രാഷ്ട്രപതിയുടെ കാര്യാലയം
ലക്‌നൗവിൽ 'ബ്രഹ്മകുമാരിസ്' 2025-26 ലെ വാർഷിക പ്രമേയമായ 'ധ്യാനം- ലോക ഐക്യത്തിനും വിശ്വാസത്തിനുമായി ' എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
28 NOV 2025 2:14PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ലക്‌നൗവിൽ 2025 നവംബർ 28 ന് നടന്ന ബ്രഹ്മകുമാരിസ് 2025-26 വർഷത്തെ വാർഷിക പ്രമേയമായ 'ധ്യാനം- ലോക ഐക്യത്തിനും വിശ്വാസത്തിനുമായി' എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
ആധുനിക കാലത്ത്, ശാസ്ത്ര സാങ്കേതിക വിദ്യയുടെ ശക്തിയിൽ, മാനവികത അഭൂതപൂർവമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇന്ന് വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഡിജിറ്റൽ പരിവർത്തനം, ബഹിരാകാശ പര്യവേക്ഷണം എന്നിവയുടെ യുഗമാണ്. ഈ വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യജീവിതത്തെ കൂടുതൽ സൗകര്യപ്രദവും, സംവേദനക്ഷമവും വിഭവസമൃദ്ധവുമാക്കിയിരിക്കുന്നു. ഇന്നത്തെ മനുഷ്യർ മുമ്പെന്നത്തേക്കാളും കൂടുതൽ വിദ്യാസമ്പന്നരും, സാങ്കേതികമായി പരിജ്ഞാനമുള്ളവരും നിരവധി അവസരങ്ങളുള്ളവരുമാണ്. എന്നിരുന്നാലും, സമൂഹത്തിൽ സാങ്കേതിക പുരോഗതിക്കൊപ്പം, സമ്മർദ്ദം, മാനസിക അരക്ഷിതാവസ്ഥ, അവിശ്വാസം, ഏകാന്തത എന്നിവയും ഉണ്ട്. ഈ സാഹചര്യത്തിൽ, നാം മുന്നോട്ട് പോകുക മാത്രമല്ല, ആത്മപരിശോധന നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു നിമിഷം നിർത്തി നമ്മളുമായി സ്വയം ആശയവിനിമയം നടത്തുമ്പോൾ, സമാധാനവും സന്തോഷവും ഒരു ബാഹ്യ വസ്തുവിലല്ല, മറിച്ച് നമ്മുടെ ഉള്ളിൽ തന്നെയാണെന്ന് നമുക്ക് മനസ്സിലാകും. ആത്മീയ ബോധമുണ്ടാകുമ്പോൾ സ്നേഹം, സാഹോദര്യം, അനുകമ്പ, ഐക്യം എന്നിവ സ്വയമേവ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. ശാന്തമായ ഒരു മനസ്സ് സമൂഹത്തിൽ സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കുന്നു, അവിടെ നിന്നാണ് ലോകസമാധാനത്തിന്റെയും ഐക്യത്തിന്റെയും അടിത്തറ സൃഷ്ടിക്കപ്പെടുന്നത്. ആഗോള ഐക്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനുള്ള ഘടകമാണ് സമാധാനമുള്ള വ്യക്തികളെന്നും അവർ പറഞ്ഞു.
ലോകസമാധാനം, മാനുഷിക മൂല്യങ്ങൾ, സ്ത്രീ ശാക്തീകരണം, ആത്മീയ ഉണർവ്, വിദ്യാഭ്യാസം, ധ്യാനം എന്നീ മേഖലകളിൽ ബ്രഹ്മകുമാരിസ് നടത്തുന്ന പ്രചോദനാത്മകമായ ശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. ഐക്യവും സമാധാനവും വിശ്വസനീയവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ഈ സംഘടനയിലെ എല്ലാ സഹോദരി സഹോദരന്മാരും തുടർന്നും ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
SKY
****
(रिलीज़ आईडी: 2195856)
आगंतुक पटल : 5