ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒമ്പതാമത് സിദ്ധ ദിനാഘോഷങ്ങൾ ഉപരാഷ്ട്രപതി ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 03 JAN 2026 5:30PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ചെന്നൈയിൽ 9-ാമത് സിദ്ധ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.  അഗസ്ത്യമുനിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച അദ്ദേഹം, ആധുനിക ആരോഗ്യപരിചരണത്തിൽ സിദ്ധ വൈദ്യശാസ്ത്രത്തിന്റെ കാലാതീതമായ പ്രസക്തി എടുത്തുപറഞ്ഞു. ഇന്ത്യയിലും വിദേശത്തുമുള്ള സിദ്ധ വൈദ്യന്മാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന അദ്ദേഹം, ഇന്ത്യയുടെ നാഗരിക സാംസ്കാരിക ജ്ഞാനത്തിൽ ആഴത്തിൽ പതിഞ്ഞ  ജീവിച്ചിരിക്കുന്ന പാരമ്പര്യമായി സിദ്ധയെ വിശേഷിപ്പിച്ചു.
 
ആയുഷിന് (AYUSH)കീഴിലുള്ള സിദ്ധ, ആയുര്‍വേദം, യുനാനി, യോഗ എന്നീ പരമ്പരാഗത ആരോഗ്യസംവിധാനങ്ങൾ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളല്ല; മറിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിന്  സംഭാവന നൽകുന്ന കാലം സാക്ഷ്യപ്പെടുത്തിയ ചികിത്സാരീതികളാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശരീരം, മനസ്, പ്രകൃതി എന്നിവ തമ്മിലുള്ള  ഐക്യത്തിന് ഊന്നൽ നൽകുന്ന സിദ്ധ വൈദ്യശാസ്ത്രം; ആരോഗ്യം, രോഗപ്രതിരോധം, ജീവിതശൈലി നിയന്ത്രണം എന്നിവയിൽ സമഗ്ര ഇടപെടൽ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ജീവിതശൈലി രോഗങ്ങൾ, മാനസിക സമ്മർദ്ദം, പാരിസ്ഥിതിക വെല്ലുവിളികൾ എന്നിവ വർധിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
സിദ്ധ വൈദ്യശാസ്ത്രത്തിന്റെ സവിശേഷതയെ എടുത്തുപറഞ്ഞുകൊണ്ട്, രോഗങ്ങളുടെ മൂലകാരണങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുന്നതിലാണ് സിദ്ധ ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സമഗ്രവും ഏകീകൃതവുമായ സമീപനത്തിലൂടെ പൂർണ്ണമായ രോഗമുക്തിക്കും സുഖപ്രാപ്തിക്കും സിദ്ധ സംവിധാനം പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
 
പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സിദ്ധ വിജ്ഞാനം രേഖപ്പെടുത്താനും ആധുനികവൽക്കരിക്കാനും അതോടൊപ്പം അതിന്റെ നൈതികവും ദാർശനികവുമായ അടിത്തറകൾ സംരക്ഷിച്ചുകൊണ്ട് ആഗോളതലത്തിൽ പങ്കുവെക്കാനും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ഗവേഷകർ, ചികിത്സകർ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവരോട്  അഭ്യർത്ഥിച്ചു. ചികിത്സിക്കാനാവാത്തവയായി കരുതപ്പെടുന്ന രോഗങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി സിദ്ധ മേഖലയിൽ ശാസ്ത്രീയ ഗവേഷണം ഏറ്റെടുക്കാൻ യുവ വിദ്യാർത്ഥികളെയും ഗവേഷകരെയും അദ്ദേഹം  പ്രോത്സാഹിപ്പിച്ചു.
 
ഓരോ ചികിത്സാ സംവിധാനത്തിനും അതിന്റേതായ ശക്തികളും നേട്ടങ്ങളും ഉണ്ടെന്ന്  ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, എല്ലാ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളോടും ക്രിയാത്മകവും സമഗ്രവുമായ സമീപനം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.  മനുഷ്യകുലത്തിന്റെ നന്മയ്ക്കായി വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ പ്രത്യേക ശക്തികളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
സിദ്ധ ദിനം ഒരു പ്രധാന ഓർമ്മപ്പെടുത്തലാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, ആരോഗ്യകരവും കൂടുതൽ സന്തുലിതവും സുസ്ഥിരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പരമ്പരാഗത ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു.
 
നേരത്തെ, ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച  പ്രദർശന നഗരി ഉപരാഷ്ട്രപതി സന്ദർശിച്ചു. സിദ്ധ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സിദ്ധ കൈയെഴുത്തുപ്രതികൾ, പുസ്തകങ്ങൾ, അസംസ്കൃത വസ്തുക്കൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശിപ്പിച്ചതിന്  ആയുഷ് മന്ത്രാലയത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
 
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ (എൻഐഎസ്), സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (സിസിആർഎസ്), തമിഴ്‌നാട് സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി എന്നിവ സംയുക്തമായാണ് 9-ാമത് സിദ്ധ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.
 
സിദ്ധ വൈദ്യശാസ്ത്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന അഗസ്ത്യ മുനിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് "ആഗോള ആരോഗ്യത്തിന് സിദ്ധ" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആഘോഷങ്ങൾ നടന്നത്. തമിഴ്‌നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സിദ്ധ പ്രാക്ടീഷണർമാർ, ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, പണ്ഡിതർ, വിദ്യാർത്ഥികൾ എന്നിവരെ ഈ പരിപാടി ഒരുകുടക്കീഴിൽ കൊണ്ടുവന്നു.
 
സിദ്ധ വൈദ്യശാസ്ത്ര മേഖലയ്ക്ക്  അസാധാരണ സംഭാവനകൾ നല്കിയ അഞ്ച് പ്രമുഖ വ്യക്തികളെ ചടങ്ങിൽ  ആദരിച്ചു.
 
*****

(रिलीज़ आईडी: 2211159) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu