ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ എ.ഇ.പി.സി വാർഷിക പുരസ്കാരദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.

प्रविष्टि तिथि: 20 DEC 2025 4:32PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ നടന്ന അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ (AEPC) വാർഷിക പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ വസ്ത്ര കയറ്റുമതി മേഖലയ്ക്ക് നല്കിയ മികച്ച സംഭാവനകൾ പരിഗണിച്ച് പുരസ്കാര ജേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

 

ചടങ്ങിൽ സംസാരിക്കവെ, വസ്ത്ര നിർമ്മാണ -തുണിത്തര മേഖല ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന സ്തംഭമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 45 ദശലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ നല്കുന്ന ഈ മേഖല, പരോക്ഷമായി 10 കോടിയിലധികം പേരുടെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. ഈ മേഖല മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (GDP) ഏകദേശം 2 ശതമാനവും നിർമ്മാണ മേഖലയുടെ മൊത്ത മൂല്യവർദ്ധനവിൻ്റെ (GVA) ഏകദേശം 11 ശതമാനവും സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ, പി.എം മിത്ര പാർക്കുകൾ, സമർത്ഥ്  നൈപുണ്യ വികസന പരിപാടി തുടങ്ങിയ പുരോഗമന നയങ്ങളിലൂടെയും പദ്ധതികളിലൂടെയും  വസ്ത്ര നിർമ്മാണ - തുണിത്തര വ്യവസായത്തിന് ശക്തമായ പിന്തുണയാണ് നല്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ മേഖലയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്രമായ വിഷൻ 2030 പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ പങ്കാളികൾ നൂതന ശയങ്ങളുമായും നിശ്ചയദാർഢ്യത്തോടെയും പ്രതികരിക്കുമ്പോൾ മാത്രമേ സർക്കാർ സംരംഭങ്ങൾ അവയുടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുകയുള്ളൂവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഗോള വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിക്കാർ ശ്രദ്ധേയമായ പ്രതിരോധശേഷിയും പുരോഗതിയും പ്രകടിപ്പിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഈ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ പുതിയ വിപണികളിലേക്ക് കടന്നു ചെല്ലാൻ അദ്ദേഹം വസ്ത്ര വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു. മൂല്യവർദ്ധനവ്, കയറ്റുമതി ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഗവേഷണ-വികസന പ്രവർത്തനങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുക, സുസ്ഥിര കയറ്റുമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ടെക്സ്റ്റൈൽ മേഖല തൊഴിൽ കേന്ദ്രീകൃതമാണെന്നും കൃഷി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നല്കുന്ന രണ്ടാമത്തെ മേഖലയാണിതെന്നും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. വ്യവസായത്തിലുടനീളം തൊഴിലാളി ക്ഷേമം ഉറപ്പാക്കേണ്ടതിൻ്റെ  ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വരും വർഷങ്ങളിൽ ഈ മേഖലയിലെ കയറ്റുമതി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ഗണ്യമായ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസിതവും ആത്മനിർഭരവുമായ ഭാരതം എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിൽ വസ്ത്ര മേഖല പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തുണിത്തര വ്യവസായവുമായുള്ള തൻ്റെ അടുത്ത ബന്ധത്തെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഇന്ത്യയുടെ ഹോസിയറി-നിറ്റ്വെയർ കേന്ദ്രമായ തിരുപ്പൂരിൽ നിന്നാണ് താൻ വരുന്നതെന്നും ഈ മേഖലയുടെ പരിണാമത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. പാർലമെൻ്റ്  അംഗമെന്ന നിലയിലും പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ കൊമേഴ്‌സിന് കീഴിലുള്ള ടെക്സ്റ്റൈൽസ് സബ് കമ്മിറ്റിയുടെ സഹ-ചെയർമാൻ എന്ന നിലയിലുമുള്ള അനുഭവം ഈ മേഖലയിലെ വെല്ലുവിളികൾ പഠിക്കാനും നയപരമായ ശുപാർശകൾ നല്കാനും തന്നെ സഹായിച്ചതായി അദ്ദേഹം അനുസ്മരിച്ചു.

സർക്കാരിനും വ്യവസായത്തിനും ഇടയിലുള്ള ഒരു പാലം എന്ന നിലയിൽ എ.ഇ.പി.സി വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ അവസരത്തിൽ, "ത്രെഡ്‌സ് ഓഫ് ടൈം: സ്റ്റോറി ഓഫ് ഇന്ത്യാസ് ടെക്സ്റ്റൈൽസ്" എന്ന പേരിലുള്ള എ.ഇ.പി.സി-യുടെ കോഫി ടേബിൾ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു.

ഡൽഹി എൻസിടി സർക്കാരിൻ്റെ വ്യവസായ മന്ത്രി ശ്രീ മഞ്ജീന്ദർ സിംഗ് സിർസ, എ.ഇ.പി.സി ചെയർമാൻ ശ്രീ സുധീർ സെഖ്രി, എ.ഇ.പി.സി വൈസ് ചെയർമാൻ ഡോ. എ. ശക്തിവേൽ, ടെക്സ്റ്റൈൽ- വസ്ത്ര  വ്യവസായത്തിലെ മറ്റ് വിശിഷ്ടാതിഥികൾ എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

***


(रिलीज़ आईडी: 2207020) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil