രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജംഷഡ്പൂര്‍ എന്‍.ഐ.ടിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

प्रविष्टि तिथि: 29 DEC 2025 6:35PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (2025 ഡിസംബര്‍ 29) ജാര്‍ഖണ്ഡിലെ  ജംഷഡ്പൂര്‍ എന്‍.ഐ.ടിയുടെ  ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.  

വര്‍ത്തമാനകാലത്തെ  സാങ്കേതിക മാറ്റങ്ങളുടെ വേഗം  മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നതാണെന്ന് ചടങ്ങില്‍  രാഷ്ട്രപതി പറഞ്ഞു. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം   ഈ മാറ്റങ്ങള്‍  പുതിയ വെല്ലുവിളികള്‍ക്കും കാരണമാകുന്നു.  വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം, വാര്‍ത്താവിനിമയം, ഊര്‍ജോല്പാദനം എന്നീ മേഖലകളില്‍ സാങ്കേതിക പുരോഗതി വലിയ പരിവര്‍ത്തനം സൃഷ്ടിക്കുന്നു. അതേസമയം ആധുനിക സാങ്കേതികവിദ്യകളുടെ ദുരുപയോഗം സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ധനയ്ക്കും ഇലക്ട്രോണിക് മാലിന്യങ്ങള്‍ പരിസ്ഥിതി നാശത്തിനും കാരണമാകുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ പൊതുജനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ നിയന്ത്രിക്കുന്നതിലും ലഘൂകരിക്കുന്നതിലും ജംഷഡ്പൂര്‍ എന്‍.ഐ.ടി പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.  പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലുപരി അവ സുസ്ഥിരവും ശാശ്വതവുമാക്കി മാറ്റാന്‍ മറ്റ് സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണം.  


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം വിദ്യാഭ്യാസവും ബിരുദങ്ങളും നല്‍കുന്ന കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും അവ സുപ്രധാന ഗവേഷണ കേന്ദ്രങ്ങളും രാജ്യത്തിന്റെ 'ബൗദ്ധിക ലബോറട്ടറി' കളുമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങളിലാണ്.  എന്‍.ഐ.ടികള്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന എന്‍ജിനീയര്‍മാര്‍ സാങ്കേതിക പുരോഗതിയെ മനുഷ്യക്ഷേമ മാര്‍ഗമായി ഉപയോഗിക്കുന്ന രാഷ്ട്രനിര്‍മാതാക്കളുടെ പങ്കുവഹിക്കണം. ഏതൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും പ്രശസ്തി അതിന്റെ റാങ്കിങ്ങിലൂടെയോ  തൊഴില്‍നേട്ടങ്ങളിലൂടെയോ  മാത്രം അളക്കരുതെന്നും മറിച്ച് ആ സ്ഥാപനവും  വിദ്യാര്‍ത്ഥികളും സമൂഹത്തിനും രാജ്യത്തിനും നല്‍കുന്ന സംഭാവനകള്‍   പരിഗണിച്ചാവണമെന്നും രാഷ്ട്രപതി  വിശദീകരിച്ചു.  


 

2047ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഗവേഷണം, നൂതനാശയം, സജീവ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തെ യുവതയെ നൈപുണ്യ തൊഴില്‍ ശക്തിയായി വളര്‍ത്തിയെടുക്കുന്നതും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ നിര്‍ണായകമാണ്. എന്‍ഐടികള്‍ പോലുള്ള മുന്‍നിര സ്ഥാപനങ്ങള്‍ ഗവേഷണത്തിലും നൂതനാശയങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ സംഭാവനകളിലൂടെ രാജ്യത്തിന്  വന്‍ വിജ്ഞാനശക്തിയായി സ്വയം പ്രതിഷ്ഠിക്കാനാവുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.  

സര്‍ക്കാരിന്റെ പരിശ്രമങ്ങളിലൂടെ  പരമ്പരാഗത മേഖലകളിലും പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം തുടങ്ങിയ പാരമ്പര്യേതര മേഖലകളിലും യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങള്‍ ലഭിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ജംഷഡ്പൂര്‍ എന്‍ഐടി വിദ്യാര്‍ത്ഥികളെപ്പോലെ സാങ്കേതിക നൈപുണ്യമാര്‍ജിച്ച യുവജനങ്ങള്‍ക്ക് ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും  തൊഴില്‍ സൃഷ്ടിക്കാനാവുമെന്നും രാഷ്ട്രപതി  പറഞ്ഞു.

ഉയര്‍ന്ന കെട്ടിടങ്ങള്‍ പണിയുന്നതിലൂടെയോ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെയോ മാത്രം വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടില്ലെന്നും മറിച്ച് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലെ വ്യക്തിയ്ക്ക് പോലും തുല്യ അവസരങ്ങളും ആത്മാഭിമാനത്തോടെ ജീവിക്കാവുന്ന  മാര്‍ഗങ്ങളും ഉറപ്പുനല്‍കുന്ന സമൂഹം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂവെന്നും രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തുമ്പോള്‍ മാത്രമേ അവ ഉപയോഗപ്രദമെന്ന് കരുതാനാവൂ. കരുണയില്ലാത്ത കണ്ടുപിടുത്തങ്ങള്‍ കേവലം യന്ത്രങ്ങളെ മാത്രമേ സൃഷ്ടിക്കൂവെന്നും   സഹജീവി സ്‌നേഹത്തിലൂന്നിയ നൂതനാശയങ്ങള്‍ സമൂഹത്തിന്  അനുഗ്രഹമായി മാറുമെന്നും രാഷ്ട്രപതി  ഉപദേശിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

***


(रिलीज़ आईडी: 2209600) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali