രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി യുഎഇ, ശ്രീലങ്ക എന്നിവിടങ്ങൾ സന്ദർശിക്കുന്നു

प्रविष्टि तिथि: 04 JAN 2026 2:41PM by PIB Thiruvananthpuram

സൗഹൃദ വിദേശ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണവും സൈനിക-സൈനിക ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തര ഇടപെടലിൻ്റെ ഭാഗമായി, കരസേനാ മേധാവി (സി‌ഒ‌എ‌എസ്) ജനറൽ ഉപേന്ദ്ര ദ്വിവേദി 2026 ജനുവരി 05 മുതൽ 08 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യു‌എഇ) ശ്രീലങ്കയും സന്ദർശിക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ 2026 ജനുവരി 5, 6 തീയതികളിൽ കരസേനാ മേധാവി സന്ദർശനം നടത്തും. യു‌എഇയിൽ എത്തുന്ന ജനറൽ ദ്വിവേദിക്ക് യുഎഇ കരസേന ഗാർഡ് ഓഫ് ഓണർ നൽകും. സന്ദർശനത്തിനിടെ അദ്ദേഹം, കരസേനാ കമാൻഡർ ഉൾപ്പെടെയുള്ള യുഎഇ സായുധ സേനയുടെ മുതിർന്ന നേതാക്കളെ സന്ദർശിക്കും. യുഎഇ സൈന്യത്തിൻ്റെ ഘടന, ചുമതല, ശേഷി എന്നിവ അദ്ദേഹം മനസ്സിലാക്കും. ഇന്ത്യയും യുഎഇയും തമ്മിൽ വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിന് ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം പ്രധാന സൈനിക സ്ഥാപനങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുമായും സംവദിക്കുകയും ചെയ്യും. യുഎഇ നാഷണൽ ഡിഫൻസ് കോളേജും അദ്ദേഹം സന്ദർശിക്കും. അവിടെ ശ്രീ ദ്വിവേദി, ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. ഇരു സായുധ സേനകളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം, പ്രൊഫഷണൽ സൈനിക കൈമാറ്റങ്ങൾ, തന്ത്രപരമായ ധാരണ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം.

 

യുഎഇ സന്ദർശനത്തിന് ശേഷം, 2026 ജനുവരി 7,8 തീയതികളിൽ കരസേനാ മേധാവി ശ്രീലങ്ക സന്ദർശിക്കും. അവിടെ, കരസേനാ മേധാവിക്ക് ശ്രീലങ്കൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകും. ശ്രീലങ്കൻ ആർമി കമാൻഡർ, പ്രതിരോധ ഉപമന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവരുൾപ്പെടെ മുതിർന്ന സൈനിക, സിവിൽ നേതൃത്വവുമായി അദ്ദേഹം സംവദിക്കും; തുടർന്ന് പരിശീലന സഹകരണം, ശേഷി വികസനം, പ്രാദേശിക സുരക്ഷ എന്നിവയുൾപ്പെടെ പരസ്പര താൽപര്യമുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചകൾ നടത്തും.

 

സന്ദർശന വേളയിൽ, അദ്ദേഹം ഡിഫൻസ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ (DSCSC) ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും ബുട്ടാലയിലെ ആർമി വാർ കോളേജിലെ ഉദ്യോഗസ്ഥരുമായും ട്രെയിനികളുമായും സംവദിക്കുകയും ചെയ്യും. ഇത് ശ്രീലങ്കയുമായുള്ള പ്രതിരോധ മേഖലയിലെ വിദ്യാഭ്യാസ പരിപാടികളിലും പ്രൊഫഷണൽ സൈനിക കൈമാറ്റങ്ങളിലും ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

ഇന്ത്യൻ സൈനികരുടെ പരമമായ ത്യാഗത്തെ ആദരിച്ചുകൊണ്ട് ജനറൽ ദ്വിവേദി ഐപികെഎഫ് യുദ്ധ സ്മാരകത്തിൽ ആദരം അർപ്പിക്കും.

 

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും പശ്ചിമേഷ്യയിലെയും സൗഹൃദ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും പരസ്പര വിശ്വാസവും, പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള കരസേനാ മേധാവിയുടെ സന്ദർശനം ആവർത്തിച്ചു സ്ഥിരീകരിക്കുന്നു.

***


(रिलीज़ आईडी: 2211287) आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil