ധനകാര്യ മന്ത്രാലയം
റീജിയണൽ റൂറൽ ബാങ്കുകളുടെ ഏകീകൃത ബ്രാൻഡ് ഐഡൻ്റിറ്റിയെ സൂചിപ്പിക്കുന്ന പുതിയ ലോഗോ പുറത്തിറക്കി"
प्रविष्टि तिथि:
18 DEC 2025 3:07PM by PIB Thiruvananthpuram
"ഒരു സംസ്ഥാനം, ഒരു ആർ.ആർ.ബി" എന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിൽ, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 11 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ 26 റീജിയണൽ റൂറൽ ബാങ്കുകളെ (RRB-കൾ) ഏകീകരിച്ചു. 2025 മെയ് 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ശക്തവും കൂടുതൽ കാര്യക്ഷമവുമായ RRB-കൾ കെട്ടിപ്പടുക്കുന്നതിനുള്ള നിർണ്ണായകമായ ഒരു ചുവടുവെയ്പ്പാണ് ഈ പരിഷ്കരണം. നിലവിൽ 700-ലധികം ജില്ലകളിലായി 22,000-ത്തിലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ 28 RRB-കൾ രാജ്യത്തെ സേവിക്കുന്നത് തുടരുകയാണ്.
പ്രധാന സംയോജന നീക്കത്തിന് ശേഷം റീജിയണൽ റൂറൽ ബാങ്കുകൾക്കായി ഏകീകൃതവും സമാനവുമായ ഒരു ബ്രാൻഡ് ഐഡൻ്റിറ്റി സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി, 28 RRB-കൾക്കുമായി ഒരു പൊതു ലോഗോ പുറത്തിറക്കി. ഗ്രാമീണ സമൂഹങ്ങളെ സേവിക്കുന്ന ഈ സ്ഥാപനങ്ങളുടെ വ്യക്തിത്വവും ദൃശ്യപരതയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നീക്കമാണിത്.


ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ പുരോഗതിയുടേയും വളർച്ചയുടേയും പ്രമേയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ലോഗോ, RRB-കൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നു.
മുകളിലേക്കുള്ള അമ്പടയാളം (പുരോഗതിയുടെ പ്രതീകം): ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ വളർച്ച, വികസനം, പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്നു.
കൈകൾ (പരിചരണത്തിൻ്റെ പ്രതീകം): ഗ്രാമീണ സമൂഹങ്ങൾക്കുള്ള കരുതൽ, പിന്തുണ, സഹായഹസ്തം എന്നിവയെ പ്രതിനിധീകരിക്കുന്നു.
ജ്വാല (അറിവിൻ്റെ പ്രതീകം): ഊഷ്മളതയേയും അറിവിനേയും ഗ്രാമീണ ജനതയുടെ ശാക്തീകരണത്തേയും സൂചിപ്പിക്കുന്നു.
RRB- കളുടെ ലക്ഷ്യങ്ങൾ പ്രകടമാക്കുന്ന തരത്തിലാണ് ലോഗോയുടെ നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ലോഗോയിലെ
കടും നീല നിറം സാമ്പത്തിക സേവനങ്ങളേയും വിശ്വാസത്തേയും സൂചിപ്പിക്കുമ്പോൾ, പച്ച നിറം ജീവിതത്തേയും വളർച്ചയേയും പ്രതിനിധീകരിക്കുന്നു. ഇത് ഗ്രാമീണ ഇന്ത്യയെ സേവിക്കാനുള്ള റീജിയണൽ റൂറൽ ബാങ്കുകളുടെ ദൗത്യത്തെയാണ് അടയാളപ്പെടുത്തുന്നത്.
സർക്കാരിൻ്റെ ഈ പൊതു ബ്രാൻഡിംഗ് സംരംഭം രാജ്യത്തുടനീളം RRB-കൾക്ക് വ്യക്തവും ആധുനികവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായ ഒരു ബ്രാൻഡ് ഐഡൻ്റിറ്റി നല്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക ഉൾച്ചേർക്കലിനും ഗ്രാമീണ വികസനത്തിനുമുള്ള ഇവരുടെ കൂട്ടായ പ്രതിബദ്ധതയെ ഇത് പ്രതീകപ്പെടുത്തുന്നു.
SKY
****
(रिलीज़ आईडी: 2206012)
आगंतुक पटल : 16