രാജ്യരക്ഷാ മന്ത്രാലയം
മുങ്ങല്‍ ദൗത്യങ്ങളില്‍ സഹായിക്കുന്ന ആദ്യ കപ്പല്‍ DSC A-20 കമ്മീഷൻ ചെയ്തു
प्रविष्टि तिथि:
16 DEC 2025 4:05PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ സമുദ്രാന്തര്‍ ദൗത്യങ്ങള്‍ക്കായി ടൈറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡ് തദ്ദേശീയമായി നിര്‍മിക്കുന്ന അഞ്ച് ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റുകളിൽ (DSC) ആദ്യത്തേതായ DSC A-20 കൊച്ചി നാവികാസ്ഥാനത്ത് 2025 ഡിസംബർ 16-ന് സംഘടിപ്പിച്ച ചടങ്ങിൽ കമ്മീഷൻ ചെയ്തു.
ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന ചടങ്ങില്‍ അധ്യക്ഷനായി. വാര്‍ഷിപ്പ് പ്രൊഡക്ഷൻ ആൻഡ് അക്വിസിഷൻ കൺട്രോളർ വൈസ് അഡ്മിറൽ സഞ്ജയ് സാധു ആതിഥേയത്വം വഹിച്ച ചടങ്ങിൽ മുതിർന്ന നാവിക ഉദ്യോഗസ്ഥരും കൊൽക്കത്തയിലെ ടൈറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡ് പ്രതിനിധികളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.
മുങ്ങല്‍ ദൗത്യങ്ങളില്‍ ഉപയോഗിക്കുന്ന അഞ്ച് കപ്പലുകള്‍ നിർമിക്കാന്‍ പ്രതിരോധ മന്ത്രാലയവും കൊൽക്കത്തയിലെ ടൈറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡും തമ്മിൽ 2021 ഫെബ്രുവരി 12-നാണ് കരാർ ഒപ്പുവെച്ചത്. രൂപകല്പന ഘട്ടത്തിൽ കപ്പലിൻ്റെ ഹൈഡ്രോ ഡൈനാമിക് വിശകലനവും മാതൃകാ പരീക്ഷണവും വിശാഖപട്ടണത്തെ നാവിക ശാസ്ത്ര സാങ്കേതിക ലബോറട്ടറിയിൽ പൂർത്തിയാക്കിയിരുന്നു.
ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിൻ്റെ വർഗീകരണ നിയമങ്ങൾക്ക് അനുസൃതമായാണ് DSC A-20 രൂപകല്പന ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 390 ടൺ ഭാരമുള്ള ഇരട്ടപ്പൊഴി കപ്പലാണിത്. മുങ്ങല്‍ ദൗത്യങ്ങള്‍ക്കാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ച ഈ കപ്പൽ തീരദേശ ജലമേഖലകളിലെ സമുദ്രാന്തര അറ്റകുറ്റപ്പണികളിലും പരിശോധനകളിലും തുറമുഖങ്ങളിലെ തടസ്സങ്ങൾ നീക്കുന്നതിലും പ്രധാന മുങ്ങൽ ദൗത്യങ്ങളിലും നിർണായക പങ്കുവഹിക്കും.
'ആത്മനിർഭർ ഭാരത്' എന്ന സർക്കാര്‍ കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുന്ന DSC A-20 കമ്മീഷനിങ് തദ്ദേശീയ കപ്പൽ നിർമാണത്തിലെ ഇന്ത്യൻ നാവികസേനയുടെ പര്യവേക്ഷണങ്ങളിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. ഇന്ത്യൻ നാവികസേനയിൽ പ്രത്യേകം സജ്ജീകരിച്ച ഇത്തരമൊരു കപ്പലിൻ്റെ തദ്ദേശീയ നിർമാണം രാജ്യത്തിൻ്റെ വളരുന്ന ആഭ്യന്തര ശേഷിയുടെയും സ്വയംപര്യാപ്തതയുടെയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിൻ്റെയും തെളിവായി നിലകൊള്ളുന്നു.
(12)9YDH.jpeg)
(17)CI16.jpeg)
(10)HC20.jpeg)
****
(रिलीज़ आईडी: 2204769)
आगंतुक पटल : 15