രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് നാവികദിനാഘോഷങ്ങളിൽ പങ്കെടുത്തു

സമുദ്രങ്ങൾ സ്വതന്ത്രവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായി നിലനിൽക്കണമെന്ന ആശയത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധം: രാഷ്ട്രപത‌ി ദ്രൗപദി മുർമു

സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ സമുദ്രങ്ങൾ എന്ന നമ്മുടെ കാഴ്ചപ്പാടിന് ഇന്ത്യയുടെ നാവികസേന കരുത്തുപകരുന്നു: രാഷ്ട്രപത‌ി ദ്രൗപദി മുർമു

प्रविष्टि तिथि: 03 DEC 2025 8:29PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഡിസംബർ മൂന്നിനു തിരുവനന്തപുരത്തു നടന്ന നാവികദിനാഘോഷത്തിൽ പങ്കെടുത്തു.

 

 

നമ്മുടെ മാതൃഭൂമിയുടെ സംരക്ഷണത്തിനായി നാവികോദ്യോഗസ്ഥർ നടത്തിയ നിസ്വാർഥസേവനത്തിന്റെയും പരമോന്നത ത്യാഗത്തിന്റെയും ആഘോഷമാണു നാവികദിനമെന്നു രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനുവേണ്ടി ചെയ്യുന്ന സേവനത്തിന് ഇന്ത്യൻ നാവികസേനയിലെ വനിതകളോടും പുരുഷന്മാരോടും ഇന്ത്യയിലെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. സേനാംഗങ്ങളുടെ പ്രൊഫഷണലിസത്തിനും ഉത്സാഹത്തിനും ദേശസ്നേഹത്തിനും രാഷ്ട്രപതി അഭിനന്ദനങ്ങൾ അറിയിച്ചു.

 

ഇന്ത്യൻ മഹാസമുദ്രമേഖല ഏറെ തന്ത്രപ്രധാനവും നിർണായകവുമായ സമുദ്ര ഇടമാണെന്നും രാഷ്ട്രപതി പറഞ്ഞു. ആഗോള ഊർജവിതരണത്തിനും വ്യാപാരത്തിനുമുള്ള ഇടനാഴിയാണിത്. ഈ മേഖലയുടെ കേന്ദ്രത്തിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എന്നതിനാൽ, നമുക്കു പ്രത്യേക ഉത്തരവാദിത്വമുണ്ട്. സമുദ്രങ്ങൾ സ്വതന്ത്രവും സ്ഥിരതയുള്ളതും നിയമാധിഷ്ഠിതവുമായി തുടരണമെന്ന ആശയത്തോടു നാം പ്രതിജ്ഞാബദ്ധരാണ്. ‘വസുധൈവ കുടുംബകം’ എന്ന നമ്മുടെ കാഴ്ചപ്പാടിനനുസൃതമായി, ഇന്ത്യയുടെ സമീപനം മത്സരാധിഷ്ഠിതമല്ല; മറിച്ച്, സഹകരണപരമാണ്. സംയുക്ത അവബോധം, ശേഷി വർധിപ്പിക്കൽ, സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗം എന്നിവയ്ക്കാണു നമ്മുടെ രാജ്യം പ്രാധാന്യമേകുന്നത്.

 

 

നമ്മുടെ കടലുകളുടെ സുരക്ഷയ്ക്കുള്ള പ്രധാന പങ്കാളിയായി നിലകൊള്ളുകയാണ് ഇന്ത്യൻ നാവികസേനയെന്നു രാഷ്ട്രപതി പറഞ്ഞു. ഭീഷണികൾ തടയുന്നതുമുതൽ കടൽക്കൊള്ള ചെറുക്കുന്നതുവരെയും, നമ്മുടെ പ്രത്യേക സാമ്പത്തിക മേഖല സുരക്ഷിതമാക്കുന്നതുമുതൽ സമുദ്രസഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെയും, നാവികസേനയുടെ പങ്ക് പരമ്പരാഗത പ്രതിരോധത്തിനുമതീതമായി പടരുന്നു. നാവികസേന ഇന്ത്യയുടെ മാനുഷികവശത്തിനും ഉദാഹരണമാണ്. ഇന്ത്യൻ മഹാസമുദ്രമേഖലയിലുടനീളമുള്ള പ്രതിസന്ധികളിൽ, പൗരന്മാരെ ഒഴിപ്പിക്കുക, സഹായം നൽകുക, മാനുഷിക സഹായം നൽകുക എന്നിവയിൽ ആദ്യം പ്രതികരിക്കുന്നവരായി നാവികസേന പ്രവർത്തിച്ചിട്ടുണ്ട്. SAGAR കാഴ്ചപ്പാടിനുകീഴിൽ ഏറ്റെടുക്കുന്ന പുതിയ സംരംഭങ്ങൾ സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, മാനുഷിക സഹായം നൽകുകയും, അന്താരാഷ്ട്ര സമുദ്രസമൂഹത്തിനു സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നു രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

സുസ്ഥിരവികസനത്തിന്റെ ചാലകശക്തി എന്ന നിലയിൽ നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലാണ് ഇന്ത്യ ഇന്നു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു രാഷ്ട്രപതി പറഞ്ഞു. ഈ ശ്രമങ്ങളിൽ ഇന്ത്യൻ നാവികസേന സുപ്രധാന പങ്കുവഹിക്കുന്നു. സമുദ്രപാതകൾ സുരക്ഷിതമാക്കുന്നതിലൂടെയും, സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിലൂടെയും, നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിലൂടെയും, സമുദ്രഗവേഷണത്തെ പിന്തുണയ്ക്കുന്നതിലൂടെയും സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ സമുദ്രങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനു നാവികസേന കരുത്തുപകരുന്നു.

ഏതൊരു സായുധസേനയുടെയും പോരാട്ടസന്നദ്ധതയ്ക്ക് ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും സ്വീകാര്യതയും നിർണായകമാണെന്നു രാഷ്ട്രപതി പറഞ്ഞു. സങ്കീർണമായ സംവിധാനങ്ങൾ ഇന്ത്യയിൽത്തന്നെ രൂപകൽപ്പനചെയ്യാനും നിർമിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഇന്ത്യൻ നാവികസേന തെളിയിച്ചത് ഏറെ സന്തോഷകരമാണെന്നു രാഷ്ട്രപത‌ി പറഞ്ഞു. ഇന്ത്യൻ നാവികസേന തദ്ദേശീയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കുമെന്നും “വികസിത ഇന്ത്യ” എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സംഭാവനയേകുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ..

*** 

NK


(रिलीज़ आईडी: 2198517) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी