രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

​ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനാഭ്യാസപ്രകടനം തിരുവനന്തപുരം ശംഖുംമുഖം ബീച്ചിൽ

प्रविष्टि तिथि: 02 DEC 2025 2:30PM by PIB Thiruvananthpuram

ഇന്ത്യൻ നാവികസേന 2025 ഡിസംബർ മൂന്നിനു തിരുവനന്തപുരത്തെ ശംഖുംമുഖം തീരത്തു സംഘടിപ്പിക്കുന്ന വിസ്മയകരമായ പ്രവർത്തനാഭ്യാസപ്രകടനത്തോടെ (Op Demo 2025), 2025-ലെ നാവികദിനം ആഘോഷിക്കും. രാഷ്ട്രപതിയും സായുധസേനയുടെ സർവസൈന്യാധിപയുമായ ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ചടങ്ങിൽ നാവികസേനാമേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കും. കേരള ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുതിർന്ന കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരും, സൈനികമേധാവികളും ബൃഹത്തായ ജനക്കൂട്ടവും പ്രദർശനത്തിനു സാക്ഷ്യംവഹിക്കും.​

ഒഡിഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും നടന്ന വിജയകരമായ പതിപ്പുകൾക്കു പിന്നാലെ, പ്രധാന നാവികനിലയങ്ങൾക്കപ്പുറത്തേക്കു ദിനാഘോഷങ്ങൾ നടത്താനുള്ള നാവികസേനയുടെ ശ്രമത്തിന്റെ ഭാഗമാണിത്.

ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനശക്തി പ്രകടിപ്പിക്കുന്ന Op Demo 2025 യുദ്ധക്കപ്പലുകൾ, നാവികവിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവയുടെ ഉജ്വലമായ സമുദ്രശക്തി പ്രദർശിപ്പിക്കും. ഹോക്സ് - ഫൈറ്റർ വിമാനങ്ങളുടെ അതിവേഗ നീക്കങ്ങൾ, കോംബാറ്റ് ഫ്രീ ഫാൾ, കര-സമുദ്ര പ്രവർത്തനങ്ങളുടെ സമന്വയം പ്രദർശിപ്പിക്കുന്ന സ്ലിതറിങ് പ്രകടനം, യുദ്ധക്കപ്പലുകളുടെ വെടിയുതിർക്കൽ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. 2025 ഡിസംബർ മൂന്നിനു വൈകിട്ടു ദക്ഷിണ നാവിക കമാൻഡ് ബാൻഡിന്റെ പരമ്പരാഗത ബീറ്റിങ് റിട്രീറ്റ് ചടങ്ങോടെ സമാപിക്കുന്ന പരിപാടി, നിരവധി ദൃശ്യവിസ്മയങ്ങളും തീരത്തു കാഴ്ചവയ്ക്കും. സീ കേഡറ്റ് കോർപ്സ് അവതരിപ്പിക്കുന്ന ആകർഷകമായ കണ്ടിന്യൂയിറ്റി ഡ്രിൽ, ഹോൺപൈപ്പ് നൃത്തം, കരിമരുന്നു പ്രയോഗം എന്നിവ പരിപാടിയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റും. ഉജ്വലമായ ഈ പരിപാടി നാവികസേനയുടെ പ്രവർത്തനശേഷികൾ പ്രദർശിപ്പിക്കുക മാത്രമല്ല, കേരള സംസ്ഥാനത്തിനും ഇന്ത്യൻ നാവികസേനയ്ക്കുമിടയിൽ ആഴത്തിൽ വേരൂന്നിയ സമുദ്രബന്ധം അടിവരയിടുകയും ചെയ്യും.

‘പോരാട്ടത്തിനു സജ്ജം; ഒത്തുചേർന്ന്, സ്വയംപര്യാപ്തമായി, വികസിത-സമൃദ്ധ ഭാരതത്തിനായി സമുദ്രങ്ങൾ സംരക്ഷിക്കൽ’ എന്ന സന്ദേശത്തോടെ, ഇന്ത്യൻ നാവികസേനയുടെ അജയ്യമായ മനോഭാവവും കാതലായ ശക്തിയും ഉയർത്തിക്കാട്ടുക എന്നതാണ് Op Demo ലക്ഷ്യമിടുന്നത്. സ്വയംപര്യാപ്ത ഇന്ത്യയെ അഭിമാനത്തോടെ അടയാളപ്പെടുത്തുന്ന അത്യാധുനിക തദ്ദേശീയ പ്ലാറ്റ്‌ഫോമുകളുടെ സമുദ്രമികവും ഈ പ്രകടനം എടുത്തുകാട്ടും. ‘ഓപ്പറേഷൻ സിന്ദൂറി’ൽ അടുത്തിടെ പ്രകടമാക്കിയതുപോലെ, നാവികസേനയുടെ ഉയർന്ന പ്രവർത്തനസന്നദ്ധതയും പ്രതിരോധ നിലപാടും ഈ പ്രദർശനം പ്രതിഫലിപ്പിക്കും. ‘മഹാസാഗർ’ (മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി) ദേശീയ സമുദ്ര കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവായി, ഇന്ത്യൻ നാവികസേന ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിശ്വസ്ത സുരക്ഷാപങ്കാളിയായി തുടരുന്നു. കടൽപ്പാതകളുടെയും സമുദ്രത്തിലെ പൊതുഇടങ്ങളുടെയും നിർണായക വ്യാപാര പാതകളുടെയും സുരക്ഷ സേന ഉറപ്പാക്കുന്നു.

ശംഖുംമുഖം തീരത്തെ Op Demo 2025-ന്റെ തത്സമയ സംപ്രേക്ഷണം ദൂരദർശൻ ചാനലുകളിൽ കാണാം. ഇന്ത്യൻ നാവികസേനയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. പരിപാടിയുടെ ഒരുക്കവും റിഹേഴ്സലും പൂർണതോതിൽ പുരോഗമിക്കുകയാണ്.

***

NK


(रिलीज़ आईडी: 2197973) आगंतुक पटल : 39
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी