രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വിജയ് ദിവസ്: 1971 ലെ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച ധീരജവാന്മാർക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അർപ്പിച്ച ചടങ്ങിന് രാഷ്ട്രപതി നേതൃത്വം നൽകി

प्रविष्टि तिथि: 16 DEC 2025 4:42PM by PIB Thiruvananthpuram
1971ലെ യുദ്ധത്തിൽ ഇന്ത്യ നേടിയ ചരിത്രവിജയം അനുസ്മരിച്ച് 2025 ഡിസംബർ 16ന് രാജ്യം വിജയ് ദിവസ് ആഘോഷിച്ചു. രാജ്യത്തിന്‌ ചരിത്ര വിജയം സമ്മാനിച്ച  ധീരസൈനികർക്കു ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. അവരുടെ വീര്യവും സമർപ്പണവും ദേശസ്നേഹവും രാജ്യത്തിന് എപ്പോഴും മഹത്വം നൽകിയിട്ടുണ്ടെന്നും, അത് ഓരോ പൗരനെയും തുടർന്നും പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ സായുധ സേനയുടെ 'സ്വദേശിവൽക്കരണത്തിലൂടെ ശാക്തീകരണം' ഉദ്യമം ഭാവിയിലെ വെല്ലുവിളികൾക്ക് തയ്യാറെടുക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. "ഓപ്പറേഷൻ സിന്ദൂറിലൂടെ, നമ്മുടെ സായുധ സേന സ്വാശ്രയത്വം, തന്ത്രപരമായ നിശ്ചയദാർഢ്യം, ആധുനിക യുദ്ധ സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗം എന്നിവ പ്രകടമാക്കി. ഇത്  രാജ്യത്തിന് മുഴുവൻ പ്രചോദനമാണെന്നും  അവർ പറഞ്ഞു.

ദിനത്തിന്റെ സ്മരണാർത്ഥം രാഷ്ട്രപതി ഭവനിൽ 'പരമവീർ ദീർഘ' രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. പരം വീർ  ചക്ര
ലഭിച്ച 21 ധീരയോദ്ധാക്കളുടെ ഛായാചിത്രങ്ങൾ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ അജയ്യമായ വീര്യം പ്രകടിപ്പിച്ച ദേശീയ നായകരെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പരമവീര ചക്രം ലഭിച്ചവരെയും അന്തരിച്ച സൈനികരുടെ അടുത്ത ബന്ധുക്കളെയും തദവസരത്തിൽ രാഷ്ട്രപതി ആദരിച്ചു. പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

1971-ലെ യുദ്ധം നീതിയോടും സ്വാതന്ത്ര്യത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചുവെന്നും മൂന്ന് സേനാവിഭാഗങ്ങളും അവരുടെ   സമാനതകളില്ലാത്ത പ്രൊഫഷണലിസം പ്രകടമാക്കിയെന്നും ധീരരായ പോരാളികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ എക്‌സിൽ കുറിച്ചു

1971-ൽ ഇന്ത്യയുടെ ചരിത്രപരമായ വിജയം ഉറപ്പാക്കിയ ധീരസൈനികരുടെ കരുത്തും ത്യാഗവും സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു: "സൈനികരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും നിസ്വാർത്ഥമായ സേവനവും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുകയും ചരിത്രത്തിൽ അഭിമാനകരമായ നിമിഷം അടയാളപ്പെടുത്തുകയും ചെയ്തു. ഈ ദിവസം അവരുടെ ധീരതയ്ക്കുള്ള പ്രണാമവും അവരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ ഓർമ്മപ്പെടുത്തലുമാണ്. അവരുടെ ധീരത ഇന്ത്യക്കാരുടെ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു."
 
പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രാജ്യസേവനത്തിനിടെ പരമമായ ത്യാഗം ചെയ്ത ധീരരക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു.

"1971-ൽ നിർണ്ണായക വിജയം സമ്മാനിച്ച ഇന്ത്യൻ സായുധ സേനയ്ക്ക് മുന്നിൽ രാജ്യം അഭിമാനത്തോടെയും നന്ദിയോടെയും നമിക്കുന്നു. കരസേനയും നാവികസേനയും വ്യോമസേനയും കുറ്റമറ്റ ഏകോപനത്തോടെ പ്രവർത്തിച്ചു, ചരിത്രം തിരുത്തിക്കുറിക്കുകയും ഇന്ത്യയുടെ തന്ത്രപരമായ നിശ്ചയദാർഢ്യം ഉറപ്പിക്കുകയും ചെയ്തു. അവരുടെ ധീരതയും അച്ചടക്കവും പോരാട്ടവീര്യവും തലമുറകളെ പ്രചോദിപ്പിക്കുകയും നമ്മുടെ ദേശീയ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു," ശ്രീ രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു.

പുഷ്പചക്രം അർപ്പിക്കൽ ചടങ്ങിൽ പ്രതിരോധ മന്ത്രിയോടൊപ്പം പങ്കെടുത്ത പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേത്തും ധീരർക്ക് ശ്രദ്ധാഞ്ജലി  അർപ്പിച്ചു. അവരുടെ ധീര കഥകൾ വരുംതലമുറകളിലെ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, നാവികസേനാ ഉപ മേധാവി വൈസ് അഡ്മിറൽ സഞ്ജയ് വത്സായൻ എന്നിവരും ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.
 
SKY
 
*******

(रिलीज़ आईडी: 2205100) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी