രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വജ്രജൂബിലി ആഘോഷ സമാപനച്ചടങ്ങിൽ സന്നിഹിതയായി
പോസ്റ്റഡ് ഓണ്‍:
28 NOV 2025 6:07PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 നവംബർ 28) ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുത്തു. അതിൻ്റെ 19-ാമത് ദേശീയ ജാംബോറിയെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.
കഴിഞ്ഞ 75 വർഷകാലമായി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യത്തെ യുവാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും രാഷ്ട്രനിർമ്മാണത്തിൽ സജീവ പങ്കാളികളാകാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സേവന മനോഭാവമാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ഏറ്റവും വലിയ ശക്തിയെന്ന് അവർ അടിവരയിട്ടു. പ്രളയം, ഭൂകമ്പം, മഹാമാരി തുടങ്ങിയ ഏത് ദുരന്തസാഹചര്യങ്ങളിലും സഹായവുമായി അവർ മുന്നിലുണ്ട്. ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സംഘടനയുടെ മറ്റൊരു മുഖമുദ്ര. യുവാക്കളെ ശാക്തീകരിക്കുകയും അവരെ സഹാനുഭൂതിയുള്ളവരും, രാജ്യത്തിൻ്റെ ഭാവിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരുമാക്കിയതിന് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ അവർ അഭിനന്ദിച്ചു.
രാജ്യത്ത് 63 ലക്ഷത്തിലധികം പേർ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലൂടെ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ലോകത്തിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി മാറിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. 24 ലക്ഷത്തിലധികം പെൺകുട്ടികൾ ഈ സംഘടനയുമായി ബന്ധപ്പെടുന്നുണ്ട് എന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. അച്ചടക്കം, സമർപ്പണം, സമൂഹത്തിൻ്റെയും മാനവികതയുടെയും ക്ഷേമം എന്നിവയുടെ പാത തിരഞ്ഞെടുത്തതിന് എല്ലാ പെൺകുട്ടികളെയും രാഷ്ട്രപതി അഭിനന്ദിച്ചു.
'ജാഗരൂകരായിരിക്കുക' എന്നതാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മുദ്രാവാക്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഭാവിയിൽ ഉണ്ടാകാവുന്ന ഏതുതരം വെല്ലുവിളികളെയും നേരിടാൻ തയ്യാറായിരിക്കണം എന്നതാണ് ഇതിൻ്റെ സന്ദേശം. ഏത് വെല്ലുവിളിയെയും മടികൂടാതെ, ദൃഢനിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാനുള്ള കഴിവ് വികസിപ്പിക്കാൻ അവർ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിനെ ഉപദേശിച്ചു. സാങ്കേതിക വൈദഗ്ധ്യം, ആശയ വിനിമയക്ഷമത, സംഘസംയോജനം, പ്രശ്നപരിഹാര മികവ്, നേതൃഗുണം തുടങ്ങിയവ ഇവരുടെ ജീവിതത്തെ ഏറെ സഹായിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ ഭാവിയുടെ ശിൽപികളും മഹത്തായ സാംസ്കാരിക-നാഗരിക പാരമ്പര്യങ്ങളുടെ സംരക്ഷകരുമാണ് രാജ്യത്തെ യുവതയെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു വിളക്കിൻ്റെ തിരിനാളം മറ്റ് നിരവധി വിളക്കുകൾ കത്തിക്കുന്നതുപോലെ ശക്തിയും സംവേദനക്ഷമതയുമുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരെ ശാക്തീകരിക്കാനും ബോധവൽക്കരിക്കാനും കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു. അതിനാൽ രാജ്യത്തിൻ്റെ ക്ഷേമത്തിനായി യുവാക്കൾ സ്വയം സമർപ്പിക്കുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.
IUZC.jpeg)
(1)ZRCH.jpeg)
GTMC.jpeg)
(1)XP0H.jpeg)
****
( റിലീസ് ഐ.ഡി: 2196112)
സന്ദര്‍ശക കൗണ്ടര്‍ : 34