ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മൂന്നു മാസം നീണ്ടുനിന്ന 'നിങ്ങളുടെ മൂലധനം, നിങ്ങളുടെ അവകാശം' എന്ന രാജ്യവ്യാപക പ്രചാരണപരിപാടി ഡിഎഫ്എസ് വിജയകരമായി പൂർത്തിയാക്കി

प्रविष्टि तिथि: 31 DEC 2025 9:33PM by PIB Thiruvananthpuram
'നിങ്ങളുടെ മൂലധനം, നിങ്ങളുടെ അവകാശം' എന്ന പേരിൽ മൂന്ന് മാസം (2025 ഒക്ടോബർ മുതൽ ഡിസംബർ വരെ) നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രചാരണ പരിപാടി, ധനകാര്യ സേവന വകുപ്പ് ഇന്ന് വിജയകരമായി പര്യവസാനിപ്പിച്ചു. അവകാശവാദമുന്നയിക്കാത്ത അവരുടെ സാമ്പത്തിക ആസ്തികൾ കണ്ടെത്താനും അത് അവകാശപ്പെടാനും പൗരന്മാരെ പ്രാപ്തമാക്കുന്നതാണ് പ്രചാരണ പരിപാടി. ഇതിൽ ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മ്യൂച്ച്വൽ ഫണ്ടുകൾ, ലാഭവിഹിതം, ഓഹരികൾ എന്നിവ ഉൾപ്പെടുന്നു. 2025 ഒക്ടോബർ നാലിന് ഗുജറാത്തിലെ ഗാന്ധിനഗറിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു ഈ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

അന്ത്യോദയയുടെ തത്വശാസ്ത്രത്തോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിബദ്ധതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാമ്പത്തിക വ്യവസ്ഥയുടെ നേട്ടങ്ങൾ ആദ്യന്തം എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും അതുവഴി പൗരന്മാർക്ക് അർഹമായത് വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിലും പ്രചാരണ പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചു. അവബോധം, അഭിഗമ്യത, പ്രവർത്തനം എന്നിവയെ അടിസ്ഥാനമാക്കി '3 എ' ചട്ടക്കൂടിലായിരുന്നു പ്രചാരണപരിപാടിയുടെ നിർമിതി.

പൗരന്മാർക്കും സർക്കാരിനുമിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള പ്രചാരണ സംരംഭങ്ങളുടെ പ്രാധാന്യം ബഹുമാനപ്പെട്ട പ്രധാനമന്ത്രി അടിവരയിട്ടു.

പ്രചാരണ വേളയിൽ, രാജ്യത്തുടനീളമുള്ള 748 ജില്ലകളിലായി ഘടനാപരമായും ഘട്ടം ഘട്ടമായും ക്യാമ്പുകൾ സംഘടിപ്പിച്ചു. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള വിപുലമായ പ്രചാരണം, അനുകൂല്യം നേടിയെടുക്കുന്നതിനുള്ള (ക്ലെയിം സെറ്റിൽമെന്റ്) നടപടിക്രമത്തെക്കുറിച്ചുള്ള പൊതുജന അവബോധവും ധാരണയും ഗണ്യമായി വർദ്ധിപ്പിച്ചു.

പ്രധാന ധനകാര്യ മേഖലയിലെ നിക്ഷേപ വ്യവസ്ഥാപകർ (ഫണ്ട് റെഗുലേറ്റർമാർ) ആയ ആർബിഐ, സെബി, ഐആർഡിഎഐ, പിഎഫ്ആർഡിഎ, ഇൻവെസ്റ്റർ എജ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി (ഐഇപിഎഫ്എ) എന്നിവ തമ്മിലുള്ള അടുപ്പമാർന്ന ഏകോപനമാണ് ഈ പ്രചാരണപരിപാടിയുടെ പ്രധാന ശക്തി. അവകാശപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾക്ക് ആർബിഐയുടെ യുഡിജിഎഎം, അവകാശപ്പെടാത്ത ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് ഐആർഡിഎഐയുടെ ബിമ ഭറോസ, അവകാശപ്പെടാത്ത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് സെബിയുടെ മിത്ര തുടങ്ങിയ നിലവിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, അവകാശമുന്നയിക്കപ്പെടാത്ത ആസ്തികൾ തിരിച്ചറിയാൻ പൗരരെ പ്രാപ്തരാക്കുന്നതിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനതല ബാങ്കർമാരുടെ സമിതികൾ (എസ്എൽബിസി), സംസ്ഥാനതല ഇൻഷുറൻസ് സമിതികൾ (എസ്എൽഐസി), ലീഡ് ജില്ല മാനേജർമാർ (എൽഡിഎം), മറ്റ് പങ്കാളികൾ എന്നിവർ പ്രചാരണപരിപാടിയുടെ വിജയകരമായ നടത്തിപ്പിൽ നിർണായക പങ്ക് വഹിച്ചു. പൊതുജന പ്രതിനിധികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഫീൽഡ് ചുമതലക്കാർ എന്നിവരുടെ സജീവ പങ്കാളിത്തത്തിന് ക്യാമ്പുകൾ സാക്ഷ്യം വഹിച്ചു.

ജനസമ്പർക്കം പരമാവധിയാക്കുന്നതിനും, ഏകീകൃത സ്വഭാവം ഉറപ്പാക്കുന്നതിനുമായി, ക്രമവത്കൃത പ്രവർത്തന നടപടിക്രമങ്ങൾ (എസ്ഒപി), പതിവ് ചോദ്യങ്ങൾ (എഫ്എക്യു), പ്രധാന പ്രാദേശിക ഭാഷകളിലുള്ള അവബോധ സാമഗ്രികൾ, ഹ്രസ്വ ശ്രാവ്യ-ദൃശ്യ സന്ദേശങ്ങൾ എന്നിവ ക്യാമ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു.

ഊർജ്ജിത പ്രചാരണത്തിന്റെയും എല്ലാ പങ്കാളികളുടെയും സജീവ സഹകരണത്തിന്റെയും നേർഫലമായി, ഏകദേശം 4,200 കോടി രൂപ വിലമതിക്കുന്ന അവകാശപ്പെടാതിരുന്ന സാമ്പത്തിക ആസ്തികൾ അവയുടെ യഥാർത്ഥ ഉടമകൾക്ക് തിരികെ ലഭ്യമാക്കി.

അവബോധവും പൊതുജനസമ്പർക്ക ശ്രമങ്ങളും നിലനിർത്തുന്നതിനും അതുവഴി സ്ഥാപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് അവകാശപ്പെടാത്ത സാമ്പത്തിക ആസ്തികൾ സമയബന്ധിതമായി പുനഃസ്ഥാപിക്കുന്നത് ഉറപ്പാക്കുകയും, സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസവും ആത്മവിശ്വാസവും കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യും.

പതിവുചോദ്യങ്ങൾക്കും ക്രമവത്കൃത പ്രവർത്തന നടപടിക്രമങ്ങൾക്കുമുള്ള ലിങ്ക് - https://financialservices.gov.in/beta/sites/default/files/2025-10/LIC-Booklet-Design-for-Finance-Ministry_SEPT-2025_ENG-07-10-25.pdf

കാമ്പയിൻ വീഡിയോയ്ക്കുള്ള ലിങ്ക്- https://youtu.be/3Rj6VnELUvU
 
*****

(रिलीज़ आईडी: 2210434) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी