ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
മാലിന്യത്തിൽ നിന്ന് മണ്ണിലേക്ക്: ഇന്ത്യയിലെ നഗര തദ്ദേശ സ്ഥാപനങ്ങൾ നാളികേര മാലിന്യത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങളാക്കി പുനരുപയോഗിക്കുന്നു
प्रविष्टि तिथि:
31 DEC 2025 12:25PM by PIB Thiruvananthpuram
ഒരുകാലത്ത് ഉപഭോഗത്തിൻ്റെ മായ്ക്കാനാവാത്ത ഉപോൽപ്പന്നമായിരുന്ന മാലിന്യങ്ങൾ, വർദ്ധിച്ചുവരുന്ന ജനസംഖ്യയും ദ്രുതഗതിയിലുള്ള നഗരവൽക്കരണവും മൂലം നിരന്തരം വളരുന്ന വലിയൊരു വെല്ലുവിളിയായി മാറി. എന്നാൽ, സ്വച്ഛ് ഭാരത് മിഷനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ആഹ്വാനത്തിന് മറുപടിയായി ഇന്ത്യ ഈ സാഹചര്യത്തെ മാറ്റിമറിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റേയും (MoHUA) സ്വച്ഛ് ഭാരത് മിഷൻ-അർബൻ്റേയും (SBM-U) നേതൃത്വത്തിൽ, മാലിന്യം ഇപ്പോൾ ഒരു പ്രശ്നമല്ല, മറിച്ച് ഉൽപ്പന്നങ്ങളും വരുമാനവും സൃഷ്ടിക്കുന്ന ഒരു വിഭവമാണ്. ഈ മാറ്റം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് തീരദേശ നഗരങ്ങളിലാണ്. അവിടെ ഒരുകാലത്ത് വലിയൊരു തലവേദനയായിരുന്ന നാളികേര മാലിന്യങ്ങൾ ഇന്ന് വർത്തുള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി പുതുജീവൻ നേടിയിരിക്കുന്നു. പ്രകൃതിയുടെ അവശിഷ്ടങ്ങൾ ഉപജീവനമാർഗ്ഗവും മൂല്യവത്തായ ഉൽപ്പന്നങ്ങളുമായി മാറിക്കൊണ്ടിരിക്കുന്നു.

വൃത്തിയുള്ളതും സുരക്ഷിതവും മനോഹരവുമായ ലക്ഷ്യസ്ഥാനങ്ങൾ തേടി വിനോദസഞ്ചാരികൾ തീരദേശ നഗരങ്ങളിലേക്ക് ഒഴുകിയെത്തുമ്പോൾ, കടൽത്തീരങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമായി ഇന്നും തുടരുന്നത് കരിക്കിൻ വെള്ളമാണ്. ഇത് ആരോഗ്യപ്രദവും ഉന്മേഷദായകവും ജനപ്രിയ പാനീയവുമാണ്. ഒരുകാലത്ത് ആ ജനപ്രീതിയുടെ അർത്ഥം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്ക് കുന്നുകൂടിയിരുന്ന നാളികേര മാലിന്യങ്ങൾ എന്നായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇന്ന്, നാളികേര മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കുകയും പുനരുപയോഗിക്കുകയും മൂല്യമായി പുനർജ്ജനിക്കുകയും ചെയ്യുന്നു. ഇവ ജൈവവളമായും മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന കൊക്കോപീറ്റായും, കയർ നിർമ്മിക്കാനാവശ്യമായ നാരുകളായും രൂപമാറ്റം വരുത്തുന്നു. ഒരുകാലത്ത് കടൽതീരങ്ങളിൽ പ്രശ്നമായിരുന്ന മാലിന്യം ഇന്ന് മികച്ചൊരു പരിഹാരമായി മാറിയിരിക്കുന്നു.


നാളികേര മാലിന്യം കേവലം ഒരു "ഹരിത മാലിന്യം" എന്നതിലുപരി ഉയർന്ന മൂല്യമുള്ള വിഭവമായി മാറിയിരിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരങ്ങളിലെ ഈർപ്പമുള്ള മാലിന്യത്തിൻ്റെ 3–5 ശതമാനം നാളികേര മാലിന്യമാണ്. കണക്കിൽ ചെറുതായി തോന്നിയാലും പ്രതിദിനം ഉൽപ്പാദിപ്പിക്കപ്പെടുന്ന 1.6 ലക്ഷം ടൺ നഗരമാലിന്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു അളവാണ്. തീരദേശ നഗരങ്ങളിൽ ഇത് 6–8 ശതമാനത്തോളം വരും. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഇതിൻ്റെ ഉൽപ്പാദനത്തിൽ മുന്നിലുള്ളത്. കർണാടക ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ചിരട്ടയ്ക്ക് പോലും വലിയ സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്ത്യ ഇന്ന് തെളിയിക്കുകയാണ്.

ഇന്ത്യയുടെ നാളികേര വിജയഗാഥ ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കോക്കനട്ട് ഡെവലപ്‌മെൻ്റ് ബോർഡിൻ്റേയും, കയർ ബോർഡിൻ്റേയും കണക്കനുസരിച്ച്, 2023–24, 2024–25 വർഷങ്ങളിൽ മൊത്തം ഉത്പാദനം 21,000 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. ഇതിൽ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചേർന്ന് ഏകദേശം 90 ശതമാനം സംഭാവന ചെയ്തു.

ഇതിലൂടെ മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്കുള്ള മൂല്യ ശൃംഖല പാരിസ്ഥിതിക നേട്ടങ്ങളും വിദേശനാണ്യവും നേടിത്തരുന്നു. 2025 ൽ ആഗോള നാളികേര- കയർ വിപണി 1.45 ബില്യൺ യുഎസ് ഡോളർ (ഏകദേശം 12,000 കോടി രൂപ) ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ, ആഗോള ഉത്പാദനത്തിൻ്റെ 40 ശതമാനത്തിലധികം ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. മണ്ണ് ഉപയോഗിക്കാത്ത കൃഷിയിൽ, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കൊക്കോപീറ്റിനുള്ള ആവശ്യകത വർദ്ധിച്ചുവരുന്നതിനാൽ കയറ്റുമതിയിൽ പ്രതിവർഷം 10–15 ശതമാനം വളർച്ച കൈവരിക്കുന്നു. ചൈന (37 ശതമാനം), യുഎസ് (24 ശതമാനം) എന്നിവരാണ് ഏറ്റവും വലിയ വാങ്ങലുകാരായി ഉയർന്നുവന്നിരിക്കുന്നത്. നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിൻ എന്നിവ തൊട്ടുപിന്നാലെയുണ്ട്.

കർണാടകയിലെ ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നാളികേര മാലിന്യത്തിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്ന കഥ വലിയ തോതിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പ്രതിദിനം 150–300 മെട്രിക് ടൺ ഇളനീർ അവശിഷ്ടങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവയും ഇതിൽ ഗണ്യമായ വർദ്ധന വരുത്തുന്നു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം മുതൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ സൂറത്ത്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ എന്നിവിടങ്ങളിൽ, ഉയർന്ന അളവിലുള്ള ഇളനീർ ഉപഭോഗം കാരണം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ചകിരിത്തൊണ്ട് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ക്ലസ്റ്ററുകൾ വികസിപ്പിച്ചിട്ടുണ്ട്. മാതൃകാപരമായ നേട്ടം കൈവരിച്ചുകൊണ്ട് മൈസൂരുവും മധുരയും നാളികേര മാലിന്യത്തിൻ്റെ നൂറു ശതമാനം പുനരുപയോഗം സാധ്യമാക്കി. ഒഡീഷയിലെ പുരി, ഉത്തർപ്രദേശിലെ വാരാണസി, ആന്ധ്രാപ്രദേശിലെ തിരുപ്പതി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ക്ഷേത്രങ്ങളിൽ നിന്നുള്ള നാളികേര മാലിന്യം സംസ്കരിക്കുന്നതിനായി പ്രത്യേക മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ചിരട്ട പോലും അവശേഷിക്കുന്നില്ലെന്ന് അവർ ഇതിലൂടെ ഉറപ്പാക്കുന്നു.

സർക്കാർ പദ്ധതികൾ നാളികേര മാലിന്യ സംസ്കരണത്തിന് ശക്തമായ സാമ്പത്തിക പിന്തുണ നല്കുന്നുണ്ട്. സ്വച്ഛ് ഭാരത് മിഷൻ- അർബൻ 2.0 പ്രകാരം, മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് സംരംഭകർക്കും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്രം 25–50 ശതമാനം വരെ സാമ്പത്തിക സഹായം നല്കുന്നു. കയർ ഉദ്യാമി യോജന 10 ലക്ഷം രൂപ വരെയുള്ള പദ്ധതികളിൽ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 40 ശതമാനം സബ്സിഡി നല്കിക്കൊണ്ട് ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിനുപുറമെ, നാളികേര അവശിഷ്ടങ്ങളെ വളമായും ബയോ-സിഎൻജി ആയും മാറ്റുന്നതിനായി 500 പുതിയ 'വേസ്റ്റ്-ടു-വെൽത്ത്' പ്ലാൻ്റുകൾ ഗോബർധൻ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്നു. നയരൂപീകരണവും സുസ്ഥിരതയും കൈകോർക്കുമ്പോൾ മാലിന്യം പോലും ലാഭകരമായി മാറുമെന്ന് ഇത് തെളിയിക്കുന്നു.
സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 പദ്ധതിക്ക് കീഴിൽ, നഗരങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളും (MRFs) പ്രത്യേക പ്രോസസ്സിംഗ് യൂണിറ്റുകളും വഴി നാളികേര മാലിന്യത്തെ വലിയൊരു അവസരമാക്കി മാറ്റുകയാണ്. ഇന്ത്യയിലെ അതിവേഗം വളരുന്ന കയർ മേഖലയിൽ ഏകദേശം 7.5 ലക്ഷം ആളുകൾ ജോലി ചെയ്യുന്നുണ്ട്, ഇതിൽ 80 ശതമാനവും സ്വയംസഹായ സംഘങ്ങൾ (SHG) നടത്തുന്ന യൂണിറ്റുകളിലെ സ്ത്രീകളാണ്. രാജ്യവ്യാപകമായി 15,000- ത്തിലധികം യൂണിറ്റുകളുണ്ട് (തമിഴ്‌നാട്ടിൽ മാത്രം 7,766 എണ്ണം). ഇൻഡോർ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങൾ നാളികേര മാലിന്യത്തിൻ്റെ 100 ശതമാനവും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ എത്തുന്നതിൽ നിന്ന് തടയുന്നു. ഈ മാലിന്യത്തിൻ്റെ ഏകദേശം 90 ശതമാനവും ഇപ്പോൾ കയറുകളും മാറ്റുകളും വളവുമായി മാറുന്നു. അല്ലാത്തപക്ഷം ഇവ 10-20 വർഷത്തോളം നശിക്കാതെ കിടക്കുകയും കാർബണും മീഥെയ്നും പുറത്തുവിടുകയും ചെയ്യുമായിരുന്നു. സുസ്ഥിരവും ലാഭകരവും തൊഴിലവസരങ്ങൾ നിറഞ്ഞതുമായ ഒന്നായി നാളികേര മാലിന്യം ഇപ്പോൾ ഗൗരവകരമായ മാറ്റത്തിന് വിധേയമാകുകയാണ്.
കേരളത്തിലെ കുന്നംകുളം നഗരസഭയുടെ 'ഗ്രീൻ ഡി-ഫൈബറിംഗ് യൂണിറ്റ്' , സൂക്ഷ്മാണുക്കൾ അടങ്ങിയ കൊക്കോപീറ്റ് എയ്‌റോബിക് കമ്പോസ്റ്റിംഗ് സംവിധാനം വഴി ചകിരിയേയും ഈർപ്പമുള്ള മാലിന്യത്തേയും ദുർഗന്ധമില്ലാത്ത വളമാക്കി മാറ്റുന്നു. ഒരുകാലത്ത് ചകിരിത്തൊണ്ട് ഉപേക്ഷിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ ഓരോ ചകിരിത്തൊണ്ടിനും 1.25 രൂപ വീതം വരുമാനം ലഭിക്കുന്നു, അവർ തന്നെ അത് യൂണിറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആറംഗ സംഘം നടത്തുന്ന ഈ യൂണിറ്റ് പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അത്യാധുനിക കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യകൾ പഠിപ്പിക്കുകയും ചെയ്യുന്നു. ചകിരി നാരുകൾ ലാഭത്തിന് വിൽക്കുകയും അവശേഷിക്കുന്ന ചെറിയ നാരുകൾ നൂതന ബയോ-പോട്ടുകളാക്കി മാറ്റുകയും ചെയ്യുന്നു.
ഗ്രേറ്റർ ചെന്നൈയിൽ, അസംസ്കൃത നാളികേര തൊണ്ടുകൾ വളമായും കയർ നാരുകളായും മാറ്റുന്നു. 2021 ഡിസംബർ മുതൽ, ഏകദേശം 1.5 ലക്ഷം മെട്രിക് ടൺ മാലിന്യം ലഭിച്ചു, അതിൽ 1.15 ലക്ഷം മെട്രിക് ടണ്ണിലധികം ഇതിനകം സംസ്കരിച്ചു കഴിഞ്ഞു. വേസ്റ്റ് ആർട്ട് കമ്മ്യൂണിക്കേഷൻസുമായി 20 വർഷത്തെ പിപിപി കരാറിലാണ് ഇത് പ്രവർത്തിക്കുന്നത്. കൊടുങ്ങയൂരിലേയും പെരുങ്കുടിയിലേയും യൂണിറ്റുകൾ മെട്രിക് ടണ്ണിന് ഏകദേശം 764 രൂപ പ്രോസസ്സിംഗ് ഫീസോടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നു. ടയർ കമ്പനികൾ, നഴ്സറികൾ, വനം വകുപ്പുകൾ എന്നിവയുൾപ്പെടെ മുപ്പതോളം സ്ഥിരം ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾക്കുണ്ട്.

ക്ഷേത്രനഗരങ്ങൾ മുതൽ ടെക് ഹബ്ബുകൾ വരെ, സ്വച്ഛ് ഭാരത് മിഷൻ- അർബന് കീഴിലുള്ള ഇന്ത്യയുടെ നാളികേര മാലിന്യ സംസ്കരണ യാത്ര തെളിയിക്കുന്നത് നയങ്ങളും ജനങ്ങളും നവീനമായ ആശയങ്ങളും ഒത്തുചേരുമ്പോൾ സുസ്ഥിരത അഭിവൃദ്ധി പ്രാപിക്കുമെന്നാണ്.
***
(रिलीज़ आईडी: 2211908)
आगंतुक पटल : 17