മന്ത്രിസഭ
azadi ka amrit mahotsav

ഇന്ത്യയിലെ 2027-ലെ സെൻസസ് നടത്തിപ്പ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

प्रविष्टि तिथि: 12 DEC 2025 4:13PM by PIB Thiruvananthpuram

11,718.24 കോടി രൂപ ചെലവിൽ ഇന്ത്യയിലെ 2027-ലെ സെൻസസ് നടത്തിപ്പിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പദ്ധതിയുടെ വിശദാംശങ്ങൾ:

* ലോകത്തിലെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കുകളുള്ളതുമായ പ്രക്രിയയാണ് ഇന്ത്യൻ സെൻസസ്. ഇത് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക: (i) വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസും: 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ (ii) ജനസംഖ്യാ കണക്കെടുപ്പ് (PE): 2027 ഫെബ്രുവരിയിൽ (ലഡാക്കിലും ജമ്മു ആൻഡ് കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുമൂടിയ, അസമന്വിത പ്രദേശങ്ങളിലും 2026 സെപ്റ്റംബറിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തും).

* ദേശീയ പ്രാധാന്യമുള്ള ഈ ബൃഹത്തായ പ്രവർത്തനം ഏകദേശം 30 ലക്ഷം ഫീൽഡ് ഉദ്യോഗസ്ഥർ പൂർത്തിയാക്കും.

* ഡാറ്റാ ശേഖരണത്തിനായി മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗവും നിരീക്ഷണത്തിനായി ഒരു കേന്ദ്ര പോർട്ടലും മികച്ച ഗുണനിലവാരമുള്ള ഡാറ്റ ഉറപ്പാക്കും.

* നയരൂപീകരണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരു ബട്ടൺ ക്ലിക്കുചെയ്യുന്നതിലൂടെ ഉത്തരം ലഭ്യമാകുന്ന തരത്തിൽ ഡാറ്റാ വിതരണം കൂടുതൽ മെച്ചപ്പെട്ടതും ഉപയോക്തൃ സൗഹൃദപരവുമായിരിക്കും.

* സെൻസസ്-ആസ്-എ-സർവീസ് (CaaS) വഴി മന്ത്രാലയങ്ങൾക്ക് ഡാറ്റ കുറ്റമറ്റതും യന്ത്രങ്ങൾക്ക് വായിക്കാവുന്നതും പ്രവർത്തനക്ഷമവുമായ ഫോർമാറ്റിൽ ലഭ്യമാക്കും.

നേട്ടങ്ങൾ:

2027-ലെ സെൻസസ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളും.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

* സെൻസസ് പ്രക്രിയയിൽ വീടുകളുടെ പട്ടികപ്പെടുത്തലിനും ഭവന സെൻസസിനും ജനസംഖ്യാ കണക്കെടുപ്പിനുമായി ഓരോ വീടും സന്ദർശിക്കുകയും പ്രത്യേക ചോദ്യാവലി മുഖേന വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു

* സാധാരണയായി ​സംസ്ഥാന ​ഗവൺമെന്റ് നിയമിക്കുന്നവരും ഗവൺമെന്റ് മേഖലയിലെ അധ്യാപകരുമായ എന്യൂമറേറ്റർമാർ തങ്ങളുടെ പതിവ് ചുമതലകൾക്ക് പുറമെയാണ് സെൻസസ് ഫീൽഡ് ജോലികൾ ചെയ്യുക.

* ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിലെ മറ്റ് സെൻസസ് ഉദ്യോഗസ്ഥരെയും സംസ്ഥാന/ജില്ലാ ഭരണകൂടങ്ങൾ നിയമിക്കും.

* 2027 ലെ സെൻസസിനായി സ്വീകരിച്ച പുതിയ സംരംഭങ്ങൾ ഇവയാണ്:

(i)  രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ്: ആൻഡ്രോയിഡ്, iOS പതിപ്പുകളിൽ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡാറ്റ ശേഖരിക്കും.

(ii)  മുഴുവൻ സെൻസസ് പ്രക്രിയയും തത്സമയം കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി സെൻസസ് മാനേജ്‌മെൻ്റ് & മോണിറ്ററിംഗ് സിസ്റ്റം (CMMS) പോർട്ടൽ എന്ന പേരിൽ ഒരു പ്രത്യേക പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

(iii) വീടുകളുടെ പട്ടികപ്പെടുത്തൽ ബ്ലോക്ക് (HLB) ക്രിയേറ്റർ വെബ് മാപ്പ് ആപ്ലിക്കേഷൻ: 2027 ലെ സെൻസസിനായുള്ള മറ്റൊരു പുതിയ ആശയമാണിത്. ഇത് ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനുള്ള HLB ക്രിയേറ്റർ വെബ് മാപ്പ് ആപ്ലിക്കേഷനാണ്.

(iv)  പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ നൽകുന്നതിനുള്ള അവസരം ഒരുക്കും.

(v) ഈ ബൃഹത്തായ ഡിജിറ്റൽ പ്രവർത്തനത്തിനായി അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

(vi) 2027 ലെ സെൻസസിന് രാജ്യവ്യാപകമായ അവബോധം, എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം, അവസാന ഘട്ടത്തിലെ ഇടപെടൽ, ഫീൽഡ് പ്രവർത്തനങ്ങൾക്കുള്ള പിന്തുണ എന്നിവയ്ക്കായി കേന്ദ്രീകൃതവും വിപുലവുമായ പ്രചാരണ പരിപാടികളുണ്ടാകും. കൃത്യവും ആധികാരികവും സമയബന്ധിതവുമായ വിവരങ്ങൾ പങ്കിടുന്നതിന് ഇത് ഊന്നൽ നൽകും.

(vii) 2025 ഏപ്രിൽ 30-ന് ചേർന്ന രാഷ്ട്രീയകാര്യ ക്യാബിനറ്റ് കമ്മിറ്റി വരാനിരിക്കുന്ന സെൻസസിൽ അതായത് 2027 ലെ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഉൾപ്പെടുത്താൻ തീരുമാനിച്ചു. നമ്മുടെ രാജ്യത്തെ സാമൂഹികവും ജനസംഖ്യാപരവുമായ വൈവിധ്യവും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളും കണക്കിലെടുത്ത്, 2027 ലെ സെൻസസ് രണ്ടാം ഘട്ടത്തിൽ, അതായത് ജനസംഖ്യാ കണക്കെടുപ്പിൽ (PE) ജാതി വിവരങ്ങളും ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തും.

(viii) ഡാറ്റാ ശേഖരണം, നിരീക്ഷണം, സെൻസസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവയ്ക്കായി എന്യൂമറേറ്റർമാർ, സൂപ്പർവൈസർമാർ, മാസ്റ്റർ ട്രെയിനർമാർ, ചാർജ് ഓഫീസർമാർ, പ്രിൻസിപ്പൽ/ജില്ലാ സെൻസസ് ഓഫീസർമാർ എന്നിവരുൾപ്പെടെ ഏകദേശം 30 ലക്ഷം ഫീൽഡ് ഉദ്യോഗസ്ഥരെ വിന്യസിക്കും. എല്ലാ സെൻസസ് ഉദ്യോഗസ്ഥർക്കും അവരുടെ പതിവ് ജോലികൾക്ക് പുറമെ ചെയ്യുന്ന ഈ ജോലിക്കായി ഉചിതമായ ഓണറേറിയം നൽകും.

തൊഴിലവസര സൃഷ്ടിക്കുള്ള സാധ്യത ഉൾപ്പെടെയുള്ള പ്രധാന സ്വാധീനം

* വരാനിരിക്കുന്ന സെൻസസ് ഡാറ്റ രാജ്യമെമ്പാടും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുക എന്നതാണ് ഇപ്പോഴത്തെ ശ്രമം. കൂടുതൽ കസ്റ്റമൈസ്ഡ് വിഷ്വലൈസേഷൻ ടൂളുകൾ ഉപയോഗിച്ച് സെൻസസ് ഫലങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തും. ഏറ്റവും താഴേ തലത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റ് അതായത്  ഗ്രാമം/വാർഡ് തലം വരെ എല്ലാവരിലേക്കും ഡാറ്റാ പങ്കുവെക്കും.

* 2027 ലെ സെൻസസ് വിജയകരമായി നടത്തുന്നതിനുള്ള വിവിധ ജോലികൾ പൂർത്തിയാക്കാൻ പ്രാദേശിക തലങ്ങളിൽ ഏകദേശം 550 ദിവസത്തേക്ക് 18,600 സാങ്കേതിക ജീവനക്കാരെ നിയമിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏകദേശം 1.02 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും. കൂടാതെ, ചാർജ്/ജില്ലാ/സംസ്ഥാന തലങ്ങളിൽ സാങ്കേതിക ജീവനക്കാരെ വിന്യസിക്കുന്നത് ഡിജിറ്റൽ ഡാറ്റാ കൈകാര്യം ചെയ്യൽ, നിരീക്ഷണം, ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട ജോലിയായതിനാൽ ശേഷീവികസനത്തിനും കാരണമാകും. ഇത് ഈ വ്യക്തികളുടെ ഭാവി തൊഴിൽ സാധ്യതകൾക്കും സഹായകമാകും.

പശ്ചാത്തലം:
2027 ലെ സെൻസസ് രാജ്യത്തെ 16-ാമത്തെ സെൻസസും സ്വാതന്ത്ര്യാനന്തരമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. ഗ്രാമം, നഗരം, വാർഡ് തലങ്ങളിലുള്ള പ്രാഥമിക വിവരങ്ങളുടെ ഏറ്റവും വലിയ ഉറവിടമാണ് സെൻസസ്. ഇത് ഭവന സ്ഥിതി, സൗകര്യങ്ങളും ആസ്തികളും, ജനസംഖ്യാ വിവരങ്ങൾ, മതം, പട്ടികജാതി/പട്ടികവർഗ്ഗം, ഭാഷ, സാക്ഷരതയും വിദ്യാഭ്യാസവും, സാമ്പത്തിക പ്രവർത്തനം, കുടിയേറ്റം, പ്രത്യുത്പാദന നിരക്ക് എന്നിവയുൾപ്പെടെ വിവിധ മാനദണ്ഡങ്ങളെക്കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള വിവരങ്ങൾ നൽകുന്നു. 1948-ലെ സെൻസസ് നിയമവും 1990-ലെ സെൻസസ് നിയമങ്ങളും സെൻസസ് നടത്തുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നൽകുന്നു.

*** 

NK


(रिलीज़ आईडी: 2203315) आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Kannada , Assamese , English , Urdu , हिन्दी , Marathi , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Telugu