രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആദി ജഗദ്ഗുരു ശ്രീ ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിജിയുടെ 1066-ാമത് ജയന്തി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 16 DEC 2025 7:04PM by PIB Thiruvananthpuram

കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലിയിൽ ഇന്ന് (ഡിസംബർ 16, 2025) ആദി ജഗദ്ഗുരു ശ്രീ ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിജിയുടെ 1066-ാമത് ജയന്തി ആഘോഷങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു.

 

 

യുഗങ്ങളായി ജ്ഞാനത്തിലൂടെയും കാരുണ്യത്തിലൂടെയും സന്യാസിമാർ, മനുഷ്യരാശിയെ പ്രബുദ്ധരാക്കിയിട്ടുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. യഥാർത്ഥ മഹത്വം അധികാരത്തിലോ സമ്പത്തിലോ അല്ല, മറിച്ച് ത്യാഗം, സേവനം, ആത്മീയ ശക്തി എന്നിവയിലാണെന്ന് അവരുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരം മഹാന്മാരായ സന്യാസിവര്യന്മാരിൽ, ആദി ജഗദ്ഗുരു ശ്രീ ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിജി പ്രകാശത്തിൻ്റെയും പ്രചോദനത്തിൻ്റെയും ഒരു ദീപസ്തംഭമായി തിളങ്ങുന്നു.

 

 

 മഠത്തിൻ്റെ മാർഗനിർദേശത്തിലും രക്ഷാകർതൃത്വത്തിലും കീഴിൽ വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നീ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ വിശിഷ്ട സ്ഥാപനങ്ങളിലൊന്നായി ജെ.എസ്.എസ് മഹാവിദ്യാപീഠം മാറിയതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള നിരവധി സ്ഥാപനങ്ങളിലൂടെ, യുവ മനസ്സുകളെ രൂപപ്പെടുത്തുക, ആരോഗ്യ സംരക്ഷണം നൽകുക, സ്ത്രീകളെ ശാക്തീകരിക്കുക, ഗ്രാമീണ സമൂഹങ്ങൾക്ക് പുരോഗതി ഉറപ്പാക്കുക, സംസ്കാരം സംരക്ഷിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിരിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

 

 

ദ്രുതഗതിയിലുള്ള മാറ്റത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും ഒരു യുഗത്തിൽ, സാമൂഹിക ഐക്യം, ധാർമ്മികത, യുവജന ശാക്തീകരണം, മാനസിക പ്രതിരോധശേഷി എന്നിവ പരിപോഷിപ്പിക്കുന്നതിന് ആത്മീയ മാർഗനിർദേശം അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 2047 ഓടെ വികസിത ഭാരതം എന്ന ദർശനത്തിലേക്ക് നാം നീങ്ങുമ്പോൾ, സാങ്കേതികവിദ്യയുടെ ശക്തിയും മൂല്യങ്ങളുടെ കരുത്തും നമുക്ക് അനിവാര്യമാണ്. വികസിത ഇന്ത്യയ്ക്ക്, ധാർമ്മിക ജ്ഞാനത്തോടുകൂടിയ ആധുനിക വിദ്യാഭ്യാസം, പാരിസ്ഥിതിക ഉത്തരവാദിത്തത്തോടുകൂടിയ നൂതനാശയങ്ങൾ, സാമൂഹിക ഉൾപ്പെടുത്തലോടുകൂടിയ സാമ്പത്തിക വളർച്ച, അനുകമ്പയോടെയുള്ള പുരോഗതി എന്നിവയാണ് ആവശ്യമുള്ളത്. ഈ സമഗ്ര കാഴ്ചപ്പാടോടെയാണ് ഇന്ത്യാ ഗവൺമെൻ്റ് പ്രവർത്തിക്കുന്നത്. സുത്തൂർ മഠം പോലുള്ള സ്ഥാപനങ്ങൾക്ക് ഈ ദേശീയ ശ്രമത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.

 

 

നമ്മുടെ യുവാക്കളുടെ ഊർജ്ജം, സർഗ്ഗാത്മകത, മൂല്യങ്ങൾ, സ്വഭാവം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് അവരുടെ കഴിവുകളും ജ്ഞാനവും മാത്രമല്ല, അവരുടെ സമഗ്രതയും ലക്ഷ്യബോധവും കൂടിയാണ്. സുത്തൂർ മഠം പോലുള്ള സ്ഥാപനങ്ങൾ യുവമനസ്സുകളെ പ്രചോദിപ്പിക്കുകയും ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തുകയും നാളത്തെ ഇന്ത്യയുടെ ശിൽപ്പികളെ രൂപപ്പെടുത്തുകയും ചെയ്യുന്നത് തുടരണമെന്ന് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു.

 

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

***


(रिलीज़ आईडी: 2204904) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Kannada