടങ്ങളിൽ നിന്ന് ഭാവിയിലേക്ക് ഇന്ത്യയുടെ കാർഷിക ആഖ്യാനത്തെ കർഷകർ മാറ്റിമറിക്കുകയാണ്. അവരുടെ നേട്ടങ്ങൾ നയപരമായ പൊരുത്തത്തിലും പങ്കാളിത്ത സമീപനങ്ങളിലും തെളിയിക്കപ്പെട്ട ഫലങ്ങളിലും ഉറച്ചുനിൽക്കുന്നു.

 

References

Ministry of Agriculture and Farmers Welfare

Ministry of Finance

Click here to see pdf 

***

SK


( റിലീസ് ഐ.ഡി: 2211986) സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी