ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഗുരുഗ്രാമിലെ ബ്രഹ്മകുമാരീസിൻ്റെ ഓം ശാന്തി റിട്രീറ്റ് സെൻ്ററിൻ്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തുടക്കം കുറിച്ചു
प्रविष्टि तिथि:
07 DEC 2025 2:57PM by PIB Thiruvananthpuram
ഗുരുഗ്രാമിലെ ബ്രഹ്മകുമാരീസിൻ്റെ ഓം ശാന്തി റിട്രീറ്റ് സെൻ്ററിൻ്റെ (OSRC) രജത ജൂബിലി വാർഷിക ആഘോഷങ്ങൾ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു.
24 വർഷം മുമ്പ് ബ്രഹ്മകുമാരീസിൻ്റെ ആത്മീയ ദർശനത്തോടെ സ്ഥാപിതമായതും ഇപ്പോൾ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതുമായ ഓം ശാന്തി റിട്രീറ്റ് സെൻ്ററിൻ്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഉപരാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. സമാധാനത്തിൻ്റേയും ധ്യാനത്തിൻ്റേയും സന്ദേശത്തിലേക്ക് ആകർഷിക്കപ്പെടുന്ന ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഭരണാധികാരികൾ, രാഷ്ട്രീയക്കാർ
എന്നിങ്ങനെ വിവിധ പ്രൊഫഷണലുകളുടെ വൈവിധ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സ്ത്രീകൾ നേതൃത്വം നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായി ഉയർന്നുവന്നതിന് ബ്രഹ്മകുമാരീസിനെ അദ്ദേഹം അഭിനന്ദിച്ചു.
ആത്മീയത, ധ്യാനം, ആന്തരിക ഉണർവ് എന്നിവയിൽ വേരൂന്നിയ ഭാരതത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ കാലാതീതമായ ജ്ഞാനത്തെ രൂപപ്പെടുത്തിയ സന്യാസിമാർ, ഋഷിമാർ, മുനിമാർ എന്നിവരുടെ അഗാധമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ഋഷിമാരുടേയും മുനിമാരുടേയും തപസ്സും ധ്യാനാത്മകമായ പരിശീലനങ്ങളും ഇന്ത്യയുടെ കാലാതീതമായ ജ്ഞാനത്തെ രൂപപ്പെടുത്തുന്നതിൽ നൽകിയ ശക്തമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. രാജയോഗ, വിപാസന തുടങ്ങിയ പാരമ്പര്യങ്ങൾ, യഥാർത്ഥ ശക്തിയും വ്യക്തതയും ഉള്ളിൽ നിന്നാണ് ഉയർന്നുവരുന്നതെന്ന് എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ആത്മീയ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിനെ സമാധാനത്തിലേക്കും പരിശുദ്ധിയിലേക്കും നയിക്കുന്നതിനും ബ്രഹ്മകുമാരീസിനെ ശ്രീ സി. പി. രാധാകൃഷ്ണൻ പ്രശംസിച്ചു. ആന്തരിക സ്ഥിരത, സന്തോഷം, സമാധാനം എന്നിവയാൽ സാമ്പത്തിക വളർച്ചയെ പൂരകമാക്കുന്ന വികസിത ഭാരതം@2047 എന്ന ലക്ഷ്യം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അമൃതകാലത്തിൽ വിഭാവനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ അതിവേഗ ലോകത്ത് ധ്യാനത്തെ അനിവാര്യമായ ഒരു ജീവിത നൈപുണ്യമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിസ്ഥിതിക സുസ്ഥിരതയിലുള്ള ഓം ശാന്തി റിട്രീറ്റ് സെൻ്ററിൻ്റെ ശക്തമായ പ്രതിബദ്ധതയേയും, മിഷൻ ലൈഫ് എന്ന പ്രധാനമന്ത്രിയുടെ സംരംഭവുമായി യോജിച്ച് പോകുന്നതിനെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. പ്രകൃതിക്ക് അനുകൂലമായ ജീവിതശൈലി സ്വീകരിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണിത്. ഒരു മെഗാവാട്ട് ഹൈബ്രിഡ് സോളാർ പവർ പ്ലാൻ്റ്, മഴവെള്ള സംഭരണ സംവിധാനങ്ങൾ, ബയോഗ്യാസ്, മലിനജല ശുദ്ധീകരണ പ്ലാൻ്റുകൾ, ഹരിത അടുക്കളകൾ, സൗജന്യ തൈ നഴ്സറികൾ, കൽപ തരു പദ്ധതിക്ക് കീഴിൽ വൻതോതിലുള്ള വൃക്ഷത്തൈ നടീൽ എന്നിവ ഉൾപ്പെടെയുള്ള സെൻ്ററിൻ്റെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു.
‘നശാ മുക്ത് ഭാരത് അഭിയാൻ’ , മുതിർന്ന പൗരന്മാരുടെ അന്തസ്സും എല്ലാ മേഖലകളിലും കർമ്മയോഗ പരിശീലനവും പ്രോത്സാഹിപ്പിക്കുന്ന മറ്റ് സാമൂഹിക സംരംഭങ്ങൾ എന്നിവയ്ക്ക് ബ്രഹ്മകുമാരീസ് നല്കിയ സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
ലഖ്‌നൗവിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അടുത്തിടെ ഉദ്ഘാടനം ചെയ്ത "ലോക ഐക്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള രാജയോഗ ധ്യാനം" എന്ന ബ്രഹ്മകുമാരീസിൻ്റെ വാർഷിക പ്രചാരണ പരിപാടിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, രജത ജൂബിലി വർഷം പുതിയ സേവന മേഖലകൾ, ആഴത്തിലുള്ള സാമൂഹിക പങ്കാളിത്തം, വർദ്ധിപ്പിച്ച ആത്മീയ പ്രചാരണം എന്നിവയിലേക്ക് വഴി തുറക്കുമെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****
(रिलीज़ आईडी: 2200084)
आगंतुक पटल : 8