ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

അമിതവണ്ണം കുറയ്ക്കാൻ കുറുക്കുവഴികളില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക; ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ വിവേകപൂർവം ഉപയോഗിക്കുക: ഡോ. ജിതേന്ദ്ര സിങ്

प्रविष्टि तिथि: 20 DEC 2025 4:27PM by PIB Thiruvananthpuram

ഭാരം കുറയ്ക്കുന്നതിനും അമിതവണ്ണം നിയന്ത്രിക്കുന്നതിനുമായി നിലവിൽ ലഭ്യമായ മരുന്നുകൾ വളരെ വിവേകപൂർവം ഉപയോഗിക്കണമെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക-ഭൗമശാസ്ത്ര വകുപ്പുകളുടെയും (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, പെൻഷൻ, ആണവോർജം, ബഹിരാകാശം എന്നീ വകുപ്പുകളുടെയും സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

 

പ്രശസ്ത പ്രമേഹരോഗ വിദഗ്ധനും വൈദ്യശാസ്ത്ര പ്രൊഫസറുമായ മന്ത്രി, അമിതവണ്ണം സങ്കീർണവും വിട്ടുമാറാത്തതും ആവർത്തിച്ചുവരാൻ സാധ്യതയുള്ളതുമായ രോഗമാണെന്നു വ്യക്തമാക്കി. അതു കേവലം സൗന്ദര്യവർദ്ധകപ്രശ്നമോ ജീവിതശൈലീപ്രശ്നമോ അല്ല. ഇന്ത്യ നേരിടുന്ന ഏറ്റവും ഗൗരവമേറിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്ന ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാൻ സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

അമിതവണ്ണത്തെക്കുറിച്ചുള്ള രണ്ടുദിവസത്തെ ഏഷ്യ ഓഷ്യാനിയ സമ്മേളനത്തിന്റെ (AOCO) ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഡോ. ക്യൂങ് കോൺ കിം, ഡോ. വോൾക്കൻ യുമുക്, ഡോ. മഹേന്ദ്ര നർവാരിയ, ഡോ. ബി എം മക്കാർ, ഡോ. ബൻഷി സാബൂ തുടങ്ങിയവർ ഉൾപ്പെടെ ഈ മേഖലയിലെ വിദഗ്ധർ ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർമാർ, ഗവേഷകർ, നയരൂപകർത്താക്കൾ, മറ്റു പങ്കാളികൾ എന്നിവർ പരിപാടിയിൽ ഒത്തുചേരുന്നതുതന്നെ ഇന്ത്യയിൽ അമിതവണ്ണമെന്ന മഹാമാരിയുടെ തീവ്രതയെ സൂചിപ്പിക്കുന്നു. സാമ്പത്തിക ശാസ്ത്രം കേവലം സാമ്പത്തിക വിദഗ്ധർക്കു മാത്രം വിട്ടുകൊടുക്കാൻ കഴിയാത്തത്ര ഗൗരവമേറിയ വിഷയമാണെന്ന ഉപമ ഉദ്ധരിച്ചു കേന്ദ്രമന്ത്രി, അമിതവണ്ണം എന്നതു സാമൂഹ്യ-സാംസ്കാരിക-പാരിസ്ഥിതിക വേരുകളുള്ള വിഷയമായതിനാൽ, അത് ഫിസിഷ്യനോ എപ്പിഡെമിയോളജിസ്റ്റിനോ മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ വലിയ വിഷയമാണെന്നും അഭിപ്രായപ്പെട്ടു.

 

ഇന്ത്യയിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, അമിതവണ്ണവുമായി ബന്ധപ്പെട്ടതും മൊത്തത്തിലുള്ള മരണനിരക്കിന്റെ 63 ശതമാനത്തോളം വരുന്നതുമായ സാംക്രമികേതര രോഗങ്ങളുടെ ആശങ്കാജനകമായ വർദ്ധന സംഭവിക്കുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ചില അർബുദങ്ങൾ തുടങ്ങിയവ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഇന്ത്യക്കാരിൽ കണ്ടുവരുന്ന ‘സെൻട്രൽ ഒബിസിറ്റി’ അഥവാ 'വിസറൽ ഒബിസിറ്റി' (വയറിനു ചുറ്റുമുള്ള കൊഴുപ്പ്) മൊത്തത്തിലുള്ള ശരീരഭാരത്തേക്കാൾ ഉപരിയായി വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

 

നരേന്ദ്ര മോദിയുടെ നേതൃത്വത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ദേശീയ വേദികളിൽ അമിതവണ്ണത്തെയും ജീവിതശൈലീ രോഗങ്ങളെയുംകുറിച്ച് ഒരു പ്രധാനമന്ത്രി ആവർത്തിച്ചു സംസാരിക്കുന്നത് ഇന്ത്യൻ സാഹചര്യത്തിൽ അഭൂതപൂർവമാണെന്നു വ്യക്തമാക്കി. ഭക്ഷണശീലങ്ങളിലും ദൈനംദിന ജീവിതത്തിലും വരുത്തേണ്ട ചെറുതും സുസ്ഥിരവുമായ മാറ്റങ്ങൾക്കു പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യം, അമിതവണ്ണത്തെ ദേശീയ മുൻഗണനാ വിഷയമായാണ് അദ്ദേഹം കാണുന്നത് എന്നതിന്റെ തെളിവാണ്. ഇത് ‘ഫിറ്റ് ഇന്ത്യ’, ‘ഖേലോ ഇന്ത്യ’ തുടങ്ങിയ പദ്ധതികളുമായും പ്രതിരോധ ആരോഗ്യ സംരക്ഷണ കാഴ്ചപ്പാടുമായും ചേർന്നുനിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അമിതവണ്ണം നിയന്ത്രിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന വാണിജ്യവൽക്കരണത്തിനും തെറ്റായ വിവരങ്ങൾക്കുമെതിരായ മുന്നറിയിപ്പും മന്ത്രി നൽകി. ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങളും ‘പെട്ടെന്നുള്ള പരിഹാരം’ എന്ന പേരിലുള്ള ചികിത്സാരീതികളും ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും തെളിവധിഷ്ഠിത ചികിത്സയിൽനിന്ന് അകറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കൽ പ്രാക്ടീസിൽ ഔദ്യോഗിക അംഗീകാരങ്ങൾ മാത്രം എപ്പോഴും പൂർണ്ണമായ ഫലം നൽകണമെന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകൾക്കുമുമ്പ്, ശുദ്ധീകരിച്ച എണ്ണയുടെ വ്യാപകമായ ഉപയോഗം അപ്രതീക്ഷിത ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്കു കാരണമായതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പൊതുതാൽപ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി, ആധുനിക മാധ്യമങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും ഉത്തരവാദിത്വത്തോടെ ഉപയോഗിച്ച് ഇത്തരം മിഥ്യാധാരണകളെയും തെറ്റായ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ നിരന്തരമായ പരിശ്രമങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

പുതിയ തലമുറയിലേക്ക് ഈ സന്ദേശം എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഡോ. ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം സംബന്ധിച്ച അവബോധം വെറും മെഡിക്കൽ കോൺഫറൻസുകളിലും വിദഗ്ധ ചർച്ചകളിലും മാത്രം ഒതുങ്ങിനിൽക്കരുത് എന്നു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. “കാര്യങ്ങൾ അറിയുന്നവരോടു മാത്രമല്ല, തങ്ങൾക്ക് അറിയില്ല എന്നുപോലും അറിയാത്തവരോടും നാം സംസാരിക്കണം” – അദ്ദേഹം പറഞ്ഞു. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയിലെ യുവാക്കളുടെ ആരോഗ്യവും ഊർജവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ, ചിട്ടയായ വിവരശേഖരണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്ചകൾ, ദീർഘകാല നയപിന്തുണ എന്നിവയിലൂടെ ഇന്ത്യയുടെ അമിതവണ്ണ ഗവേഷണ മേഖലയ്ക്കു കരുത്തേകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന സംരംഭമായ AIAARO ഒബിസിറ്റി രജിസ്ട്രിയും മന്ത്രി ഉദ്ഘാടനം ചെയ്തു.

 

അമിതവണ്ണത്തെക്കുറിച്ചു പഠിക്കുന്ന ഏഷ്യയിലെയും ഓഷ്യാനിയയിലെയും സൊസൈറ്റികളുടെ പ്രാദേശിക കൂട്ടായ്മയായ ‘ഏഷ്യ ഓഷ്യാനിയ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഒബിസിറ്റി’യുടെ (AOASO) സുപ്രധാന സമ്മേളനമാണ് രണ്ടുദിവസമായി നടക്കുന്ന AOCO. ഇന്ത്യയിൽ, ദേശീയ അമിതവണ്ണ സംഘടനയും AOASO അംഗവുമായ ഓൾ-ഇന്ത്യ അസോസിയേഷൻ ഫോർ അഡ്വാൻസിങ് റിസർച്ച് ഇൻ ഒബിസിറ്റി (AIAARO) ആണ് AOASO-യുമായി സഹകരിച്ച്, IAEPEN ഇന്ത്യയും OSSI-യും നൽകുന്ന പിന്തുണയോടെ ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

 

***


(रिलीज़ आईडी: 2207021) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil