ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി സിവിൽ സർവീസസ് ഓഫീസർ ട്രെയിനികളുമായി തന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
14 DEC 2025 5:43PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഇന്ത്യൻ പോലീസ് സർവീസ് (IPS), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFoS) എന്നിവയിൽ നിന്നുള്ള ഓഫീസർ ട്രെയിനികളുമായി സംവദിച്ചു. ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ (HIPA) പ്രത്യേക ഫൗണ്ടേഷൻ കോഴ്‌സിൽ പരിശീലനം നേടുന്നവരാണ് ഈ ഉദ്യോഗസ്ഥർ.
ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ചുകൊണ്ട്, നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലും അഖിലേന്ത്യാ സർവീസുകൾ സ്ഥാപിക്കുന്നതിലും അദ്ദേഹം വഹിച്ച നിർണായക പങ്ക് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ജനങ്ങൾ പൊതുവായ ഭാഷ പങ്കിട്ടിരുന്ന ജർമ്മനിയെ ഓട്ടോ വോൺ ബിസ്മാർക്ക് ഒന്നിപ്പിച്ചപ്പോൾ സർദാർ പട്ടേൽ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്താൽ അടയാളപ്പെടുത്തിയ ഒരു രാജ്യത്തെ ഏകീകരിക്കുക എന്ന സങ്കീർണ്ണമായ ദൗത്യം ഏറ്റെടുത്തതായി അദ്ദേഹം നിരീക്ഷിച്ചു. ലോകത്തിലെ മറ്റെവിടെയും ചെയ്യാവുന്ന താരതമ്യപ്പെടുത്താവുന്ന ശ്രമങ്ങൾക്കപ്പുറമാണ് ഈ അസാധാരണ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
കഴിവുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വഹിക്കുന്ന പങ്കിനേയും, പൊതുസേവനത്തിന് ആവശ്യമായ ദിശാബോധം നല്കുന്നതിൽ HIPA പോലുള്ള പരിശീലന സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനേയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. വികസിത് ഭാരത് @2047 ലക്ഷ്യമാക്കി രാജ്യം മുന്നോട്ട് പോകുമ്പോൾ, ഭഗവദ്ഗീതയുടെ അന്തസത്ത ഉൾക്കൊണ്ട് തങ്ങളുടെ കടമകൾ നിർവ്വഹിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എപ്പോഴും ധർമ്മത്തിൽ നിലകൊള്ളാനും അദ്ദേഹം അവരെ ഉപദേശിച്ചു.
പൊതുസേവനത്തിലെ ഉത്തരവാദിത്തമുള്ളതും കൃത്യവുമായ നടപടികൾക്ക് പ്രാധാന്യം നല്കിക്കൊണ്ട്, ഫയലുകളും കേസുകളും സമയബന്ധിതമായി തീർപ്പാക്കണമെന്ന് ഉപരാഷ്ട്രപതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാര്യക്ഷമതയും സേവന വിതരണവും മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംവാദത്തിനിടയിൽ, പൊതുജീവിതത്തിൽ ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് ഉപരാഷ്ട്രപതി സംസാരിച്ചു. ശ്രീ അടൽ ബിഹാരി വാജ്പേയി, ശ്രീ എൻ. ജി. രംഗ, ശ്രീ എൻ. ജി. ഗോർ തുടങ്ങിയ പാർലമെൻ്റ് അംഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു. അവർ പങ്കെടുത്ത സംവാദങ്ങളുടെ ഗുണമേന്മയാണ് അവർക്ക് ദീർഘകാല പൊതുപിന്തുണ നേടിക്കൊടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബ്ദമുയർത്തുന്നവർക്ക് പലപ്പോഴും ശ്രദ്ധ ലഭിക്കുന്ന സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ, അത്തരം ജനപ്രീതി സാധാരണയായി താൽക്കാലികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദവും മനുഷ്യത്വപരവുമായ ഭരണത്തിന് അത്യാവശ്യമായ ഉപകരണങ്ങളാണ് ക്ഷമയും ശ്രദ്ധാപൂർവ്വമുള്ള കേൾവിയും എന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നത് പ്രശ്നങ്ങളുടെ ഒരു വലിയ ഭാഗം പരിഹരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓഫീസർ ട്രെയിനികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ, നിരന്തരമായ പഠനം, ധർമ്മം പാലിക്കൽ, ക്ഷമ എന്നിവയുടെ പ്രാധാന്യം ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. വിവരങ്ങളുടെ ആധിക്യം, തെറ്റായ വിവരങ്ങൾ, സോഷ്യൽ മീഡിയയിലെ നെഗറ്റീവ് വാർത്തകൾ എന്നിവ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പോസിറ്റീവും ക്രിയാത്മകവുമായ കഥകൾ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ ഉപദേശിച്ചു. ഓൺലൈനിൽ ഉള്ളടക്കം പങ്കിടുന്നതിന് മുമ്പ് സാമൂഹിക ഉത്തരവാദിത്തം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം അടിവരയിടുകയും, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
നേതൃത്വം, ഭരണം, ധാർമ്മിക പൊതുസേവനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ ഈ സംവാദം യുവ ഉദ്യോഗസ്ഥർക്ക് നല്കി.
***
( റിലീസ് ഐ.ഡി: 2203784)
സന്ദര്‍ശക കൗണ്ടര്‍ : 31