വ്യോമയാന മന്ത്രാലയം
കേന്ദ്ര വ്യോമയാന മന്ത്രാലയം പാസഞ്ചർ അസിസ്റ്റൻസ് കൺട്രോൾ റൂം സ്ഥാപിക്കുന്നു
2025 ഡിസംബർ 03 മുതൽ യാത്രക്കാരുടെ 13,000-ത്തിലധികം പരാതികൾ പരിഹരിച്ചു
प्रविष्टि तिथि:
28 DEC 2025 6:25PM by PIB Thiruvananthpuram
കഴിഞ്ഞ ദശകത്തിൽ, പ്രത്യേകിച്ച് കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, ഇന്ത്യയുടെ വ്യോമയാന മേഖല അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ട്. തദ്‌ഫലമായി യാത്രക്കാരുടെ എണ്ണത്തിലും രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റിയിലും വൻ വർദ്ധനവുണ്ടായി. ഈ വളർച്ച ശ്രദ്ധേയമായ വിജയമാണെങ്കിലും, വിമാനങ്ങളുടെ കാലതാമസം, റീഫണ്ട് സംബന്ധമായ പരാതികൾ, ബാഗേജ് പ്രശ്നങ്ങൾ, തിരക്ക്, നീണ്ട ക്യൂകൾ, തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വെല്ലുവിളികളും വർധിച്ചു. യാത്രക്കാർ നേരിടുന്ന ഈ വെല്ലുവിളികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ഘടനാപരവും ഏകോപിതവുമായ, തത്സമയ പ്രതികരണം സാധ്യമാക്കുന്ന ശക്തമായ സംവിധാനത്തിന്റെ അനിവാര്യതയാണ് ഇത് വെളിവാക്കുന്നത്.

ഈ അടിയന്തര ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള മന്ത്രാലയം 24×7 പാസഞ്ചർ അസിസ്റ്റൻസ് കൺട്രോൾ റൂം (PACR) സ്ഥിരമായി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുന്നതിനും പ്രതിസന്ധികളിൽ സമയബന്ധിതമായി പ്രതികരിക്കുന്നതിനുമായി ഏകീകൃതവും ഭാവിസജ്ജവുമായ ഒരു സംവിധാനത്തെ സ്ഥാപനവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നിർണായക സംരംഭത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി ശ്രീ സമീർ കുമാർ സിൻഹ നേതൃത്വം നൽകും.

കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI), വിമാനക്കമ്പനികൾ അടക്കമുള്ള പ്രധാന പങ്കാളികളെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്ന സംയോജിത കേന്ദ്രമായാണ് ന്യൂഡൽഹിയിലെ ഉഡാൻ ഭവനിലെ PACR പ്രവർത്തിക്കുന്നത് എന്ന് സെക്രട്ടറി ശ്രീ സമീർ കുമാർ സിൻഹ അറിയിച്ചു. “PACR 24 മണിക്കൂറും പ്രവർത്തിക്കും; വ്യോമയാന പ്രവർത്തനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും, യാത്രക്കാരുടെ കോളുകൾ കൈകാര്യം ചെയ്യുകയും, തത്സമയ സഹായവും പരാതി പരിഹാരവും കാര്യക്ഷമമായും ഫലപ്രദമായും ഏകോപിപ്പിക്കുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എയർസേവ സിസ്റ്റം PACR-മായി പൂർണ്ണമായി സംയോജിപ്പിച്ചിരിക്കുന്നു, ഇതുവഴി യാത്രക്കാരുടെ പരാതികൾ തടസ്സരഹിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഓമ്‌നിചാനൽ ടെക്‌നോളജി ബാക്ക്‌ബോൺ (CRM, ഡാറ്റ അനലിറ്റിക്‌സ്, ERP പോലുള്ളവ) യാത്രക്കാരുടെ അഭിപ്രായങ്ങൾ, പരാതികൾ എന്നിവയെ നടപടികളിലേക്ക് നയിക്കുകയും, പരാതി വിഭാഗങ്ങൾ, സമയക്രമങ്ങൾ, പങ്കാളികളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ തത്സമയ ദൃശ്യപരത നൽകുന്ന ഡാറ്റാ അധിഷ്ഠിത ഡാഷ്‌ബോർഡുകൾ മുഖേന തീരുമാനമെടുക്കൽ പ്രക്രിയ ശക്തമാക്കുകയും ചെയ്യുന്നു. കൂടാതെ, കൺട്രോൾ റൂമിലെ എയർലൈൻ പ്രതിനിധികളുടെ സാന്നിധ്യം ഉടനടിയുള്ള ഏകോപനത്തിനും തത്സമയ പ്രശ്നപരിഹാരത്തിനും സഹായിക്കുന്നു.
2025 ഡിസംബർ 03 മുതൽ PACR ലെ കേന്ദ്രീകൃത നിരീക്ഷണവും ദ്രുതഗതിയിലുള്ള ഇടപെടലുകളും മുഖേന യാത്രക്കാരുടെ 13,000-ത്തിലധികം പരാതികൾ പരിഹരിച്ചതിൽ സെക്രട്ടറി സംതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ, പ്രവർത്തന തടസ്സങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കുന്നതിനായി 500-ലധികം കോൾ അധിഷ്ഠിത ഇടപെടലുകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. വിമാനങ്ങളുടെ കാലതാമസം, റദ്ദാക്കലുകൾ, റീഫണ്ടുകൾ, ബാഗേജ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് മുൻഗണന നൽകി, പാസഞ്ചർ ചാർട്ടറിലെ വ്യവസ്ഥകൾക്ക് അനുസൃതമായും സമയബന്ധിതമായും പരിഹാരം ഉറപ്പാക്കുന്നു.
ഇന്ത്യയുടെ സിവിൽ വ്യോമയാന ആവാസവ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി യാത്രക്കാരെ സ്ഥാപിക്കുക എന്ന വ്യക്തമായ ദർശനത്തിലാണ് PACR ചവടുറപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനായി തത്സമയ ഏകോപനം, ഡാറ്റാ പിന്തുണയോടെയുള്ള തീരുമാനമെടുക്കൽ പ്രക്രിയ, വിപുലീകരണ പ്രവർത്തനങ്ങൾ എന്നിവ സാധ്യമാക്കുന്ന ഒരു സംവിധാനമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാസഞ്ചർ–ഫസ്റ്റ് (യാത്രക്കാർക്ക് പ്രഥമപരിഗണന) സമീപനം, കൂട്ടായ പ്രവർത്തനം, സ്റ്റേക്ക്‌ഹോൾഡർ സംയോജനം, ഭാവിസജ്ജമായ സാങ്കേതികവിദ്യാധിഷ്ഠിത ചട്ടക്കൂട് എന്നീ അടിസ്ഥാന തത്വങ്ങളാണ് PACR നെ നയിക്കുന്നത്.
പരാതി പരിഹാരത്തിന്റെ വേഗത, സുതാര്യത, ഫലപ്രാപ്തി എന്നിവയിൽ കൈവരിച്ച പ്രകടമായ പുരോഗതിക്ക് വിമാന യാത്രക്കാരിൽ നിന്നും പങ്കാളികളിലും നിന്നും ഉത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചത്. “സമർപ്പിത മാനവ വിഭവശേഷി, ശാക്തീകരിച്ച സാങ്കേതിക പിന്തുണ, മെച്ചപ്പെട്ട ലോജിസ്റ്റിക്കൽ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് PACR-നെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധത സിവിൽ വ്യോമയാന മന്ത്രാലയം ആവർത്തിക്കുന്നു. സഹാനുഭൂതിയോടെയും കാര്യക്ഷമതയോടെയും ഉത്തരവാദിത്തബോധത്തോടെയും യാത്രക്കാർക്ക് എല്ലായ്പ്പോഴും സേവനം ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം,” സെക്രട്ടറി വ്യക്തമാക്കി.
*****
(रिलीज़ आईडी: 2209369)
आगंतुक पटल : 4