ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

​ഉപരാഷ്ട്രപതി ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’-ൽ മുഖ്യാതിഥിയായി; ആശയങ്ങളുടെയും സംസ്കാരത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ആഘോഷമാണിതെന്ന് ഉപരാഷ്ട്രപതി


ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സാമൂഹ്യഘടനയെയും നാഗരികമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണു ‘ട്രിവാൻഡ്രം ഫെസ്റ്റ്’: ഉപരാഷ്ട്രപതി

സഹവർത്തിത്വത്തിനും കരുത്തുറ്റ സാമൂഹ്യമൂല്യങ്ങൾക്കും സാംസ്കാരിക അവബോധത്തിനും മാതൃകയാണു കേരളമെന്ന് ഉപരാഷ്ട്രപതി

प्रविष्टि तिथि: 29 DEC 2025 10:02PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ തിരുവനന്തപുരത്തുനടന്ന ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’-ൽ പങ്കെടുത്തു.

ദക്ഷിണേന്ത്യൻ സഭയുടെ ദക്ഷിണ കേരള രൂപത, അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസുമായി ചേർന്നാണ് ക്രിസ്തുമസ്–പുതുവത്സര സമാധാന കാർണിവൽ ‘ട്രിവാൻഡ്രം ഫെസ്റ്റ്’ എന്ന പേരിൽ ആഘോഷിക്കുന്നത്.

മേളയെ അ‌ഭിസംബോധന ചെയ്യവേ, ആശയങ്ങളുടെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും സാമൂഹ്യ കൂട്ടായ്മയുടെയും ഊർജസ്വലമായ ആഘോഷമാണിതെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഇത് ഇന്ത്യയുടെ സമ്പന്നമായ നാഗരികമൂല്യങ്ങളെയും ഏവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യഘടനയെയുമാണു പ്രതിഫലിപ്പിക്കുന്നതെന്ന് അ‌ദ്ദേഹം പറഞ്ഞു. ‘ട്രിവാൻഡ്രം ഫെസ്റ്റ്’ പോലുള്ള ഉത്സവങ്ങൾ രാജ്യത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ ചൈതന്യം എടുത്തുകാണിക്കുകയും, സാമൂഹ്യ ഐക്യത്തിനു കരുത്തേകുന്നതിൽ കൂട്ടായ ആഘോഷത്തിന്റെ ശക്തി അടിവരയിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളം പ്രകൃതിഭംഗിക്കും ശാന്തമായ കായലുകൾക്കും ഹരിതാഭയ്ക്കും മാത്രമല്ല; മറിച്ച്, കരുത്തുറ്റ സാമൂഹ്യമൂല്യങ്ങൾക്കും സാംസ്കാരിക അവബോധത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും പേരുകേട്ട “ദൈവത്തിന്റെ സ്വന്തം നാടാ”ണെന്നും ശ്രീ സി പി രാധാകൃഷ്ണൻ വിശേഷിപ്പിച്ചു. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന തിരുവനന്തപുരം, പൈതൃകവും പുരോഗതിയും ഒരുപോലെ കൈകോർത്തു നീങ്ങുന്ന ഇന്ത്യയുടെ ഉത്തമമായ ചൈതന്യത്തെ പ്രതിനിധാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് സർവലൗകികമായ സൗഹൃദത്തിന്റെയും കരുണയുടെയും സന്ദേശം വഹിക്കുന്ന ഒന്നാണെന്നും, അതു വിശ്വാസപരിധികളിൽ ഒതുങ്ങുന്ന ആഘോഷമല്ലെന്നും, സദ്ഭാവന നിറഞ്ഞതും മാനുഷികവുമായ സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഏവർക്കുമുള്ള ആഘോഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേളയുടെ ഏവരെയും ഉൾക്കൊള്ളുന്ന സ്വഭാവം എടുത്തുകാട്ടിയ ശ്രീ സി പി രാധാകൃഷ്ണൻ, ‘ട്രിവാൻഡ്രം ഫെസ്റ്റ്’ വൈവിധ്യമാർന്ന ജീവിതമേഖലകളിൽനിന്നും വിശ്വാസങ്ങളിൽനിന്നുമുള്ള ജനതയെ ഒരുമിച്ചുകൊണ്ടുവരുന്നുവെന്നും, സന്തോഷം, സർഗാത്മകത, സംവാദം എന്നിവയ്ക്കുള്ള  പൊതുവായ ഇടം ഒരുക്കുന്നുവെന്നും വ്യക്തമാക്കി. കല, സാഹിത്യം, സാങ്കേതികവിദ്യ, സംരംഭകത്വം, പൊതുനയം എന്നിവയിലുടനീളം ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം വേദികൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ തുടർച്ചയായ പരിവർത്തനത്തെക്കുറിച്ചു പരാമർശിച്ച അ‌ദ്ദേഹം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാർന്ന നേതൃത്വത്തിനുകീഴിൽ, നവീകരണം, അടിസ്ഥാനസൗകര്യവികസനം, ഡിജിറ്റൽ ശാക്തീകരണം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയാൽ നയിക്കപ്പെടുന്ന ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക്, രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നു പറഞ്ഞു. സർഗാത്മക സമ്പദ്‌വ്യവസ്ഥകളെ പരിപോഷിപ്പിക്കുന്നതിലൂടെയും, പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ആഗോളതലത്തിൽ ഇന്ത്യയുടെ സോഫ്​റ്റ് പവർ ശക്തിപ്പെടുത്തുന്നതിലൂടെയും സാംസ്കാരിക മേളകൾക്ക് ഈ ദേശീയ കാഴ്ചപ്പാടിൽ അർഥവത്തായ സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; തിരുവനന്തപുരം റോമൻ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ; തിരുവനന്തപുരം മേയർ ശ്രീ വി വി രാജേഷ്; അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ജനറൽ സെക്രട്ടറി ശ്രീ ജോർജ് സെബാസ്റ്റ്യൻ; CSI ദക്ഷിണ കേരള രൂപത സെക്രട്ടറി ഡോ. ടി. ടി. പ്രവീൺ; തിരുവനന്തപുരം ഫെസ്റ്റ് ചെയർമാൻ ശ്രീ ബേബി മാത്യു സോമതീരം; മറ്റു വിശിഷ്ടവ്യക്തികൾ, കലാകാരർ, സാമൂഹ്യ-സാംസ്കാരിക സംഘടനാപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

***

SK


(रिलीज़ आईडी: 2209746) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil