ഉപരാഷ്ട്രപതിയുടെ കാര്യാലയം
ലഹരിയോട് 'നോ' എന്നും കായിക വിനോദങ്ങളോട് 'യെസ്' എന്നും പറയണമെന്ന് ആഗ്രയിൽ നടന്ന മൂന്നാമത് സൻസദ് ഖേൽ മഹോത്സവത്തിൽ ഉപരാഷ്ട്രപതി യുവാക്കളോട് ആഹ്വാനം ചെയ്തു.
प्रविष्टि तिथि:
24 DEC 2025 6:37PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉത്തർപ്രദേശിലെ ചരിത്രനഗരിയായ ആഗ്രയിൽ നടന്ന മൂന്നാമത് സൻസദ് ഖേൽ മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. യുവ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ആവേശഭരിതമായ പങ്കാളിത്തം പരിപാടിയിൽ ശ്രദ്ധേയമായിരുന്നു. താഴെത്തട്ടിൽ വളർന്നുവരുന്ന കായിക സംസ്കാരത്തെ വിളംബരം ചെയ്യുന്നതായി പരിപാടി മാറി.
സദസ്സിനെ അഭിസംബോധന ചെയ്യവേ, സൻസദ് ഖേൽ മഹോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഉപരാഷ്ട്രപതി പ്രകടിപ്പിച്ചു. സ്‌പോർട്‌സുമായുള്ള വ്യക്തിപരമായ ബന്ധം പങ്കുവെച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, സ്‌കൂൾ, കോളേജ് കാലഘട്ടത്തിൽ താൻ ഒരു ഉത്സാഹിയായ കായികതാരമായിരുന്നുവെന്നും, ടേബിൾ ടെന്നീസിൽ കോളേജ് ചാമ്പ്യനായിരുന്നെന്നും, ദീർഘദൂര ഓട്ടത്തിൽ പങ്കെടുത്തിരുന്നെന്നും, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ കായിക വിനോദങ്ങൾ ആസ്വദിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി. ശാരീരിക ക്ഷമതയുടെയും മാനസിക പ്രതിരോധശേഷിയുടെയും പ്രാധാന്യം അടിവരയിട്ട അദ്ദേഹം, വെല്ലുവിളി നിറഞ്ഞ പദയാത്രകളും 19,000 കിലോമീറ്റർ രഥയാത്രയും വിജയകരമായി നടത്താൻ തന്റെ കായിക പശ്ചാത്തലം തന്നെ സഹായിച്ചുവെന്ന് പറഞ്ഞു.
ഇന്ത്യയുടെ പുരാതനമായ അറിവ് എപ്പോഴും മനസ്സിന്റെയും ശരീരത്തിന്റെയും ഐക്യത്തിന് ഉണർവ് നൽകിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. കായിക വിനോദങ്ങളെ കേവലം മത്സരം എന്ന നിലയിലല്ല, മറിച്ച് അച്ചടക്കം, സ്ഥിരോത്സാഹം, ഒത്തൊരുമ , നിയമങ്ങളോടുള്ള ബഹുമാനം എന്നിവ വളർത്തിയെടുക്കുന്ന സ്വഭാവ രൂപീകരണത്തിന്റെ ശക്തമായ ഉപകരണങ്ങൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് - വ്യക്തിഗത വളർച്ചയ്ക്കും രാഷ്ട്രനിർമ്മാണത്തിനും അത്യന്താപേക്ഷിതമായ മൂല്യങ്ങൾ അവയിൽ ഉൾച്ചേർന്നിരിക്കുന്നു. സൻസദ് ഖേൽ മഹോത്സവ് പോലുള്ള പരിപാടികൾ അടിസ്ഥാനതലത്തിൽ ഈ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രോനഗരങ്ങൾക്കപ്പുറം കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയുടെ ഘടനാപരമായ പരിവർത്തനത്തെ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, തദ്ദേശീയ കായിക വിനോദങ്ങൾക്കുള്ള പിന്തുണ തുടങ്ങിയ സംരംഭങ്ങൾ ദേശീയ വികസനത്തിനായുള്ള സമഗ്ര ദർശനത്തിൻറെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കായിക നേട്ടങ്ങൾ സമീപ വർഷങ്ങളിൽ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ASMITA വനിതാ ലീഗ് പോലുള്ള സംരംഭങ്ങളെ ഉദ്ധരിച്ചുകൊണ്ട്, കായികമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യത്തെ അദ്ദേഹം അടിവരയിട്ടു.
യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തെ പരാമർശിക്കവെ , മയക്കുമരുന്ന് രഹിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് കായിക വിനോദമെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു. ആരോഗ്യമുള്ളതും സജീവവുമായ ഒരു യുവത്വം ശക്തമായ ഒരു രാജ്യത്തിന്റെ അടിത്തറയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, "മയക്കുമരുന്നിനോട് 'നോ' എന്നും കായിക വിനോദങ്ങളോട് 'യെസ്' എന്നും പറയാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
കുട്ടികളുടെയും യുവാക്കളുടെയും സർവതോന്മുഖ വികസനത്തിന് കായികരംഗത്തിലെ പങ്കാളിത്തം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. കായികപ്രവർത്തനങ്ങളിൽ കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കളോടും അധ്യാപകരോടും അദ്ദേഹം ആഹ്വാനം ചെയ്തു. വ്യക്തിത്വ നിർമ്മാണത്തിനും മാനസിക ക്ഷേമത്തിനും ഇത് ഒരു ദീർഘകാല നിക്ഷേപമാണെന്നും, അക്കാദമിക പഠനത്തിനും കായിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകുന്ന സന്തുലിത വിദ്യാഭ്യാസ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസംബർ 21 മുതൽ 25 വരെ അഞ്ച് ദിവസങ്ങളിലായി ആഗ്രയിൽ സംഘടിപ്പിക്കുന്ന സൻസദ് ഖേൽ മഹോത്സവത്തിൽ, 33-ലധികം ടീം മത്സരങ്ങളിലും വ്യക്തിഗത കായിക ഇനങ്ങളിലുമായി ആയിരക്കണക്കിന് പേർ പങ്കെടുക്കുന്നു.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന- പഞ്ചായത്തിരാജ് മന്ത്രാലങ്ങളുടെ സഹമന്ത്രിയും ആഗ്രയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ; ഉത്തർപ്രദേശ് സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ യോഗേന്ദ്ര ഉപാധ്യായ; മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
****
(रिलीज़ आईडी: 2208439)
आगंतुक पटल : 53