ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ചെന്നൈയില്‍ നടന്ന മൂന്നാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുത്തു

प्रविष्टि तिथि: 02 JAN 2026 6:47PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ ഇന്ന് ചെന്നൈയില്‍ നടന്ന മൂന്നാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ ചടങ്ങില്‍ പങ്കെടുത്തു.


സാഹിത്യത്തിന്റേയും ആശയങ്ങളുടേയും നിര്‍ഭയമായ ആവിഷ്‌കാരത്തിന്റേയും ശാശ്വതമായ കരുത്തിനെയാണ് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ ആഘോഷിക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

ശ്രീ രാംനാഥ് ഗോയങ്കയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ഉപരാഷ്ട്രപതി, അദ്ദേഹത്തെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ ഉന്നതനായ വ്യക്തിത്വമെന്ന് വിശേഷിപ്പിച്ചു. സത്യസന്ധതയും ബൗദ്ധികമായ ധൈര്യവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച ഗോയങ്കയെ  'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗോയങ്കയുടെ പൈതൃകം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുകയാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു

ശ്രീ ജയപ്രകാശ് നാരായണ്‍ നയിച്ച സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ കാലഘട്ടവുമായുള്ള  തന്റെ  വ്യക്തിപരമായ ബന്ധം അനുസ്മരിച്ചുകൊണ്ട്, അടിയന്തരാവസ്ഥക്കാലത്ത് ശ്രീ രാംനാഥ് ഗോയങ്ക പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നും പത്ര സെന്‍സര്‍ഷിപ്പിനെ നിര്‍ഭയം എതിര്‍ത്തിരുന്നുവെന്നും ശ്രീ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരിച്ച പ്രശസ്തമായ ശൂന്യ എഡിറ്റോറിയല്‍ മൗനത്തിന്റെ കരുത്തിന്റേയും പത്രപ്രവര്‍ത്തനത്തിന്റെ  ധാര്‍മ്മിക ശക്തിയുടേയും ശക്തമായ പ്രകടനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ദേശീയ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി പത്രങ്ങള്‍ കൂടുതല്‍ ഇടം നീക്കിവെക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ദേശീയ ബോധവും അറിവുള്ള പൗരസമൂഹത്തേയും ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ക്രിയാത്മകമായ സംവാദങ്ങള്‍ക്കായി കുറഞ്ഞത് രണ്ട് പേജുകളെങ്കിലും സ്ഥിരമായി നീക്കിവയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉറച്ച ബോധ്യത്തോടെ സത്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിന് അതിന്റേതായ ധാര്‍മ്മിക അംഗീകാരമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനത്തെക്കുറിച്ച്  പരാമര്‍ശിച്ചുകൊണ്ട്, എല്ലാ ഭാഷകളും സാംസ്‌കാരിക പാരമ്പര്യങ്ങളും ഒന്നിച്ച് മുന്നേറുന്ന എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പുരോഗതിയാണ് ഇന്ത്യക്ക് ഉണ്ടാകേണ്ടതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവും ബൗദ്ധികവുമായ പൈതൃകത്തെ ദേശീയ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് എത്തിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. മറാത്തി, പാലി, പ്രാകൃത്, ആസാമീസ്, ബംഗാളി എന്നീ ഭാഷകള്‍ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കിയത് ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളേയും പാരമ്പര്യങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഗ്യാന്‍ ഭാരതം മിഷനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, ഡിജിറ്റല്‍, എഐ അധിഷ്ഠിത  ഉപകരണങ്ങളിലൂടെ ഇന്ത്യയുടെ കൈയെഴുത്തുപ്രതികളും വിജ്ഞാന സംവിധാനങ്ങളും സംരക്ഷിക്കുന്നതിനായി ഈ സംരംഭം പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നുവെന്ന് പറഞ്ഞു.

 സാഹിത്യം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ  കണ്ണാടിയായും സാംസ്‌കാരിക മൂല്യങ്ങളുടെ  വഴികാട്ടിയായും  പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്  ശ്രീ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ദ്രുതഗതിയിലുള്ള സാമ്പത്തിക, സാങ്കേതിക, സാമൂഹിക പരിവര്‍ത്തനങ്ങളുടെ ഈ കാലഘട്ടത്തില്‍, എഴുത്തുകാരുടേയും ബുദ്ധിജീവികളുടേയും ഉത്തരവാദിത്തം കൂടുതല്‍ പ്രാധാന്യം നേടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മകതയ്ക്കപ്പുറം സാമൂഹിക ഐക്യം, ഭരണഘടനാ മൂല്യങ്ങള്‍, ധാര്‍മ്മിക ചര്‍ച്ചകള്‍ എന്നിവ വളര്‍ത്തുന്നതിലേക്ക് അവരുടെ പങ്ക് വ്യാപിക്കുകയാണെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലായി തുടരുന്നുവെന്നും ഉത്തരവാദിത്തത്തോടെയും സഹാനുഭൂതിയോടെയും സുതാര്യതയോടെയും കൂടി അത് വിനിയോഗിക്കുമ്പോഴാണ് മികച്ച ഫലം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വേദങ്ങളും ഉപനിഷത്തുകളും മുതല്‍ ഇതിഹാസങ്ങള്‍, ഭക്തി സൂഫി കവിതകള്‍, ആധുനിക സാഹിത്യം എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ സമ്പന്നമായ സാഹിത്യ പൈതൃകത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, ബഹുസ്വരതയോടും സംവാദത്തോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തില്‍ ആഴത്തില്‍  ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


സാമ്പത്തിക ശക്തിയും സാങ്കേതിക പുരോഗതിയും മാത്രമല്ല, സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍, സാംസ്‌കാരിക ആത്മവിശ്വാസം, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവയും  വികസിത ഇന്ത്യയെ നിര്‍വ്വചിക്കുന്നുവെന്ന് ശ്രീ സി.പി. രാധാകൃഷ്ണന്‍ നിരീക്ഷിച്ചു. വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് പ്രബുദ്ധമായ മനസ്സുകളും, ക്രിയാത്മകമായ ആവിഷ്‌കാരങ്ങളും, ശക്തമായ ധാര്‍മ്മിക ദിശാബോധവും ആവശ്യമാണെന്ന് അദ്ദേഹം  പറഞ്ഞു. അറിവോടെയുള്ള സംവാദം,  ക്രിയാത്മകമായ വിയോജിപ്പ്, ജനാധിപത്യപരമായ ജാഗ്രത എന്നിവ വളര്‍ത്തുന്നതില്‍ സാഹിത്യവും പത്രപ്രവര്‍ത്തനവും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, അവരുടെ സംഭാവനകള്‍ ഇന്ത്യയുടെ ബൗദ്ധിക മേഖലയെ സമ്പന്നമാക്കുകയും ആശയങ്ങളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അവരുടെ രചനകള്‍ വായനക്കാരെ, പ്രത്യേകിച്ച് യുവതലമുറയെ, ആഴത്തില്‍ ചിന്തിക്കാനും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും ലോകവുമായി ക്രിയാത്മകമായി  ഇടപെടാനും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ചടങ്ങില്‍, പ്രശസ്ത കന്നഡ എഴുത്തുകാരനും ഇന്ത്യയിലെ ആദരണീയ സാഹിത്യകാരനുമായ ഡോ. ചന്ദ്രശേഖര കംബാരയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. ഫിക്ഷന്‍ വിഭാഗത്തില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള സുബി തബ, നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ ശുഭാന്‍ഷി ചക്രവര്‍ത്തി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കൂടാതെ, നേഹ ദീക്ഷിതിന്  മികച്ച നവാഗത എഴുത്തുകാരിക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ചു.
***
 

(रिलीज़ आईडी: 2210974) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil