ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

മത്സ്യബന്ധന, മത്സ്യകൃഷി മേഖലയുമായി ബന്ധപ്പെട്ട സാധ്യതകൾ കണ്ടെത്തുന്നതിനായി ലക്ഷദ്വീപിൽ ആദ്യമായി നിക്ഷേപക സംഗമം സംഘടിപ്പിച്ചു.

പോസ്റ്റഡ് ഓണ്‍: 13 DEC 2025 10:31PM by PIB Thiruvananthpuram

ഇന്ത്യയുടെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയിലെ മത്സ്യസമ്പത്ത് ഇനിമുതൽ ഇന്ത്യൻ ഉത്ഭവമായി അംഗീകരിക്കപ്പെടുമെന്നും ഇത് മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുകയും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന്  ശ്രീ രാജീവ് രഞ്ജൻ സിംഗ്.


കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് (MoFAHD) കീഴിലുള്ള ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഭരണകൂടവുമായി സഹകരിച്ച്, "ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ" എന്ന വിഷയത്തിൽ ഒരു നിക്ഷേപക സംഗമം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ ഇന്ന് വിജയകരമായി സംഘടിപ്പിച്ചു. ലക്ഷദ്വീപിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ നിക്ഷേപക സംഗമമായിരുന്നു ഇത്. രാജ്യത്തുടനീളമുള്ള നിരവധി നിക്ഷേപകർ  ഇതിൽ പങ്കെടുത്തു. ഇതുവരെ, ഏകദേശം 519 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ വിഭാവനം ചെയ്തിരിക്കുന്നത്.


കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ എന്നിവർ പരിപാടിയിൽ  പങ്കെടുത്തു.


സമ്മേളനത്തിനിടെ, നിക്ഷേപകർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നതിനും വേദിയൊരുക്കുന്ന ഒരു സംവാദ സെഷൻ സംഘടിപ്പിച്ചു. ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ പ്രധാന ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുടെ ആവശ്യകത, ഐസ് പ്ലാൻ്റുകൾ സ്ഥാപിക്കൽ, വിളവെടുപ്പിന് ശേഷമുള്ള പരിപാലനത്തിനായി ശീതീകരിച്ച മത്സ്യം കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രങ്ങളുടെ വികസനം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളാണ് നിക്ഷേപകർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കൂടാതെ, ലക്ഷദ്വീപിൻ്റെ  എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയുടെ തന്ത്രപരമായ ഉപയോഗത്തിലൂടെ സുസ്ഥിര വളർച്ച കൈവരിക്കുന്നതിനായി, സാഷിമി-ഗ്രേഡ് ട്യൂണയ്ക്കുള്ള മൂല്യവർദ്ധിത സൗകര്യങ്ങൾ, മത്സ്യ എണ്ണ  ശുദ്ധീകരണ ശേഷി, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത, അലങ്കാര മത്സ്യങ്ങളുടെ ബ്രൂഡ് ബാങ്കുകൾ എന്നിവ അനിവാര്യമാണെന്നും നിക്ഷേപകർ അഭിപ്രായപ്പെട്ടു.

 

എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയ്ക്കായി (EEZ)  കേന്ദ്ര സർക്കാർ  മത്സ്യബന്ധന നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും അതിനാൽ ഇന്ത്യയുടെ EEZ-ൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി ഒരു അംഗീകൃത "ആക്സസ് പാസ്" ഉപയോഗിച്ച് നിയമപരമായി മത്സ്യബന്ധനം നടത്താനും, അതുവഴി ഉയർന്ന മൂല്യമുള്ള ട്യൂണയും മറ്റ് മത്സ്യോത്പന്നങ്ങളും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും അവരെ പ്രാപ്തരാക്കുമെന്നും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്‌ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച്, ഇന്ത്യയുടെ EEZ-ൽ കാണപ്പെടുന്ന മത്സ്യസമ്പത്ത് ഇനിമുതൽ "ഇന്ത്യൻ ഉത്ഭവം" ആയി അംഗീകരിക്കപ്പെടും. ഇത് മത്സ്യോത്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യൻ പതാക വഹിക്കുന്ന മത്സ്യബന്ധന യാനങ്ങൾക്ക് ഈ ജലാശയങ്ങളിൽ പ്രവർത്തിക്കാനുള്ള  നിയമപരമായ അവകാശം നല്കുന്ന  'ഹൈ സീസ് മത്സ്യബന്ധന മാർഗ്ഗനിർദ്ദേശങ്ങൾ' കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ ശക്തമായ ആവശ്യമുള്ള ട്യൂണ പോലുള്ള ഉയർന്ന മൂല്യമുള്ള മത്സ്യങ്ങൾക്ക് വലിയ സാധ്യതയുള്ള ദ്വീപുകളിലെ ഈ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകർ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


ലക്ഷദ്വീപിൻ്റെ ഇതുവരെ ഉപയോഗിക്കാത്ത മത്സ്യബന്ധന സാധ്യതകളെക്കുറിച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ തൻ്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ലക്ഷദ്വീപിൻ്റെ നിലവിലെ ഉത്പാദനമായ 14,000 ടണ്ണും അതിൻ്റെ സാധ്യതയായ ഒരു ലക്ഷം ടണ്ണും തമ്മിലുള്ള വിടവ് നികത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പോൾ ആൻഡ് ലൈൻ, ഹാൻഡ്‌ലൈൻ എന്നീ രീതികൾ ഉപയോഗിച്ചുള്ള പ്രീമിയം നിലവാരത്തിലുള്ള ട്യൂണ മത്സ്യബന്ധനത്തിന് ലക്ഷദ്വീപിലെ ദ്വീപുകൾ സ്വാഭാവികമായും അനുയോജ്യമാണെന്നും, ഈ രീതികൾ ശുദ്ധവും സുസ്ഥിരവുമായ മത്സ്യബന്ധന രീതികളായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടവയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ശരിയായ ബ്രാൻഡിംഗും, സർട്ടിഫിക്കേഷനും, ആധുനിക മൂല്യശൃംഖലയുടെ വികസനവും വഴി ലക്ഷദ്വീപ് ട്യൂണയ്ക്ക് അന്താരാഷ്ട്ര വിപണികളിൽ പ്രവേശിക്കാൻ സാധിക്കും. പുതിയ വിപണികൾ കണ്ടെത്താനും നിലവിലുള്ള സർക്കാർ ക്ഷേമ പദ്ധതികൾ പ്രയോജനപ്പെടുത്തി മത്സ്യബന്ധന മൂല്യശൃംഖല ശക്തിപ്പെടുത്താനും അദ്ദേഹം കയറ്റുമതിക്കാരോട് അഭ്യർത്ഥിച്ചു.

 

ഉയർന്ന വരുമാനം നല്കുന്നതും വൈവിധ്യവൽക്കരണത്തിന് അവസരമൊരുക്കുന്നതുമായ കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം എന്നിവ പോലുള്ള ഉയർന്നുവരുന്ന നിക്ഷേപ മേഖലകളിലാണ്  കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലക്ഷദ്വീപിലെ ലഗൂണുകൾ കടൽപ്പായൽ കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ഹാച്ചറികളിലൂടെയും ബ്രൂഡ്സ്റ്റോക്ക് വികസനത്തിലൂടെയും അലങ്കാര മത്സ്യ സംരംഭങ്ങൾക്ക് ആഗോള അക്വേറിയം വ്യാപാരത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും, ആഴക്കടൽ മത്സ്യബന്ധനം ശക്തിപ്പെടുത്തുന്നതിനും, മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ സൃഷ്ടിക്കുന്നതിനും, സമുദ്ര സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിനും വേണ്ടി ഇന്ത്യ അതിൻ്റെ  വിശാലമായ EEZ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


നീല വിപ്ലവത്തിന് നേതൃത്വം നല്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയേക്കുറിച്ച്  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ  ആവർത്തിച്ചു. ലക്ഷദ്വീപിൻ്റെ ആദ്യ മത്സ്യബന്ധന നയം രൂപപ്പെടുത്താൻ സഹായിക്കുന്നതിനായി മേഖല തിരിച്ചുള്ളതും നയപരവുമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം പങ്കാളികളോട് അഭ്യർത്ഥിച്ചു. മിനിക്കോയ് വിമാനത്താവള വികസനം, സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തൽ തുടങ്ങിയ വരാനിരിക്കുന്ന സംരംഭങ്ങളേക്കുറിച്ച് എടുത്തുപറഞ്ഞ  ശ്രീ പട്ടേൽ നിക്ഷേപകർക്ക് പൂർണ്ണ പിന്തുണ നല്കുമെന്ന് ഉറപ്പുനല്കുകയും പുരോഗതി വേഗത്തിലാക്കുന്നതിനായി ഡൽഹിയിൽ തുടർയോഗം സംഘടിപ്പിക്കുമെന്നും അറിയിച്ചു.

ദ്വീപുകളിലെ മത്സ്യബന്ധന വികസനം ത്വരിതപ്പെടുത്തുന്നതിന് കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന്  ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി തൻ്റെ പ്രസംഗത്തിൽ  ഊന്നിപ്പറഞ്ഞു. നിക്ഷേപകരുടെ നിർദ്ദേശങ്ങൾക്ക്  അർഹമായ പരിഗണന നല്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ലക്ഷദ്വീപിലെ വിവിധ  ദ്വീപുകളിലെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിൽ ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.


മത്സ്യത്തിൻ്റെ ഉത്ഭവം, ഉറവിടം, ട്രാക്കിംഗ് എന്നിവ ഉൾപ്പെടുന്ന ട്രേസബിലിറ്റി ചട്ടക്കൂട് സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി അടിവരയിട്ടു. സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും അടുത്ത സഹകരണത്തോടെ ഇത് ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് മൂല്യശൃംഖലകൾ വികസിപ്പിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. കൂടാതെ, നിക്ഷേപകരുടെ സൗകര്യത്തിനായി ഏകജാലക ക്ലിയറൻസ് സംവിധാനം ശക്തിപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ മേഖലയിൽ ഉത്തരവാദിത്തമുള്ള വളർച്ച ഉറപ്പാക്കുന്നതിനായി സുസ്ഥിരതാപരമായ പരിഗണനകൾ നല്കിക്കൊണ്ട് മത്സ്യബന്ധന യാനങ്ങളെ ആധുനികവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയും ഡോ. അഭിലക്ഷ് ലിഖി എടുത്തു പറഞ്ഞു. ഈ നടപടികൾ ലക്ഷദ്വീപിൻ്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ അളവറ്റ സാധ്യതകൾ തുറക്കുന്നതിന് വഴിയൊരുക്കുകയും, സുസ്ഥിരവും, കണ്ടെത്താനാകുന്നതും, നിക്ഷേപക സൗഹൃദപരവുമായ വളർച്ച  ഉറപ്പാക്കുകയും ചെയ്യും.

 

ഫിഷറീസ് വകുപ്പിലെ ജോയിൻ്റ് സെക്രട്ടറി (MF)  ശ്രീമതി നീതു കുമാരി പ്രസാദ് സ്വാഗത പ്രസംഗം നടത്തുകയും ലക്ഷദ്വീപിലെ മേഖലാ വികസനത്തിനായുള്ള പ്രധാന സംരംഭങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. മത്സ്യബന്ധന യാനങ്ങളുടെ ആധുനികവൽക്കരണം, ശീതശൃംഖല സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം തുടങ്ങിയ വകുപ്പിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വിവിധ ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള നയപരമായ ഇടപെടലുകളും അവർ എടുത്തു കാണിച്ചു. ഈ നടപടികൾ സ്വകാര്യ പങ്കാളിത്തത്തിനായി അനുകൂലവും നിക്ഷേപക സൗഹൃദപരവുമായ ഒരു ആവാസവ്യവസ്ഥ  സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. ദേശീയ സഹകരണ വികസന കോർപ്പറേഷനുമായുള്ള (NCDC) അടുത്ത സഹകരണത്തോടെ സഹകരണ സംഘങ്ങളെ  ശാക്തീകരിക്കുന്നതിനും, ഒരു സമ്പൂർണ്ണ സർക്കാർ സമീപനം സ്വീകരിക്കുന്നതിനും അവർ ഊന്നൽ നൽകി.


കേജ് കൾച്ചർ ലീസിംഗ് നയം, സെൽ കൾച്ചർ, ബയോസെക്യൂരിറ്റി എന്നിവയുൾപ്പെടെ കടൽപ്പായൽ കൃഷിക്കുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളുടെ ആവശ്യകതയേക്കുറിച്ച് ദേശീയ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡ് (NFDB) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹ്‌റ തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഫണ്ടിന് (FIDF) കീഴിലുള്ള സാമ്പത്തിക സഹായങ്ങൾ, NCDC-ക്ക് കീഴിലുള്ള സാമ്പത്തിക സഹായങ്ങൾ, പലിശ സബ്‌വെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അദ്ദേഹം എടുത്തു കാണിക്കുകയും വിവിധ ബിസിനസ്, സംരംഭക മാതൃകകൾ പര്യവേക്ഷണം ചെയ്യാൻ നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്തു.


ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഫിഷറീസ് സെക്രട്ടറി ശ്രീ രാജ്തിലക് എസ്. വിശദമായ അവതരണം നടത്തുകയും, പോൾ ആൻഡ് ലൈൻ മത്സ്യബന്ധന രീതി ആഗോളതലത്തിൽ സുസ്ഥിരമായ ഒരു രീതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സുസ്ഥിരമായ  മാരി കൾച്ചർ നിക്ഷേപങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി ഒരു മാരിടൈം ലീസ് നയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായ ഡോ. എസ്.ബി. ദീപക് കുമാർ നന്ദി പ്രസംഗം നടത്തുകയും ചരിത്രപരമായ ഈ ആദ്യ നിക്ഷേപക സംഗമം മറ്റ് മേഖലകളിലെ സമാന സംരംഭങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.


രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 പ്രധാന നിക്ഷേപകരെ ഈ നിക്ഷേപക സംഗമം ഒരുമിപ്പിച്ചു. നിക്ഷേപക സംഗമത്തിൽ 200-ലധികം പങ്കാളികൾ ഹൈബ്രിഡ് രീതിയിൽ പങ്കുചേർന്നു. ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ലക്ഷദ്വീപിലെ ഉദ്യോഗസ്ഥർ, MoFPI, NCDC, EIC, MPEDA, NCEL, FSI, CIFT, CMFRI, NFDB, ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ/ഏജൻസികളിലെ ഉദ്യോഗസ്ഥർ, പ്രാദേശിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

 

****


( റിലീസ് ഐ.ഡി: 2203655) സന്ദര്‍ശക കൗണ്ടര്‍ : 48
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी